ജിഷ വധം അട്ടിമറിക്കാൻ പുതിയ കഥ ; കൊന്നത് അമീർ അല്ലെന്ന് ബദർ

പൊലീസിന് കിട്ടാൻ സാധ്യതയില്ലാത്ത ഒരാളെ മുൻ നിർത്തി അമീർ ഉൽ ഇസ്ളാമിന് വേണ്ടി ചിലർ രംഗത്ത്.
കേസ് അട്ടിമറിക്കാൻ നടത്തുന്ന പ്രതിഭാഗത്തിന്റെ ശ്രമങ്ങൾക്ക് മാധ്യമങ്ങൾ കൂട്ടു നിൽക്കുകയാണെന്നും നിയമ വിദഗ്ദ്ധർ വിലയിരുത്തുന്നു. പ്രതിയുടെ സഹോദരനെ മാധ്യമങ്ങളിലൂടെ ബ്രേക്കിംഗ് ന്യൂസ് ആക്കിയാണ് ശ്രമങ്ങളുടെ തുടക്കം.
ജിഷയെ കൊല്ലപ്പെടുത്തിയത് അമീർ അല്ലെന്ന് അമീറിന്റെ സഹോദരൻ ബദർ-ഉൽ-ഇസ്ലാമിനെ കൊണ്ട് ചില ചാനലുകളിലൂടെ പറയിപ്പിച്ച് കേസിന് പുതിയ ദിശ സൃഷ്ടിക്കാനാണ് ശ്രമം. താൻ നിരപരാധി ആണെന്ന് അമീർ തന്നോട് പറഞ്ഞതായും, ജയിലിൽ വെച്ച് കണ്ടപ്പോൾ ഇക്കാര്യം ആവർത്തിച്ചതായും ബദർ ചാനലുകളിലൂടെ പറയുന്നു.
അമീറിന്റെ സുഹൃത്ത് അനാറാണ് ജിഷയെ കൊന്നത് എന്നാണ് അമീർ ബദറിനോട് പറഞ്ഞത്. അമീറിന് ജിഷയെ മുൻപരിചയം ഇല്ലെന്നും, എന്നാൽ കൃത്യം ചെയ്യുമ്പോൾ അമീർ കൂടെ ഉണ്ടായിരുന്നുവെന്നും ബദർ പറയുന്നു. അനാറിന് ജിഷയോടും കുടുംബത്തോടും വൈരാഗ്യം ഉണ്ടായിരുന്നുവെന്നും ബദർ കൂട്ടിച്ചേർത്തു.
എന്നാൽ ബദറിൻറെ ഈ വെളിപ്പെടുത്തൽ കേസിന്റെ സുഗമമായ നടത്തിപ്പിന് പുകമറ സൃഷ്ടിക്കാൻ മാത്രമേ ഉതകൂ എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അമീർ കുറ്റവാളി അല്ല എന്ന് വരുത്താൻ ഈ ബ്രേക്കിംഗ് ന്യൂസിന് കഴിയില്ല. കാരണങ്ങൾ നിരവധിയാണ്.
1. സ്വന്തം സഹോദരൻ കൊലയാളി ആണെന്ന് ആരും പറയില്ല.
2. ബദർ സംഭവത്തിന് ദൃക്സാക്ഷി അല്ല.
3. അനാറിനെ കുറിച്ച് വിവരം നല്കാൻ ബദറിന് കഴിയുന്നുമില്ല.
4. അമീർ കുറ്റവാളി ആണെന്ന് രണ്ട് അന്വേഷണ സംഘങ്ങൾക്കും ഒരു പോലെ ഉറപ്പായിരുന്നു.
5. അടുത്ത ബന്ധുക്കളായാലും സുഹൃത്തുക്കൾ ആയാലും തെളിവുകൾ ആണ് വാക്കുകളേക്കാൾ പ്രധാനം.
6. ബദറിൻറെ മാധ്യമങ്ങൾക്ക് മുന്നിലുള്ള പുതിയ വെളിപ്പെടുത്തലുകൾ രാജ്യത്തു നിലവിലുള്ള ഏതെങ്കിലും ഒരു നിയമത്തിനു മുന്നിൽ സാധുത ഉള്ളതല്ല.
ജിഷ വധത്തിൽ ബദറിനെ പിടിച്ചു നിർത്തിയുള്ള പുതിയ മാധ്യമ വിചാരണ ആർക്കു വേണ്ടിയാണെന്ന വിവരം മാത്രമാണ് ഇനി പുറത്തു വരേണ്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here