മരുന്ന് ഉപയോഗത്തിൽ പുതിയ വിവാദം; രോഗികൾ കബളിപ്പിക്കപ്പെടുന്നുവെന്ന് ഡോക്ടർമാർ

മരുന്ന് ഉപയോഗത്തിൽ പുതിയ വിവാദം മുറുകുന്നു. മരുന്നുകളുടെ ഉപയോഗം കുറയ്ക്കണമെന്നും മരുന്നുകൾവേണ്ട പകരം വെള്ളം മാത്രം മതിയെന്നും ആഹ്വാനം ചെയ്തുകൊണ്ടുള്ള ഒരു ഓഡിയോ കുറച്ചുനാളുകളായി സോഷ്യൽ മീഡിയയിൽ വൈറലാണ്.

കൊളസ്‌ട്രോളിനും, രക്തസമ്മർദത്തിനും , ഹൃദ്രോഗത്തിനും, ഔഷധങ്ങൾ ഉപയോഗിക്കരുതെന്ന് ആഹ്വാനം ചെയ്യുന്ന ഓഡിയോയിൽ പ്രമേഹത്തിന് രണ്ടുനേരം ഇൻസുലിൻ എടുക്കരുതെന്നും ഇത് പാൻക്രിയാസിന്റെ പ്രവർത്തനം നിലയ്ക്കാൻ കാരണമാകുമെന്നും പറയുന്നു.

മരുന്ന് കമ്പനിക്കാരുടെ ഏജന്റുമാരായ ഡോക്ടർമാർ പറയുന്നത് കേൾക്കരുത്, കോമൺസെൻസ് ഉപയോഗിച്ച് തീരുമാനിച്ചു വേണം മരുന്ന് കഴിക്കേണ്ടെതെന്നും ഇയാൾ പറയുന്നു.

പ്രഷർ കുറയാൻ മരുന്ന് കഴിച്ചാൽ ഹൃദയത്തിൻറെ രക്തയോട്ടം കുറയുമെന്നും ഈ വ്യക്തിയ്ക്ക് സൈലന്റ് ആറ്റാക്കോ സ്‌ട്രോക്കോ ഉണ്ടാകും എന്നിങ്ങനെ മരുന്നു കഴിക്കുന്നതിനെ ശക്തമായി എതിർക്കുകയാണ് ഈ ഓഡിയോ.

അതേ സമയം ഈ അജ്ഞാത ഓഡിയോ സന്ദേശത്തിനെതിരെ കേരളത്തിലെ ഡോക്ടർമാർ രംഗത്തെത്തിയിരിക്കുകയാണ്. ആരെന്നോ എവിടെനിന്നെന്നോ എന്ത് ആധികാരികതയാണുള്ളത് എന്നോ അറിയാത്ത ഈ ഓഡിയോ ആളുകളെ തെറ്റിദ്ധരിപ്പിക്കാനും ലക്ഷകണക്കിന് പുത്തൻ രോഗികളെ സൃഷ്ടിക്കുവാനുമാണ് ശ്രമിക്കുന്നതെന്ന് ഡോ ജ്യോതിദേവ് കേശവ്‌ദേവ് ആരോപിച്ചു.

‘നീന്താനൊന്നുമറിയണ്ട; നടുക്കടലിൽ ചാടി നോക്കൂ, ഒന്നും സംഭവിക്കില്ല’ എന്നതിനു തുല്യമാണ് രോഗത്തെക്കുറിച്ചുളള ഈ ഭ്രാന്തൻ വ്യാജൻറെ ജല്പനങ്ങൾ – ഡോ. ജ്യോതിദേവ് കേശവദേവ്

അമേരിക്കയിലെ ഒരു ഡോക്ടർ എന്ന വാദവുമായി പ്രചരിക്കുന്ന ഈ ഓഡിയോ നിഷ്‌ക്കളങ്കരായ മലയാളികളെ ക്രൂരമായി ചതിക്കുവാനുളള മറ്റൊരടവാണെന്നും ഇങ്ങനെ ഒരു ഡോക്ടർ ഇല്ലെന്നുമാണ് ജ്യോതിദേവ് പറയുന്നത്.

ആരോഗ്യരംഗത്തെ ദുഷ്പ്രചരണങ്ങളുടെ തുടർച്ചയെന്നവണ്ണം ലക്ഷകണക്കിന് പുത്തൻ രോഗികളെ സൃഷ്ടിക്കുവാനുളള ഈ ആസൂത്രിത നീക്കത്തിനെതിരെ പൊതുപ്രവർത്തകരും, നിയമപാലകരും, മാധ്യമ സുഹൃത്തുക്കളും അണിനിരക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു.

medicinal usage makes confusion.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top