പഴകിയ ആഹാരം; ഷാഹുൽ മരിക്കാറിന്റെ ഹോട്ടൽ അറേബ്യൻ നൈറ്റ്‌സ് പൂട്ടിച്ചു

arabian-nights

എറണാകുളത്ത് കലൂർ കതൃക്കടവ് റോഡിൽ പ്രവർത്തിക്കുന്ന അറേബ്യൻ നൈറ്റ്‌സിൽ വിളമ്പിയിരുന്നത് ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണ പദാർത്ഥങ്ങളെന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ.

ഹോട്ടലിൽ നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ അടുക്കളയിൽനിന്ന് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ കണ്ടെത്തി. തുടർന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷ്ണറുടെ നിർദ്ദേശ പ്രകാരം റസ്‌റ്റോറന്റും അനുബന്ധമായി പ്രവർത്തിച്ച ഭക്ഷണശാലയും പൂട്ടി ഉദ്യോഗസ്ഥർ സീൽ ചെയ്തു.

പ്രമുഖ ചലച്ചിത്ര നിർമ്മാതാക്കളായ മരിക്കാർ ഫിലിംസിലെ ഷാഹുൽ മരിക്കാറുടുടെ ഉടമസ്ഥതയിലുള്ളതാണ് അറേബ്യൻ നൈറ്റ്‌സ്. മദ്യം വിളമ്പുന്നുവെന്ന സംശയത്തെ തുടർന്ന് നാട്ടുകാർ വിളിച്ചുവരുത്തിയതായിരുന്നു ഉദ്യോഗസ്ഥരെ. എന്നാൽ പരിശോധനയിൽ ലഭിച്ചത് അതീവ ഗുരുതര രോഗങ്ങൾക്ക് വരെ കാരണമാകാവുന്ന ഭക്ഷണ പദാർത്ഥങ്ങൾ.

ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയപ്പോൾ അടുക്കളയിൽ മാലിന്യങ്ങൾ കുന്നുകൂടി കിടക്കുകയായിരുന്നു. മാലിന്യക്കൂമ്പാരത്തിൽവെച്ച് തന്നെയാണ് ആഹാര സാധനങ്ങൾ നുറുക്കിയെടുക്കുന്നത്. അടുക്കളയിൽനിന്ന് ഇറച്ചിയും ചോരയും അളിഞ്ഞ് ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു. ഫ്രീസറുകളിൽ ഭക്ഷണവും മാംസവും ഒരുമിച്ച് കുത്തി നിറച്ചിരിക്കുകയായിരുന്നു.

ശനിയാഴ്ചയാണ് നോർത്ത് സി ഐ ടി.ബി. വിജയന്റെ നേതൃത്വത്തിൽ സംഘം പരിശോധന നടത്തിയത്. അഞ്ച് മാസം മുമ്പ് ഇവിടെ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തി നോട്ടീസ് നൽകിയിരുന്നു. എന്നാൽ അന്ന് നൽകിയ നിർദ്ദേശങ്ങളൊന്നും ഇതുവരെയും പാലിച്ചിരുന്നില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top