ക്യാൻസർ ചികിത്സ; വേണ്ടത് സാന്ത്വനവും പരിചരണവും

pallium-india

ക്യാൻസർ പോലൊരു രോഗം അതിന്റെ അവസാന ഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ രോഗിയ്ക്ക് വേണ്ടത് സാന്ത്വനവും സ്‌നേഹത്തോടെയുള്ള പരിചരണവുമാണ്. വേദനയുടെ ലോകത്ത് ജീവിക്കേണ്ടി വരുന്ന നാളുകളിൽ വേദന സംഹാരികൾ പോലും പ്രയോജനകരമല്ലാതാകുന്ന നിമിഷങ്ങളിൽ സാന്ത്വനംകൊണ്ടും സ്‌നേഹ സമീപനംകൊണ്ടും രോഗകാലത്തെ ലളിതമാക്കാവുന്നതാണ്.

ക്യാൻസർ രോഗിയായ ഭാര്യയ്ക്ക് ലഭിച്ച സാന്ത്വനവും പരിചരണവും ഓർമ്മിക്കുകയാണ് സർക്കാർ ഉദ്യോഗസ്ഥനായിരുന്ന കെ. ശിവപ്രസാദ്. ഭാര്യ സുജാതയ്ക്ക് ഗർഭാശയത്തെയാണ് ക്യാൻസർ ബാധിച്ചത്. അവസാന ഘട്ടത്തിൽ മാത്രമാണ് ഇത് തിരിച്ചറിഞ്ഞത് എന്നതുകൊണ്ടുതന്നെ വേദന കുറയ്ക്കാനുള്ള മരുന്നുകൾ മാത്രമായിരുന്നു സുജാതയ്ക്ക് നൽകാനുണ്ടായിരുന്നത്. മോർഫിൻ പോലുള്ള വേദന സംഹാരികളെ ഭയത്തോടെ നോക്കി നിന്ന അവർക്ക് മുന്നിൽ തുറക്കപ്പെട്ട വാതിലായിരുന്നു പാലിയം ഇന്ത്യ.

പരിചരണങ്ങൾക്ക് ഒരിക്കലും വീഴ്ച വരുത്താതെ അവസാന നിമിഷം വരെയും കൂടെ നിന്ന തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാലിയം ഇന്ത്യ, പാലിയേറ്റീവ് കെയർ യൂണിറ്റ് സുജാതയ്ക്കും അതിലുപരി ശിവപ്രസാദിനും താങ്ങും തണലുമായത് വളരെ പെട്ടന്നായിരുന്നു. സാന്ത്വന ചികിത്സ വേണ്ടത് തനിക്കായിരുന്നുവെന്നാണ് ശിവ പ്രസാദ് പറയുന്നത്.

തന്റെ വേദനയിൽ താങ്ങായി നിന്ന പാലിയം ഇന്ത്യയിലേക്ക് ശിവപ്രസാദ് എഴുതിയ കത്ത്;

കുടുംബത്തോടെ ഒരു ദീർഘയാത്ര കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയ സമയം. (യാത്രയും സ്ഥലംകാണലും എന്നും ഞങ്ങൾക്ക് ഒരാവേശമായിരുന്നു.) എൻറെ ഭാര്യയ്ക്ക് മിനിട്ടുകൾക്കിടവിട്ട് മൂത്രം ഒഴിക്കാൻ തോന്നുന്നു. ഒട്ടും താമസിക്കാതെ നഗരത്തിലെ അറിയപ്പെടുന്ന ആശുപത്രിയിലെത്തി. എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ സ്ഥിരം പോകുന്ന ആശുപത്രിയാണ്. സാധാരണയുള്ള പരിശോധനയും ടെസ്റ്റുകൾക്കും പുറമേ മറ്റൊരു ടെസ്റ്റ് കൂടി ചെയ്തു. വീണത് ബോംബ്! തലയ്ക്കു തന്നെ. മനുഷ്യർ ഭയക്കുന്ന വില്ലനാണ് രോഗം.

അവിടെ നിന്നു പോയത് വില്ലനെ തറപറ്റിക്കാൻ കഴിയുന്ന ആശുപത്രിയിലേക്ക്. അവിടത്തെ പരിശോധനകൾ കഴിഞ്ഞു കിട്ടിയ ഫലം ദേഹം മാത്രമല്ല, മനസ്സും തളർത്തി. തേർഡ് സ്റ്റേജ്. ഡോക്ടർ കുറിച്ചു തന്ന ചികിത്സാപദ്ധതി മനസ്സിലാക്കിയ അവൾ ആ ചികിത്സ വേണ്ടെന്നു തീർത്ത് പ്രഖ്യാപിച്ചു. എന്നും ഗൃഹവൈദ്യം, ആയുർവേദം, പ്രകൃതിചികിത്സ എന്നിവയിൽ ഉറച്ചു വിശ്വസിച്ചിരുന്നു അവൾ. അങ്ങനെ മുന്നോട്ടു പോകവേ അടുത്ത വിന. മൂത്രതടസം. അതിൻറെ ചികിത്സക്കിടയിൽ ഡോക്ടർ പറഞ്ഞത്, സത്യത്തിനെതിരെ കണ്ണടച്ചിട്ടു കാര്യമില്ല; രോഗം ഗുരുതരാവസ്ഥയിലെത്തി. രോഗി നന്നായി വേദനസഹിക്കുന്നു. അവരുടെ ആത്മധൈര്യം മാത്രമാണ് മുന്നോട്ടു നയിക്കുന്നത്. എത്രയും പെട്ടെന്ന് പാലിയം ഇന്ത്യയുടെയോ മറ്റോ സഹായം തേടുന്നത് നന്ന്.

സാന്ത്വനചികിത്സയെന്നൊക്കെ കേൾക്കുമ്പോൾ ഞാൻ കരുതിയിരുന്നത് മോർഫിൻ പോലുള്ള മരുന്നുകൾ കൊടുത്ത് രോഗിയെ മയക്കിക്കിടത്തുകയെന്നതായിരുന്നു. എങ്കിലും നിലയില്ലാക്കയത്തിൽ പാമ്പും പിടിവള്ളിയാണല്ലോ എന്നു കരുതി അങ്ങോട്ടു തന്നെ പോയി. പാലിയം ഇന്ത്യയിലേയ്ക്കുള്ള വഴി തുറന്നത് എൻറെ സുഹൃത്ത്, പിന്നീട് ഗുരുവും ചേട്ടനുമായി തീർന്ന മാത്തുക്കുട്ടി സാറാണ്. പാലിയം ഇന്ത്യയിലെത്തി, ഡോക്ടറിനെ കണ്ടു സംസാരിക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. അവളെയും കൊണ്ടു വന്നു കാണിച്ചു. അദ്ദേഹം ഈ ചികിത്സയുടെ എല്ലാ വശങ്ങളും പറഞ്ഞു തന്നു. അവളുടെ പേരു വിളിക്കുമ്പോൾ പോലും ഒരു തഴുകിത്തലോടൽ പോലെയായിരുന്നു. ഒപ്പം പാലിയം ഇന്ത്യയിലെ നഴ്‌സ് സഹോദരിമാരുടെ ഫോൺ നമ്പരുകൾ, അദ്ദേഹത്തിൻറെ നമ്പർ എല്ലാം തന്നു. ഏതു സമയത്തു വിളിച്ചാലും ഉടൻ എടുക്കും, മറുപടിയും ലഭിക്കും. പാലിയം ഇന്ത്യയുടെ ഹോം വിസിറ്റ് ടീം ഭവനസന്ദർശനത്തിനു വരും. പിന്നെ ഒന്നുരണ്ടു പ്രാവശ്യം കിടത്തിച്ചികിത്സ. വേണ്ട മരുന്നുകൾ കഴിയുന്നതും സൗജന്യം. എന്താശ്വാസം. അങ്ങിനെ, അവൾ വേദനയില്ലാലോകത്തേക്കു പോയി.

പറഞ്ഞുവന്നത് ഇതാണ്. രോഗത്തെപ്പറ്റി നല്ല ധാരണയും എന്തുചെയ്യണമെന്ന വ്യക്തമായ ബോധവും അവൾക്കുണ്ടായിരുന്നു. അത്രയും ആശ്വാസം. പക്ഷേ, ഞാൻ മാനസികമായി തളർന്ന്, ഈ ലോകത്തിൽ ഒറ്റപ്പെട്ട്, ഒന്നിലും ഉറച്ചു നിൽക്കാനാവാതെ ചിന്തകൾക്ക് ഒരവസാനവുമില്ലാതെ, നിരാശയുടെ പടുകുഴിയിൽപ്പെട്ട്… അങ്ങിനെയങ്ങിനെ എന്തൊക്കെയോ ആയിപ്പോയിരുന്നു. ഈ അവസരത്തിൽ സാന്ത്വനം എനിക്കായിരുന്നു വേണ്ടിയിരുന്നത്. അതു കിട്ടി. പാലിയം ഇന്ത്യയോട് നന്ദിയെന്നു പറഞ്ഞാൽ അതു തികച്ചും ഔപചാരികമായിപ്പോകും. അതിനാൽ എനിക്ക്, എൻറെ കുടുംബത്തിൻറെ കടപ്പാട് മറ്റു രീതിയിൽ പാലിയം ഇന്ത്യയോട് ഉണ്ടാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top