ഉത്തർ പ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പ് ചൂടിലേക്ക്

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പ് ചൂടിലേക്ക്. ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളാണ് 2017 ഫഎബ്രുവരി മാർച്ച് മാസങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്.
ഫെബ്രുവരിയിൽ ബജറ്റ് അവതരണമുണ്ടായിരിക്കുന്നതിനാൽ അതിനുശേഷമായിരിക്കും തെരഞ്ഞടുപ്പ് നടക്കുക എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം വ്യക്തമാക്കി.
സമാജ് വാദി പാർട്ടിയിൽ പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ഏറഎ പ്രതീക്ഷയോടെയാണ് ബിജെപി ഉത്തർപ്രദേശിൽ പരിപാടികൾ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 80 സീറ്റുകളിൽ 70 സീറ്റും ബിജെപി നേടിയിരുന്നു. 15 വർഷത്തെ സമാജ്വാദി പാർട്ടി ഭരണത്തെ മറികടന്ന് സംസ്ഥാന ഭരണം സ്വന്തമാക്കാം എന്ന പ്രതീക്ഷയിലാണ് ബിജെപി. എന്നാൽ മായാവതിയുടെ ബിഎസ്പി ഇരു പാർട്ടികൾക്കും വെല്ലുവിളിയാണ്.
പഞ്ചാബിൽ നിലവിൽ ശിരോമണി അകാലി ദളും ബിജെപിയും സംയുക്തമായാണ് ഭരിക്കുന്നത്. എന്നാൽ കോൺഗ്രസ്, ആംആദ്മി പാർട്ടി എന്നിവർ ഉയർത്തുന്ന വെല്ലുവിളികൾ ഏറെ പ്രതിസന്ധി ഉയർത്തുന്നുണ്ട്.
നിലവിൽ പ്രതിസന്ധികളിൽ പെട്ടുഴലുന്ന ഉത്തരാഖണ്ഡ് കോൺഗ്രസ് മന്ത്രിസഭയ്ക്ക് നിയമത്തിന്റെ പിൻബലം ലഭിച്ചത് മാത്രമാണ് പ്രതീക്ഷ. മന്ത്രിസഭയെ അട്ടിമറിക്കാൻ തുടർച്ചയായി ബിജെപി നടത്തിയിരുന്ന ശ്രമങ്ങൾ ഇവിടെ തെരഞ്ഞെടുപ്പിലും കോൺഗ്രസിന് തലവേദനയാകും.
ഗോവയിൽ ബിജെപിയ്ക്ക് ആംആദ്മി പാർട്ടിയെയും കോൺഗ്രസിനെയും പരാജയപ്പെടുത്തണം. സംസ്ഥാനങ്ങളിലെ ഭരണം നഷ്ടപ്പെട്ടുകൊണ്ടിരുക്കുന്ന കോൺഗ്രസ് പാർട്ടിയ്ക്ക് മണിപ്പൂർ ഭരണം നിലനിർത്തേണ്ടത് ആവശ്യമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here