‘ഏഴ് ദിവസത്തിനകം സത്യവാങ്മൂലം ലഭിച്ചില്ലെങ്കില്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതം; രാഹുല്‍ ഗാന്ധി മാപ്പ് പറയണം’; തിരഞ്ഞെടുപ്പ് കമ്മീഷന്‍

രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ട് കൊള്ള ആരോപണവുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പരാമര്‍ശം. ഏഴ് ദിവസത്തിനകം സത്യവാങ്മൂലം ലഭിച്ചില്ലെങ്കില്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നും ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ മാപ്പ് പറയണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ വ്യക്തമാക്കി. രാഹുലിനെതിരെ നിയമ നടപടി സ്വീകരിക്കുമോ എന്ന ചോദ്യത്തിനാണ് പ്രതികരണം.
അതേസമയം, രാഹുല്‍ ഗാന്ധിക്കെതിരെ നടപടിയുണ്ടാകില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഒരു വോട്ടര്‍ക്കെതിരെ പരാതി ലഭിച്ചാല്‍, പരിശോധിക്കും. തെളിവുകളോ സത്യവാങ്മൂലമോ ഇല്ലാതെ 1.5 ലക്ഷം വോട്ടര്‍മാര്‍ക്ക് നോട്ടീസ് അയയ്ക്കണോ? തെളിവുകളില്ലാതെ, സാധുവായ വോട്ടര്‍മാരുടെ പേരുകള്‍ ഒഴിവാക്കില്ല.ഗുരുതരമായ വിഷയത്തില്‍ സത്യവാങ്മൂലം ഇല്ലാതെ നടപടിയെടുക്കാന്‍ കഴിയില്ല – കമ്മീഷന്‍ വ്യക്തമാക്കി.
വോട്ട കൊള്ള എന്ന ആരോപണം ഉന്നയിക്കുന്നത് ഭരണഘടനയെ അവഹേളിക്കുന്നതിന് സമാനമാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നില്‍ എല്ലാവരും തുല്യരാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ പറഞ്ഞു. കേവലം രാഷ്ട്രീയലക്ഷ്യം മാത്രമുള്ള ഇത്തരം ആരോപണങ്ങളെ വോട്ടര്‍മാരോ തിരഞ്ഞെടുപ്പ് കമ്മിഷനോ ഭയപ്പെടുന്നില്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇങ്ങനെ ഓരോന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കുകകയാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുഗമമായാണ് പ്രവര്‍ത്തിക്കുന്നത്. ബിഹാറില്‍ പരാതികള്‍ ഉന്നയിക്കാന്‍ ഇനിയും 15 ദിവസങ്ങള്‍ ഉണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞു.
Story Highlights : Election Commission Press Conference after Rahul Gandhi’s vote chori allegations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here