ഓർമ്മകൾ മരിക്കുമോ ഓളങ്ങൾ നിലക്കുമോ

vayalar-1

പ്രണയവും വിപ്ലവവും ഒരേ തീവ്രതയോടെ രചിച്ച കാലാതീതനായ കവി,
കവിയായ വയലാറിനെക്കാള്‍ ഗാനരചയിതാവായ വയലാറിനെയാണ് മലയാളി ഓര്‍ക്കുന്നത്. ഗാനങ്ങളെ കവിതയോളം മനോഹരമാക്കിയ പ്രിയ കവിയുടെ ഒരു ചരമ ദിനം കൂടി കടന്നു പോകുമ്പോഴും മറക്കാതെ ഇന്നും മലയാളി പാടിക്കൊണ്ടിരിക്കുകയാണ് അദ്ദേഹത്തിന്റെ ഓരോ വരികളും. മനസില്‍ ഗൃഹാതുരത്വം നിറയുമ്പോള്‍ ആ വരികള്‍ മൂളാത്ത മലയാളി ഉണ്ടാകുമോ !

കവിത തുളുമ്പുന്ന ചലച്ചിത്ര ഗാനങ്ങള്‍ ഇതായിരുന്നു മലയാള ചലച്ചിത്ര ഗാന ശാഖയുടെ ആദ്യ ഘട്ടം. കവിയായ വയലാര്‍ തന്റെ പദശേഖരം പൂര്‍ണ്ണമായും വിനിയോഗിച്ചതും ചലച്ചിത്ര ഗാനങ്ങള്‍ക്ക് വേണ്ടിയായിരുന്നു. കവിതകള്‍ വിപ്ലവ വീര്യം പകര്‍ന്നപ്പോള്‍ ഗാനങ്ങള്‍ തേന്‍ പോലെ പ്രണയമൂറുന്നവയായി.

“മൂകമാം നിന്‍ മനോരഥത്തിലെ
മോഹമായിരുന്നെങ്കില്‍ ഞാന്‍
നൃത്ത ലോലനായ് നിത്യവും
നിന്റെ മുഗ്ദ സങ്കല്‍പ്പമാകവേ
വന്നു ചാര്‍ത്തിക്കുമായിരുന്നു
ഞാന്‍ എന്നിലെ പ്രേമ സൗരഭം”

എന്ന് 1968 ല്‍ പുറത്തിറങ്ങിയ യക്ഷി എന്ന ചിത്രത്തിനായി വയലാര്‍ കുറിച്ചു. ദേവരാജന്‍ മാസ്റ്ററിന്റേതായിരുന്നു സംഗീതം. ദേവരാജന്‍ മാസ്റ്ററുടെ സംഗീതത്തില്‍ വയലാര്‍ രചിച്ച ഒരുപിടി ഗാനങ്ങളുണ്ട്. പുതിയ തലമുറയുടെ ചുണ്ടുകളിലും തത്തിക്കളിക്കുന്നവ. വരികളിലെ ആത്മ സമര്‍പ്പണം തൊട്ടറിയുന്നവ. വയലാറിന്റെ കവിതകളെ ഗസലുപോല്‍ മനോഹരമാക്കിയത് ബാബുരാജാണ്. പ്രണയം തുളുമ്പിയിരുന്ന വരികളില്‍ വിരഹവും ദു:ഖവും നിറഞ്ഞത് ഇവരുടെ കൂട്ടുകെട്ടിലാണ്. ദക്ഷിണാമൂര്‍ത്തി, സലില്‍ ചൗധരി ഇങ്ങനെ ആ വരികളെ ഈണമാക്കിയവര്‍ നിരവധി…

“കാട് കറുത്ത കാട്
മനുഷ്യനാദ്യം പിറന്ന് വീട്….” (നീലപെന്‍മാന്‍ – 1975)

“കാളിന്ദീ കാളിന്ദീ കണ്ണന്റെ
പ്രിയ സഖി കാളിന്ദീ
രാസവിലാസിനി രാഗിണി
രാധയെപ്പോലെ നീ ഭാഗ്യവതി” (ചുവന്ന സന്ധ്യകള്‍- 1975)

“സ്വര്‍ഗ്ഗ പുത്രീ നവരാത്രി
സ്വര്‍ണ്ണം പതിച്ച നിന്‍
സ്വര മണ്ഡപത്തിലെ
സോപാന ഗായകനാക്കൂ എന്നെ നീ …” (നിഴലാട്ടം- 1970)

“പെരിയാറെ പെരിയാറെ
പര്‍വ്വത നിരയുടെ പനിനീരെ
കുളിരും കൊണ്ടു കുണുങ്ങി നടക്കും
മലയാളി പെണ്ണാണു നീ… ” (ഭാര്യ -1962)

“ശംഖു പുഷ്പം കണ്ണെഴുതുമ്പോള്‍
ശകുന്ദളേ നിന്നെ ഓര്‍മ്മ വരും…” (ശകുന്തള -1965)

വയലാര്‍ ഒരു ചലച്ചിത്ര ഗാനരചയിതാവ് മാത്രമായിരുന്നില്ല. കവിയും പ്രാസംഗികനും നാടക ഗാനരചയിതാവും ആയിരുന്നു അദ്ദേഹം. ചലച്ചിത്രത്തിലെ പ്രണയവും സൗന്ദര്യവും വിട്ട് കവിതയില്‍ വലയലാര്‍ വരച്ചത് വിപ്ലവങ്ങളാണ്. “കയറു പിരിക്കും തൊഴിലാക്കൊരു കഥയുണ്ടുജ്വല സമര കഥ” എന്ന വയലാര്‍ എഴുതുമ്പോള്‍ കുട്ടനാട്ടിലെ കയര്‍ത്തൊഴിലാളികളുടെ ജീവിതാവസ്ഥയും വീര്യവും വ്യക്തമാകുന്നു. അതേ വയലാര്‍ തന്നെയാണ് സിനിമയ്ക്കായി ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി എന്നും എഴുതിയത്.

“പണ്ടൊരിന്ത്യാക്കാര
നാകാശ ഗംഗയെ
കൊണ്ടുപോയ്
മണ്ണിലൊഴുക്കീ ഭഗീരഥന്‍
നാളെയവന്റെ പിന്‍ഗാമികളീ സുര
ഗോളലക്ഷങ്ങളെയമ്മാനമാടിടും”

എന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട് കവിതയിലൂടെ.

അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചലനം സൃഷ്ടിക്കാന്‍ പോന്നതായിരുന്നു വയലാറിന്റെ ചൈനാവിരുദ്ധ പ്രസംഗം. 1962 ലെ യുദ്ധകാലത്ത്, പാര്‍ട്ടിയിലെ പിളര്‍പ്പിനും മുമ്പ് വയലാറില്‍ നടന്ന രക്ത സാരക്ഷി അനുസ്മര ദിനത്തിലായിരുന്നു ആ പ്രസംഗം. ചൈനയെ അനുകൂലിക്കുന്നവര്‍ “മധുര മനോഹര മനോജ്ഞ ചൈനേ”… എന്നു പാടിയപ്പോള്‍ “ഹോ കുടില കുതന്ത്ര ഭയങ്കര ചൈനേ” എന്ന വയലാര്‍ തിരുത്തി. പുന്നപ്ര-വയലാര്‍ സമരത്തിന്റെ നാട്ടില്‍ ജനിച്ച കവിയ്ക്ക് വിപ്ലവം പേന തുമ്പില്‍ മാത്രമായിരുന്നില്ലെന്ന് ഇതില്‍നിന്ന് തന്നെ വ്യക്തം.

‘പാദമുദ്രകള്‍’ ആണ് പ്രസിദ്ധപ്പെടുത്തിയ ആദ്യ കവിത. പിന്നീട് ‘കൊന്തയും പൂണൂലും’, ‘എനിക്ക് മരണമില്ല’ എന്നിങ്ങനെ നിരവധി കവിതകള്‍. അതിലിരട്ടി ചലച്ചിത്ര ഗാനങ്ങള്‍.വിപ്ലവകാരിയായ വയലാറിന്റെ ഏറ്റവും ശ്രദ്ദേയമായ കവിതയാണ് ആയിഷ. സ്ത്രീയുടെ മോചനം തുല്യ സമത്വത്തിലൂടെ മാത്രമേ സാക്ഷാല്‍ക്കരി ക്കാനാകുവെന്ന് അദ്ദേഹം കവിതയിലൂടെ പറയുന്നു. തന്റേടത്തോടെ ‘ആരൊരാളെന്‍ കുതിരയെ കൊട്ടുവാന്‍’ എന്ന് ചോദിക്കുന്നൂ അശ്വമേധത്തില്‍. ശരിയാണ് അദ്ദേഹത്തിന്റെ കാവ്യശക്തിയെ പിടിച്ചുകൊട്ടാന്‍ ആര്‍ക്ക് സാധിയ്ക്കും. വയലാര്‍ രാമവര്‍മ്മയുടെ വിയോഗം ഒഴിച്ചിട്ട സിംഹാസനം നാല് പതിറ്റാണ്ട്
പിന്നിടുമ്പോഴും ഒഴിഞ്ഞുതന്നെ കിടക്കുകയാണ്.

Vayalar Rama Varma

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top