Advertisement

വേദനയിലും പുഞ്ചിരിക്കുന്നവർക്കായി

October 29, 2016
Google News 0 minutes Read
pallium-india-1

തിരുവനന്തപുരം, മുരുക്കുംപുഴയിലെ പാലിയം ഇന്ത്യ ക്ലിനിക്കിനിലേക്ക് പഠനത്തിനായി എല്ലാ വർഷവും ഇന്ത്യയ്ക്ക് പുറത്തുനിന്ന് നിരവധി പേർ എത്താറുണ്ട്. 2015ൽ മുരുക്കുംപുഴയിലേക്ക് എത്തിയ ഡോ ആൻ ബ്രോഡറിക്കും സുഹൃത്തുക്കളും പുത്തൻ അനുഭവങ്ങളുമായാണ് പാലിയത്തിൽനിന്ന് പടിയിറങ്ങിയത്.

അമേരിക്കയിലെ ഐവ യൂണിവേഴ്‌സിറ്റി(കീംമ ഡിശ്‌ലൃരശ്യേ)യിൽ പ്രൊഫസറാണ് ആൻ ബ്രോഡറിക്ക്. മൂന്നാഴ്ചയിൽ മുരുക്കുംപുഴയിലെ നിവാസികളുമായി ഇടപഴകിയതിന്റെ അനുഭവങ്ങൾ ആൻ പങ്കുവെക്കുന്നു…

പള്ളിയിൽ വാങ്കു വിളിയ്ക്കുന്ന നേരം. രണ്ടാമത്തെ നിലയിലെ പൊതു വായനശാലയിൽ കുറെ ആളുകൾ ഒത്തുകൂടി. വർത്തമാനത്തിന്റെ കശപിശ ശബ്ദം. അന്ന് ബുധനാഴ്ചയാണ്. മുരുക്കുംപുഴയിൽ പാലിയം ഇന്ത്യയുടെ ഔട്ട്‌പേഷ്യൻറ് ക്ലിനിക്ക് പ്രവർത്തിക്കുന്ന ദിവസം. പടി കയറി വരാൻ സാധിക്കുന്നവർ മുകളിലെത്തി. അവർക്കിവിടെ അവരുടെ സാമൂഹിക പ്രശ്‌നങ്ങളുടെയും രോഗലക്ഷണങ്ങളുടെയും അവലോകനം, ആവശ്യമായ മരുന്നുകൾ എന്നിവ ലഭിക്കും.

ആരോഗ്യവതിമാരായ കുറെ സ്ത്രീകൾ വന്നിട്ടുണ്ട്. ഓരോരുത്തരുടെയും അച്ഛൻ അല്ലെങ്കിൽ ഭർത്താവ് നാട്ടിൽ വച്ചോ ഗൾഫിൽ വച്ചോ അപകടത്തിൽപ്പെട്ടവരാണ്. അല്ലെങ്കിൽ പക്ഷാഘാതം വന്ന് ശരീരത്തിൻറെ ഭാഗം തളർന്നവർ. അവർക്കു ക്ലിനിക്കിലേക്ക് വരാൻ സാധിക്കുകയില്ല. അവർക്കു വേണ്ടി ഈ സ്ത്രീകൾ വന്നു കാര്യങ്ങൾ പറഞ്ഞ് മരുന്നു കൊണ്ടുപോകുന്നു. മാത്രമല്ല, അവർക്കു തമ്മിൽ സംസാരിക്കാനും അവരുടെ മനസ്സിൻറെ ഭാരം കുറയ്ക്കാനും കൂടി ഈ ക്ലിനിക്ക് പ്രയോജനപ്പെടുന്നു.

pallium-india-2മുരുക്കുംപുഴയിലെ ക്ലിനിക്കിലെ ഒരു പ്രധാന വ്യക്തിയാണ് വോളൻറിയർ ഫ്രാൻസിസ് ഏർണസ്റ്റ്. രോഗികളോടും കുടുംബങ്ങളോടും കാര്യങ്ങൾ അന്വേഷിച്ചും, മൊബൈൽ ഫോണിൽ സംസാരിച്ചും അദ്ദേഹം തിരക്കിട്ട് ഓടി നടക്കുന്നു. എട്ടു വർഷം മുൻപ് അദ്ദേഹം സർക്കാർ ഉദ്യോഗത്തിൽ നിന്ന് വിരമിച്ചതാണ്. സമൂഹത്തിലെ ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കാനായി ഒരു കൂട്ടായ്മയുടെ ആവശ്യകതയെപ്പറ്റി അദ്ദേഹം മനസ്സിലാക്കി. പാലിയം ഇന്ത്യയുമായി ബന്ധപ്പെട്ടു. 20 പേർക്ക് വോളൻറിയർ ട്രെയിനിംഗ് നൽകാൻ ധാരണയായി. ഈ വോളൻറിയർമാരാണ് രോഗികളുടെ കാര്യങ്ങൾ നോക്കുന്ന കേസ് ഓഫീസർമാർ. അവരവരുടെ സ്ഥലങ്ങളിലെ രോഗികളെ കണ്ടെത്തുക, അവർക്കു വേണ്ട സഹായം ചെയ്യുക, ക്ലിനിക്കിൽ വന്നു കണ്ടിട്ടു പോയ രോഗികൾക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ചെയ്തു കൊടുക്കുക, എന്നിങ്ങനെ പലതാണ് ഈ വോളൻറിയർമാരുടെ ജോലി.

ഫ്രാൻസിസ് ഏർണസ്റ്റിൻറെയും പട്രീഷ്യ പോളിന്റെയും നേതൃത്വത്തിൽ ഈ 20 വോളൻറിയർമാരും ചേർന്നു തുടങ്ങിയതാണ് മുരുക്കുംപുഴയിലെ സ്‌നേഹ പാലിയേറ്റീവ് കെയർ സൊസൈറ്റി. എട്ടു വർഷത്തിനു ശേഷം, ആദ്യത്തെ വോളൻറിയർമാരിൽ നാലഞ്ചു പേർ ഇപ്പോഴും സജീവമായിത്തന്നെ പ്രവർത്തിക്കുന്നു.

അന്നു കണ്ട പല രോഗികളിൽ ഒരാൾ മനസ്സിൽ തന്നെ തങ്ങി നിൽക്കുന്നു. ഡോക്ടറെ കാണാൻ മകളോടൊപ്പം വന്ന അദ്ദേഹം നിശബ്ദനായി തൻറെ ഊഴം കാത്തിരിക്കുന്നതു കണ്ടു. അദ്ദേഹത്തിനു മോട്ടോർ ന്യൂറോൺ ഡിസീസ് ആണ്. അദ്ദേഹം എങ്ങനെ പടികൾ കയറി വന്നു എന്ന് ഞാൻ ആശ്ചര്യപ്പെട്ടു. നേഴ്‌സായ മകളാണ് കാര്യങ്ങൾ ഡോക്ടറോട് വിശദീകരിച്ചത്. ഭക്ഷണം ഇറക്കാൻ അദ്ദേഹത്തിനു പ്രയാസമുണ്ട്. മൂക്കിലൂടെ ചിലപ്പോൾ പുറത്തു വരുന്നുമുണ്ട്. ഇടയ്ക്കിടെ ശ്വാസംമുട്ടലുണ്ട്. വിരലുകൾ ചുരുങ്ങുന്നതു കാരണം കഠിന വേദനയുണ്ട്. കേട്ടു നിന്നവർക്കും രോഗിക്കും അറിയാം രോഗം ദിനംപ്രതി വഷളായിക്കൊണ്ടിരി ക്കുകയാണെന്ന്. അദ്ദേഹത്തിൻറെ മുഖത്ത് ഭാവമാറ്റമില്ല. പാലിയം ഇന്ത്യയിലെ ഡോക്ടർ വേദനയ്ക്കും ശ്വാസം മുട്ടിനുമുള്ള മരുന്നുകൾ കൊടുത്തു. അച്ഛനും മകളും താഴേയ്ക്കു പടിയിറങ്ങി, പതുക്കെ.

രണ്ടാം നിലയിലെ ജനാലയിൽ നിന്നു ഞാൻ താഴേക്കു നോക്കിയപ്പോൾ അദ്ദേഹം മകളുടെ സ്‌കൂട്ടറിന്റെ പുറകിൽ കയറുന്നതു കണ്ടു. വേദനയുള്ള കൈകൾ മകളുടെ ചുമലിൽ വച്ചുകൊണ്ട് അദ്ദേഹം പിടിച്ചിരുന്നു. ഞാൻ നോക്കി നിൽക്കുന്നത് മനസിലായെന്നപോലെ അവർ പെട്ടെന്ന് മുകളിലേക്കു നോക്കി. ഞാൻ എൻറെ കൈ ഹൃദയത്തിൽ വച്ചു നിൽക്കുകയായിരുന്നു. എൻറെ അത്ഭുതം കണ്ടു രസിച്ചെന്നോണം അവർ ചിരിച്ചു. ഞാനും.

sangeetha sandya

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here