എൻഡിടിവി ഇന്ത്യയ്ക്ക് പിന്നാലെ രണ്ട് ന്യൂസ് ചാനലുകൾക്കുകൂടി വിലക്ക്

news-channel-ban

എൻഡിടിവി ഇന്ത്യയ്ക്ക് പിന്നാലെ രണ്ട് ന്യൂസ് ചാനലുകൾക്കുകൂടി കേന്ദ്ര സർക്കാരിന്റെ വിലക്ക്. ന്യൂസ് ടൈം അസമിനും കെയർ വേൾഡ് ടിവിയ്ക്കുമാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

പീഡിപ്പിക്കപ്പെട്ട പ്രായപൂർത്തിയാകാത്ത ഇരയുടെ വിവരം പുറത്തുവിട്ടതിനാണ് നിരോധനം. അസമിലെ ന്യൂസ് ചാനലാണ് ന്യൂസ് ടൈമും കെയർ വേൾഡും. വീട്ടുജോലി ചെയ്യുമ്പോൾ പീഡിപ്പിക്കപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മേൽവിലാസം പുറത്തുവിട്ടതിനാണ് കേന്ദ്രസർക്കാരിന്റെ നടപടി.

മൃതദേഹങ്ങളുടെ ദൃശ്യങ്ങൾ കാണിച്ചതിന് കൂടുതൽ വാർത്താ ചാനലുകൾക്ക് നേരെയും നടപടി ഉണ്ടായേക്കും. എൻഡിടിവി ഇന്ത്യ നിരോധിച്ചതിനെതിരെ പ്രതിഷേധങ്ങൾ നടക്കുന്നതിനിടയിലാണ് മറ്റ് ചാനലുകളെയും നിരോധിക്കാനൊരുങ്ങുന്നത്.

പത്താൻകോട്ട് ഭീകരാക്രമണത്തിൽ ഭീകരർ ഒളിച്ചിരുന്ന സ്ഥലത്തിന് തൊട്ടടുത്തുള്ള ആയുധപ്പുരയിൽ ഭീകരർ കടന്നാൽ അവരെ കീഴ്‌പ്പെടുത്താൻ കഴിഞ്ഞേക്കില്ല എന്ന് തത്സമയ റിപ്പോർട്ടിങ്ങിനിടെ പറഞ്ഞതിനാണ് എൻഡിടിവി ഇന്ത്യയ്ക്ക് ഒരു ദിവസത്തേക്ക് നിരോധനം പ്രഖ്യാപിച്ചത്. നവംബർ 9നാണ് നിരോധനം നടപ്പിലാക്കുക.

നിരോധനത്തിനെതിരെ കേരള പത്രപ്രവർത്തക യൂണിയൻ ബുധനാഴ്ച രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top