Advertisement

സ്‌കൈലൈനിലെ മാലിന്യം പരന്നൊഴുകുന്നു; മൂക്കുപൊത്തി സൗമിനി ജയിന്റെ സ്വന്തം വാർഡ്‌

November 17, 2016
Google News 1 minute Read
waste water

കൊച്ചി മേയർ സൗമിനി ജയിന്റെ വാർഡിൽ പൊതുജനങ്ങൾ ദുരിതത്തിൽ. ഫ്‌ളാറ്റുകൾ നിറഞ്ഞ ജവഹർ നഗറിലാണ് മാലിന്യങ്ങൾക്കിടയിൽ കഴിയാൻ വിധിക്കപ്പെട്ട് ഒരു കൂട്ടം ജനങ്ങൾ. സ്‌കൈലൈൻ ബിൽഡേഴ്‌സിന്റെ ടോപാസ് ഫ്‌ളാറ്റ് സമുച്ചയത്തിൽനിന്നൊഴുകുന്ന മലിന ജലം തൊട്ടടുത്തുള്ള നിരവധി കുടുംബങ്ങൾക്കാണ് ഭീഷണി ഉയർത്തുന്നത്.കൊച്ചി മേയർ സൗമിനി ജയിന്റെ കോർപ്പറേഷൻ വാർഡായ എളംകുളം മേഖലയിലാണ് ജവഹർ നഗറും ഉൾപ്പെടുന്നത്.

ഫ്‌ളാറ്റിന് ചുറ്റിലുമായി 50 ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്. സ്‌കൈലൈനിൽനിന്ന് പുറന്തള്ളുന്ന മലിന ജലം തൊട്ടടുത്തുള്ള വീടുകൾക്ക് മുന്നിൽ കെട്ടിക്കിടക്കുന്നത് വഴി ഇവിടങ്ങളിൽ കൊതുകു ശല്യം രൂക്ഷമാണ്. മാത്രമല്ല, ദുർഗ്ഗന്ധം സഹിക്കാനാവുന്നില്ലെന്നും പ്രദേശവാസികൾ പറയുന്നു.

ഫ്‌ളാറ്റിന്റെ പിറകിലെ മതിലിനിടയിലൂടെയാണ് മലിന ജലം ഒലിച്ചിറങ്ങുന്നത്. എപ്പോഴും ഇത് പ്രദേശത്ത് കെട്ടിക്കിടക്കുന്നതാണ് പതിവ്. മഴപെയ്താൽ ഇത് പരന്നൊഴുകും. ഇന്നും മുറ്റത്തേക്ക് ഒഴുകിയെത്തുന്ന കറുത്ത മലിന ജലത്തിൽ ചവിട്ടി വേണം ഇവിടുത്തുകാർക്ക് ഒരടി മുന്നോട്ട് വയ്ക്കാൻ.

രണ്ട് വർഷമായി തുടരുന്ന ഈ അവസ്ഥയ്ക്ക് പരിഹാരം കാണാനായി തങ്ങളുടെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ജൂണിൽ ഇവർ മേയർക്ക് അപേക്ഷ നൽകിയിരുന്നു. പ്രദേശത്തെ ജനങ്ങൾ മുഴുവൻ ഒപ്പിട്ട് നൽകിയതാണ് അപേക്ഷ. മുൻ കൗൺസിലറുടെയും കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെയും ശ്രദ്ധയിൽപെടുത്തിയിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്നും അപേക്ഷയിൽ പ്രത്യേകം പരാമർശിച്ചിരുന്നു.

complaint-letter-1complaint-letter-3complaint-letter-2
ഒരാഴ്ചയ്ക്കകം മേയറും ഹെൽത്ത് ഇൻസ്‌പെക്ടറും വന്ന് പരിശോധിച്ച് ഉടൻ പരിഹാരമുണ്ടാക്കാമെന്നായിരുന്നു അന്ന് പരാതി നൽകിയപ്പോൾ ലഭിച്ച വാഗ്ദാനം. എന്നാൽ പരാതി നൽകിയിട്ട് ഇപ്പോൾ അഞ്ചുമാസത്തിലധികമായി. മേയർ ഈ വഴി വന്നില്ല എന്ന് മാത്രമല്ല, ഇതിന് പരിഹാരവും കണ്ടിട്ടില്ല.

സ്വന്തം വാർഡിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയാത്ത മേയർ എങ്ങനെയാണ് കൊച്ചിയുടെ പ്രശ്‌നങ്ങൾ പരിഹരിക്കുക എന്നാണ് നാട്ടുകാരുടെ ചോദ്യം. ഈ ഫ്‌ളാറ്റിനു സമീപത്തെ കുട്ടികൾക്ക് എന്നും അസുഖങ്ങളാണ്. ഇവിടങ്ങളിലെ കുട്ടികൾ കളിക്കാനിറങ്ങുന്നത് ഈ മലിനജലം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളിലാണ്.

skyline-3നിരന്തരമായി അഴുക്ക് ജലം ഒഴുകിയെത്തി വീടിന്റെ സമീപത്ത് കെട്ടികിടക്കുന്നത് വീടിന്റെ നിലനിൽപ്പിന് പോലും ഭീഷണിയാണെന്ന് നാട്ടുകാർ പറയുന്നു. മിക്കവീടുകളുടേയും തറയ്ക്ക് ഉള്ളിലേക്കാണ് ഈ മലിജലമെത്തുന്നത്. അഴുക്കും രോഗവും കൊണ്ട് പൊറുതി മുട്ടുന്നതിന് പുറമെ ഏത് നിമഷവും കിടപ്പാടം നിലംപൊത്തുമോ എന്ന ഭയത്തിലാണ് സമീപവാസികൾ.

ഈ പ്രശ്‌നങ്ങൾ ഉന്നയിച്ച് നാട്ടുകാർ സ്‌കൈലൈൻ ടോപാസ് നിവാസികളുമായി നിരവധി തവണ ബന്ധപ്പെട്ടെങ്കിലും യാതൊരു ഫലവും ഉണ്ടായില്ലെന്നും ഇവർ വ്യക്തമാക്കുന്നു.

waste water

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here