ഫിദൽ കാസ്‌ട്രോ

Fidel Castro profile

ഫിദൽ കാസ്‌ട്രോ; ക്യൂബൻ വിപ്ലവനായകനായി അറിയപ്പെട്ടിരുന്ന ഇദ്ദേഹം ഇടത് ചിന്തയുടെ പ്രതീകമായാണ് കാണപ്പെട്ടത്. പതിറ്റാണ്ടുകളോളം ക്യൂബയുടെ ഭരണത്തലവനായിരുന്നു ഫിദൽ കാസ്‌ട്രോ.

ഫിദൽ അലക്‌സാണ്ഡ്‌റോ കാസ്‌ട്രോ റുസ് എന്നതാണ് ഫിദൽ കാസ്‌ട്രോയുടെ പൂർണ്ണ നാമം. 1926 ഓഗസ്റ്റ് 13 ന് ക്യൂബയിലെ ബിറാനിൽ ജനിച്ച ഇദ്ദേഹം 1959ൽ ഫുൾജെൻസിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണത്തെ അട്ടിമറിച്ചു കൊണ്ടാണ് അധികാരത്തിലെത്തിയത്.

കർഷക കുടുംബത്തിൽ ജനിച്ച് കർഷകതൊഴിലാളികളുടെ ഒപ്പമുള്ള ജീവിതം പിൽക്കാലത്തു ബൂർഷ്വാസി ജീവിതം സ്വീകരിക്കുന്നതിൽ നിന്നും കാസ്‌ട്രോയെ പിന്തിരിപ്പിച്ചു. എട്ടാം വയസ്സിൽ മാമോദീസ കർമ്മം കൊണ്ട് റോമൻ കത്തോലിക്കൻ വിശ്വാസിയായെങ്കിലും പിൽക്കാലത്ത് കാസ്‌ട്രോ നിരീശ്വരവാദിയായിത്തീർന്നു.

രാഷ്ട്രീയത്തിലേക്ക്….

1945 ന്റെ അവസാനങ്ങളിൽ ഹവാന സർവകലാശാലയിൽ കാസ്‌ട്രോ നിയമപഠനത്തിനായി ചേർന്നു. ഈ സമയത്ത് ക്യൂബൻ സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ കാസ്‌ട്രോ ധാരാളമായി വായിച്ചിരുന്നു. വിദ്യാഭ്യാസകാലത്ത് മനസ്സിൽ മുഴുവനും രാഷ്ട്രീയമായിരുന്നു. ഈ താൽപര്യം അദ്ദേഹത്തെ വിവിധ രാഷ്ട്രീയ പാർട്ടികളുമായി ചേർന്നു പ്രവർത്തിക്കാൻ പ്രേരിപ്പിച്ചു.

ക്യൂബൻ ഭരണനേതൃത്വത്തിനെതിരേ സമരം ചെയ്യുന്ന വിദ്യാർത്ഥി സംഘടനകളിലൊന്നിൽ കാസ്‌ട്രോ പ്രവർത്തിച്ചിരുന്നു. അമേരിക്കൻ നിയന്ത്രിത ഭരണത്തിനെതിരെയുള്ള ഈ മുന്നേറ്റങ്ങൾ പക്ഷേ വിജയം കണ്ടില്ല എന്നു മാത്രമല്ല അസംഖ്യം വിദ്യാർത്ഥികൾ ജയിലിലുമാക്കപ്പെട്ടു. വിദ്യാർത്ഥി പ്രക്ഷോഭത്തെ അടിച്ചമർത്താൻ സർക്കാർ ഗുണ്ടാസംഘങ്ങളെ ഏർപ്പാട് ചെയ്തത് അദ്ദേഹത്തെ വല്ലാതെ പ്രകോപിപ്പിച്ചിരുന്നു. അമേരിക്കയുടെ കരീബിയൻ സമൂഹത്തിനുമേലുള്ള ആധിപത്യത്തിനെതിരേയുള്ള വിദ്വേഷമായിരുന്നു അക്കാലത്ത് കാസ്‌ട്രോയുടെ മനസ്സു മുഴുവൻ.

ക്യൂബൻ പ്രസിഡന്റായിരുന്ന റമോൺ ഗ്രോയുടെ തെറ്റായ നയങ്ങൾക്കെതിരേ കാസ്‌ട്രോ നടത്തിയ ഒരു പ്രസംഗം അദ്ദേഹത്തിന് വളരെയധികം മാദ്ധ്യമശ്രദ്ധ നേടിക്കൊടുത്തു. സമൂഹത്തിനു മുമ്പാകെ കാസ്‌ട്രോ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയതും അപ്പോൾ മുതലായിരുന്നു. അദ്ദേഹം പിന്നീട് ഇടതു ചായ്‌വുള്ള സംഘടനകളോട് വളരെ വേഗം അടുക്കാൻ തുടങ്ങി.

കാസ്‌ട്രോ പാർട്ടി ഓഫ് ദ ക്യൂബൻ പീപ്പിൾ എന്ന സംഘടനയിൽ അംഗത്വമെടുത്തു പ്രവർത്തിച്ചിരുന്നു. അഴിമതിക്കെതിരേയും മാറ്റത്തിനു വേണ്ടിയും പരിശ്രമിച്ചിരുന്നുവെങ്കിലും ഈ പാർട്ടിക്ക് തിരഞ്ഞെടുപ്പിൽ വിജയം കണ്ടെത്താനായിരുന്നില്ല. 1947 ൽ ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ അമേരിക്കൻ നിയന്ത്രിത പാവ സർക്കാരിനെ തുടച്ചു നീക്കാനുള്ള ഒരു രഹസ്യ പദ്ധതിയിലും കാസ്‌ട്രോ ഭാഗഭാക്കായിട്ടുണ്ട്.

മാർക്സിസത്തെ സ്വീകരിക്കൽ

കൊളംബിയയിൽ നിന്ന് ക്യൂബയിൽ മടങ്ങിയെത്തിയ കാസ്‌ട്രോ നാട്ടിൽ ഒരു പ്രധാന ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു. സർക്കാരിന്റെ ജനവിരുദ്ധനയങ്ങളെ ശക്തമായി വിമർശിക്കാൻ മാത്രമല്ല, അത്തരം നിയമങ്ങൾക്കെതിരേ, വിദ്യാർത്ഥികളേയും, തൊഴിലാളികളേയും സമരരംഗത്തേക്കിറക്കാനും കാസ്‌ട്രോക്കു കഴിഞ്ഞു. ഇതൊരു പുതിയ സമരരീതിയായിരുന്നു.

കാസ്‌ട്രോ, കാറൽ മാർക്‌സിന്റെ ചിന്തകളിൽ ആകൃഷ്ടനായിത്തുടങ്ങിയത് വളരെ പെട്ടെന്നായിരുന്നു. കാറൽ മാർക്‌സ്, ഫ്രെഡറിക് ഏംഗൽസ്, ലെനിൻ എന്നിവരുടെ കൃതികളിൽ അതീവ താൽപര്യം പുലർത്തിക്കൊണ്ട് ക്യൂബയിലെ പ്രശ്‌നങ്ങളെ മുതലാളിത്ത്വസമൂഹത്തിന്റെ പ്രശ്‌നങ്ങളായി വ്യാഖ്യാനിക്കാൻ കാസ്‌ട്രോ ശ്രമിച്ചു. ബൂർഷ്വാസികളുടെ ഏകാധിപത്യമാണ് ക്യൂബയിൽ നിലനിൽക്കുന്നതെന്ന് കാസ്‌ട്രോ തിരിച്ചറിഞ്ഞു. മാർക്‌സിസം വിഭാവനം ചെയ്യുന്ന തൊഴിലാളികളുടെ വർഗ്ഗസമരം എന്ന വിപ്ലവത്തിലൂടെ മാത്രമേ സമൂഹത്തിൽ ഒരു മാറ്റം കൊണ്ടുവരാൻ കഴിയൂ എന്ന് അദ്ദേഹം മനസ്സിലാക്കി.

മൊൻകാട പട്ടാളബാരക്ക് ആക്രമണം 1952–1953

ക്യൂബൻ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ 1952 ജൂണിൽ നടത്തിയ പട്ടാള അട്ടിമറിയിലൂടെ അധികാരത്തിൽവന്ന ഫുൾജെൻസിയോ ബാറ്റിസ്റ്റായെ അധികാരത്തിൽനിന്ന് പുറത്താക്കാൻ ഫിദലിന്റെ നേതൃത്വത്തിൽ 1953ൽ നടന്ന ശ്രമമാണ് മൊൻകാട പട്ടാളബാരക്ക് ആക്രമണം. ക്യൂബൻ വിപ്ലവചരിത്രത്തിലെ ധീരോജ്ജ്വലമായ ഏടായി ഇത് തിളങ്ങി നിൽക്കുന്നു.

വിദേശാധിപിത്യത്തിനെതിരേ പോരാടിയ മുൻ സ്വാതന്ത്ര്യസമരപോരാളിയായിരുന്ന ജോസ് മാർട്ടിനിയുടെ ചരിത്രമാണ് ഫിദലിന്റെ മുന്നിലുണ്ടായിരുന്നത്. ഫിദൽ സ്വയം താൻ മാർട്ടിനിയുടെ പിൻഗാമിയാണെന്ന് വിശ്വസിച്ചു.

“ചരിത്രം എനിക്കു മാപ്പു നൽകും”, 1953

165 പേരടങ്ങുന്ന ഒരു സംഘത്തെയാണ് കാസ്‌ട്രോ മൊൻകാട നീക്കത്തിനായി ഒരുക്കിയത്. എന്നാൽ വിചാരിച്ച പോലെയുള്ള മുന്നേറ്റം നടത്താൻ അവർക്കു കഴിഞ്ഞില്ല. സൈന്യം ആക്രമണത്തിൽ പങ്കെടുത്ത എല്ലാവരേയും പിടികൂടി.
രാജ്യദ്രോഹക്കുറ്റം നടത്തിയതിന് കാസ്‌ട്രോ അടക്കം നിരവധി പേരെ കോടതി ശിക്ഷിക്കുകയുണ്ടായി. കാസ്‌ട്രോ തന്നെയായിരുന്നു പ്രതിഭാഗത്തിനു വേണ്ടി വാദിച്ചത്.

ഒക്ടോബർ 16 ന് വിചാരണക്കോടതിയിൽ ഫിദൽ നടത്തിയ നാലുമണിക്കൂർ നീണ്ട വാദത്തിന്റെ പതിനായിരക്കണക്കിന് അച്ചടിച്ച പതിപ്പുകൾ രാജ്യവ്യാപകമായി പ്രചരിച്ചു. ചരിത്രം എന്നെ കുറ്റക്കാരനല്ലെന്നു വിധിക്കും എന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള ഫിദലിന്റെ വിഖ്യാത പ്രസംഗം അനുയായികൾക്ക് ആവേശം പകർന്നു. ‘ചരിത്രം എന്നെ കുറ്റക്കാരനല്ലെന്നു വിധിക്കും’ എന്ന ഈ വാചകം പിന്നീട് ക്യൂബൻ വിപ്ലവത്തിന്റെ വിളംബരപ്രഖ്യാപനം പോലെയായി മാറി.

ക്യൂബൻ രാഷ്ട്രീയ തലവൻ

1959, ഫെബ്രുവരി 16 ന് കാസ്‌ട്രോ ക്യൂബയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തു. കാസ്‌ട്രോ വിപ്ലവകരമായ ഒരു ഭൂപരിഷ്‌കരണനിയമമാണ് ക്യൂബയിൽ നടപ്പിലാക്കിയത്. അത് ഓരോ ഭൂവുടമയുടെയും ഉടമസ്ഥാവകാശം 993 ഏക്കറിൽ പരിമിതപ്പെടുത്തി. അതിൽ കൂടുതൽ ഭൂമി കൈവശം വെക്കാൻ പാടില്ല എന്ന നിയമം കർശനമാക്കി. ഈ പരിധിയിലും അധികമായി വ്യക്തികളുടെ കൈയ്യിലുണ്ടായിരുന്ന ഭൂമിയെല്ലാം പിടിച്ചെടുത്ത് ഭൂരഹിതരായ കർഷകർക്ക് വിതരണം ചെയ്തു. രണ്ട് ലക്ഷത്തോളം കർഷകർക്ക് ഇങ്ങനെ സ്വന്തമായി ഭൂമി ലഭിച്ചു എന്നു കണക്കുകൾ പറയുന്നു. കാസ്‌ട്രോയെ സംബന്ധിച്ചിടത്തോളം ഇത് പ്രധാനപ്പെട്ട ഒരു നീക്കമായി കണക്കാക്കപ്പെടുന്നു.

ഭരണത്തിന്റെ ഉന്നത നേതൃത്വങ്ങളിലെല്ലാം മുതിർന്ന കമ്മ്യൂണിസ്റ്റുകാരെയായിരുന്നു കാസ്‌ട്രോ നിയമിച്ചിരുന്നത്. സെൻട്രൽ ബാങ്കിന്റെ ഗവർണറുടെ സ്ഥാനവും, വ്യവസായ മന്ത്രിയുടെ പദവിയും വഹിച്ചിരുന്നത് ചെ ഗുവേരയായിരുന്നു.

അമേരിക്കൻ വിരുദ്ധത

1960 കളിലെ ശീതയുദ്ധവുമായി ബന്ധപ്പെട്ട് ക്യൂബ അമേരിക്കയോടുള്ള തങ്ങളുടെ വിയോജിപ്പ് പരസ്യമായി തന്നെ പ്രഖ്യാപിച്ചു. അമേരിക്കയുടെ പ്രധാന എതിരാളിയായിരുന്ന സോവിയറ്റ് റഷ്യയോട് കൂടുതൽ അടുക്കാൻ ഇക്കാലത്ത് കാസ്‌ട്രോ തീരുമാനിച്ചു. ഇക്കാലത്തുതന്നെ ചൈന, പോളണ്ട്, യുഗോസ്ലാവിയ എന്നിവിടങ്ങളിലെ മാർക്‌സിസ്റ്റ് സർക്കാരുകളുമായും കാസ്‌ട്രോ ബന്ധം സ്ഥാപിക്കാൻ തുടങ്ങി.

അമേരിക്കയും ക്യൂബയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാവാൻ തുടങ്ങി. ബെൽജിയത്തിൽ നിന്നും വാങ്ങിയ ആയുധങ്ങളുമായി ക്യൂബയിലേക്കു വന്ന ലാ കോബർ എന്ന ഫ്രഞ്ചു കപ്പൽ ആയിടക്ക് ഹവാന തീരത്തു വെച്ച് സ്‌ഫോടനത്താൽ തകർക്കപ്പെട്ടു. ഇതിനു പിന്നിൽ അമേരിക്കയാണെന്ന് കാസ്‌ട്രോ ആരോപിച്ചു. അമേരിക്ക ക്യൂബക്കുമേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി. ക്യൂബയിലേക്കുള്ള എല്ലാ കയറ്റുമതികളും അമേരിക്ക നിറുത്തിവെച്ചു. അമേരിക്കയുടെ ക്യൂബയിലുള്ള എല്ലാ കമ്പനികളും കണ്ടുകെട്ടിക്കൊണ്ടാണ് ക്യൂബ ഇതിനു മറുപടി പറഞ്ഞത്.

വിരമിക്കലും, പിന്നീടുള്ള ജീവിതവും

രണ്ടായിരത്താറ് ജൂലൈ 31 ന് താൻ വഹിച്ചിരുന്ന എല്ലാ പദവികളും കാസ്‌ട്രോ താൽക്കാലികമായി സഹോദരൻ റൗൾ കാസ്‌ട്രോയ്ക്ക് കൈമാറി.

താൻ ഒരു സോഷ്യലിസ്റ്റ്, മാർക്‌സിസ്റ്റ്, ലെനിനിസ്റ്റ് ആണെന്നായിരുന്നു കാസ്‌ട്രോ അവകാശപ്പെട്ടിരുന്നത്. വാണിജ്യവും,വ്യവസായവും സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിൽ നിന്നും മാറ്റി സ്റ്റേറ്റിന്റെ കീഴിലാക്കുക വഴി സോഷ്യലിസത്തിലേക്കുള്ള പാത അദ്ദേഹം തുറന്നു. സ്വകാര്യ ഉടമസ്ഥതയിലുള്ള ഇത്തരം വ്യവസായങ്ങളെല്ലാം ദേശീയവൽക്കരിച്ചു. പാവപ്പെട്ടവനും, പണക്കാരനും തമ്മിലുള്ള ചേരിതിരിവ് പൂർണ്ണമായും നീക്കം ചെയ്യാൻ കാസ്‌ട്രോ കിണഞ്ഞു ശ്രമിച്ചു. വർഗ്ഗ സമരം എന്ന വിപ്ലവത്തിലൂടെ ബൂർഷ്വാസിയെ നീക്കം ചെയ്ത് പ്രോലിറ്റേറിയൻ എന്നു വിളിക്കപ്പെടുന്ന തൊഴിലാളി വർഗ്ഗം അധികാരത്തിലെത്തും എന്ന മാർക്‌സിന്റെ വാക്കുകൾ കാസ്‌ട്രോ ക്യൂബയിലൂടെ നടപ്പിലാക്കി ലോകത്തിനു കാണിച്ചുകൊടുത്തു.

2016 നവംബർ 26 ന് അദ്ദേഹം അന്തരിച്ചു.

Fidel Castro profileനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More