Advertisement

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർക്ക് ഇന്ന് പിറന്നാൾ മധുരം

3 hours ago
Google News 4 minutes Read
manju warrier

മലയാള സിനിമയുടെ അതുല്യ പ്രതിഭയും പ്രേക്ഷകരുടെ പ്രിയങ്കരിയുമായ മഞ്ജു വാര്യർക്ക് ഇന്ന് പിറന്നാൾ. ആദ്യ വരവിലും നീണ്ടൊരു ഇടവേളയ്ക്ക് ശേഷമുള്ള രണ്ടാം വരവിലും ഒരേ സ്നേഹത്തോടെയും ആവേശത്തോടെയുമാണ് മലയാളികൾ ഈ അതുല്യ കലാകാരിയെ സ്വീകരിച്ചത്. അഭിനയത്തിൽ തന്റേതായൊരു ശൈലി രൂപപ്പെടുത്തിയ മഞ്ജുവിൻ്റെ ഓരോ കഥാപാത്രവും പകരം വെക്കാനില്ലാത്ത ഒരത്ഭുതമാണ്.

മഞ്ജു വാര്യർ 1979 സെപ്റ്റംബർ 10-ന് തമിഴ്‌നാട്ടിലെ നാഗർകോവിലിലെ ഒരു മലയാളി കുടുംബത്തിലാണ് ജനിച്ചത്. അച്ഛൻ ടി.വി. മാധവൻ നാഗർകോവിലിലെ ശക്തി ഫിനാൻസിൽ അക്കൗണ്ടന്റായിരുന്നു, അമ്മ ഗിരിജ വീട്ടമ്മയാണ്. നടനും നിർമ്മാതാവുമായ മധു വാര്യർ ആണ് മഞ്ജുവിന്റെ സഹോദരൻ.

1995-ൽ ‘സാക്ഷ്യം’ എന്ന സിനിമയിലൂടെയാണ് മഞ്ജു വാര്യർ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. എന്നാൽ ‘സല്ലാപം’ എന്ന ചിത്രത്തിലെ രാധ എന്ന കഥാപാത്രമാണ് മഞ്ജുവിനെ മലയാളികളുടെ പ്രിയങ്കരിയാക്കിയത്. പിന്നീട് ‘ഈ പുഴയും കടന്ന്’, ‘തൂവൽക്കൊട്ടാരം’, ‘ആറാം തമ്പുരാൻ’, ‘കന്മദം’, ‘സമ്മർ ഇൻ ബത്‌ലഹേം’ തുടങ്ങിയ എണ്ണമറ്റ ഹിറ്റ് ചിത്രങ്ങളിലൂടെ മഞ്ജു മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറി. വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ മികച്ച കഥാപാത്രങ്ങളിലൂടെ അവർ മലയാള സിനിമയിലെ മുൻനിര നായികമാരുടെ പട്ടികയിൽ തന്റേതായൊരിടം ഉറപ്പിച്ചു.

എന്നാൽ 1998-ൽ വിവാഹശേഷം സിനിമയിൽ നിന്ന് ഇടവേളയെടുത്ത മഞ്ജു വാര്യർ 16 വർഷങ്ങൾക്ക് ശേഷമാണ് ‘ഹൗ ഓൾഡ് ആർ യൂ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയത്. യാതൊരു മുന്നറിയിപ്പുമില്ലാതെയുള്ള ആ തിരിച്ചു വരവ് പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. രണ്ടാം വരവിൽ പഴയതിനേക്കാൾ കരുത്തുള്ള കഥാപാത്രങ്ങളായി അവർ മലയാള സിനിമയിൽ നിറഞ്ഞുനിന്നു.

‘റാണി പത്മിനി’ യിലെ റാണി, ‘കെയർ ഓഫ് സൈറാ ബാനു’വിലെ സൈറ, ‘ഉദാഹരണം സുജാത’യിലെ സുജാത, ‘പ്രതി പൂവൻകോഴി’യിലെ മാധുരി, ‘ആയിഷ’ യിലെ ആയിഷ എന്നിങ്ങനെ ഓരോ കഥാപാത്രവും മഞ്ജു എന്ന അഭിനേത്രിയുടെ റേഞ്ച് മലയാളികൾക്ക് മുന്നിൽ കാണിച്ചുതന്നു. മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയായി ‘ആമി’ എന്ന ചിത്രത്തിലെ മഞ്ജുവിൻ്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. ‘ലൂസിഫർ’ പോലുള്ള ഒരു മാസ്സ് ചിത്രത്തിലെ പ്രിയദർശിനി രാംദാസ് എന്ന ശക്തമായ കഥാപാത്രവും മഞ്ജു അനായാസം കൈകാര്യം ചെയ്തു.

Read Also: ബിജു മേനോന് പിറന്നാൾ സമ്മാനം ; ‘വലതു വശത്തെ കള്ളന്‍’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മഞ്ജു വാര്യർ തൻ്റെ അഭിനയപാടവം മലയാളത്തിൽ മാത്രം ഒതുക്കി നിർത്തിയില്ല. തമിഴ്, ഹിന്ദി സിനിമകളിലും തന്റെ കഴിവ് തെളിയിച്ച് അവർ ഇന്ത്യൻ സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തി. 2019-ൽ ധനുഷിനൊപ്പം അഭിനയിച്ച ‘അസുരൻ’ എന്ന തമിഴ് സിനിമയിലെ പച്ചയമ്മാൾ എന്ന കഥാപാത്രം വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ഈ പ്രകടനത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ മഞ്ജുവിനെ തേടിയെത്തി.

അഭിനയത്തിനു പുറമെ നൃത്തത്തിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും തൻ്റേതായൊരിടം നേടിയ മഞ്ജു വാര്യരെ മലയാളികൾ ഇന്നും സ്നേഹം കൊണ്ട് ഹൃദയത്തോട് ചേർത്ത് നിർത്തുന്നു.

Story Highlights : Malayalam’s lady superstar Manju Warrier celebrates her birthday today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here