പാലിയേക്കരയില്‍ ടോള്‍ വിലക്ക് തുടരും; കേസ് ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും

തൃശൂര്‍ പാലിയേക്കരയില്‍ ടോള്‍ വിലക്ക് തുടരുമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. കേസ് ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാന്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ ഓണ്‍ലൈനായി കോടതിയില്‍ ഹാജരായി.
നവീകരണ പ്രവര്‍ത്തനങള്‍ നടക്കുന്നുവെന്ന് എന്‍എച്ച്എഐ കോടതിയെ അറിയിച്ചു. ചിലയിടങ്ങളില്‍ മാത്രമാണ് പ്രതിസന്ധിയുള്ളതെന്നും അത് പരിഹരിക്കാന്‍ ശ്രമം തുടങ്ങിയെന്നും എന്‍എച്ച്എഐ വ്യക്തമാക്കി. എന്തെങ്കിലും ഒരു പ്രദേശത്തെ പ്രശ്‌നം അല്ല ചോദിക്കുന്നത് എന്നും പ്രശ്‌നം പൂര്‍ണമായി പരിഹരിച്ചോ എന്നും കോടതിചോദിച്ചു. മോണിറ്ററിങ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനെതിരെയും എന്‍എച്ച്എഐ കോടതിയില്‍ രംഗത്തെത്തി. ജില്ലാ കളക്ടറുടെ നിര്‍ദേശങ്ങള്‍ ഉടന്‍ നടപ്പിലാക്കുമെന്ന് എന്‍.എച്ച്.ഐ.എ അറിയിച്ചു. ദേശീയ പാതാ അതോറിറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നുണ്ടെന്ന കാര്യം ഉറപ്പു വരുത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കളക്ടറും സമര്‍പ്പിക്കണമെന്നും വ്യക്തമാക്കി.
തൃശൂര്‍ മണ്ണുത്തി ദേശീയപാതയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്ന് ഇന്നലെ ദേശീയപാത അതോറിറ്റി ഹൈക്കോടതിയെ അറിയിച്ചിരുന്നു. ടോള്‍ വിലക്ക് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. സര്‍വീസ് റോഡില്‍ ഗതാഗതപ്രശ്‌നമുണ്ടെന്നും അപകടങ്ങള്‍ പതിവാണെന്നും പൊലീസ് കോടതിയെ അറിയിച്ചു. പോലീസ് റിപ്പോര്‍ട്ട് അവഗണിക്കാനാവില്ല കോടതി വ്യക്തമാക്കി.
മോണിറ്ററിംഗ് കമ്മിറ്റിയുടെ അധ്യക്ഷനായ കളക്ടറെ കൂടി കേട്ട ശേഷം ടോള്‍ വിലക്കില്‍ തീരുമാനമെടുക്കാം എന്നായിരുന്നു ഹൈക്കോടതി നിലപാട്. ഇതുപ്രകാരമാണ് കളക്ടര്‍ ഹാജരായത്.
വിലക്ക് നിലനില്‍ക്കെ ടോള്‍ നിരക്ക് കഴിഞ്ഞദിവസം വര്‍ധിപ്പിച്ചിരുന്നു. ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് 5 മുതല്‍ 15 രൂപ വരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ടോള്‍ പിരിവ് പൂര്‍ണമായും റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
Story Highlights : Toll ban to continue in Paliyekkara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here