കള്ളപ്പണം പിടിക്കപ്പെടുമെന്ന് ഭയന്നല്ല ഈ കർഷകൻ ജീവനൊടുക്കിയത്

നോട്ട് പിൻവലിച്ചതിൽ സർജിക്കൽ സ്‌ട്രൈക്കും ആത്മ നിർവൃതിയും കണ്ടെത്തുന്ന വർ കാണാതെ പോകുന്ന കാഴ്ചകളുണ്ട് ഇന്ത്യയിൽ. ആഡംബരത്തിന്റെ കണ്ണടയൂരി നോക്കിയാൽ മാത്രം കാണുന്ന കാഴ്ചകൾ. നഗരങ്ങളിലെ ശീതീകരണികളിൽ വിശ്രമി ക്കുന്നവർ, പേറ്റിഎം ഉപയോഗിച്ചും മറ്റ് ഓൺലൈൻ ട്രാൻസാക്ഷൻസ് വഴിയും തന്റെ ആവശ്യങ്ങളെല്ലാം വിരൽത്തുമ്പിൽ ഒതുക്കുന്നവർ, അവർക്ക് ഗ്രാമങ്ങളിലെ കർഷകരുടെ ജീവിതത്തെ കുറിച്ച് അറിയണമെന്നില്ല.
ഇന്റർനെറ്റ് സൗകര്യങ്ങൾ പോയിട്ട് വൈദ്യുതി പോലും ഇല്ലാത്ത, നിരക്ഷരർ ധാരാള മുള്ള നിരവധി ഗ്രാമങ്ങളുണ്ട് ഇന്ത്യയിൽ. ക്യാഷ്‌ലെസ്സ് എക്കോണമിക്കായി എല്ലാം മാറ്റിമറിച്ച പ്രധാനമന്ത്രിപോലും മറന്ന ഇവരെ ആര് ഓർക്കാൻ.
നോട്ട് പിൻവലിച്ചതായി പ്രഖ്യാപിച്ച് ഒരുമാസം ആകുമ്പോൾ, പ്രതിസന്ധികൾ കാരണം ജീവനൊടുക്കിയവരുടെ എണ്ണം 50 ലേറെയായി (ഇത് കണക്കിൽ ഉൾപ്പെട്ടവ മാത്രം). ഗ്രാമങ്ങളിൽ കൃഷി ചെയ്ത് ജീവിക്കുന്ന സാധാരണക്കാരാണ് മരിച്ചവരിലേറെയും.
നോട്ട് പിൻവലിച്ച് 8ആം നാൾ ആത്മഹത്യ ചെയ്ത വർദ്ധ ബാലയ്യ എന്ന കർഷകന്റെ അനുഭവം ആന്ധ്രാപ്രദേശിലെ ഫ്രീലാൻസ് ജേണലിസ്റ്റ് രാഹുൽ എം റിപ്പോർട്ട് ചെയ്യുന്നു. കൃഷി നശിച്ച് ബാങ്കിൽ കടം പെരുകി ജപ്തി ഭീഷണി നേരിടുന്ന കുടുംബത്തിന്റെ അവസാന പ്രതീക്ഷയായിരുന്നു തെലങ്കാനയിലെ സിദ്ധിപെട്ട് രാമയപ്പെട്ട് ഹൈവേയുടെ സമീപത്തുള്ള ഒരേക്കർ സ്ഥലം. 15 ലക്ഷം രൂപയെങ്കിലും വില ലഭിക്കുമെന്ന് അയാൾ ഉറച്ച് വിശ്വസിച്ചിരുന്ന ഈ ഭൂമി, നോട്ട് പിൻവലിക്കൽ നടപടി കാരണം ഒരു രൂപ പോലും വിലയില്ലാത്ത തുണ്ട് ഭൂമിയായി. ആരും ആ ഭൂമിയ്ക്കായി ബാലയ്യയെ സമീപിച്ചില്ല.
2012ൽ മൂത്തമകൾ ശീരിക്ഷയുടെ കല്യാണത്തിനായി ബാലയ്യ 4 ലക്ഷം രൂപ കടമെടുത്തിരുന്നു. കുഴൽ കിണർ കുഴിക്കാൻ ഒരു 2 ലക്ഷം രൂപ വേറെയും. 4 കിണറുകൾ കുഴിച്ചു പക്ഷെ മൂന്നു കഴൽ കിണറുകളിൽ നിന്നും വെള്ളം കിട്ടിയിരുന്നില്ല. ഈ തുക പലിശയടക്കം 10 ലക്ഷത്തോളമായി ഉയർന്നു. ബാലയ്യയ്ക്ക് ഇതെല്ലാം തിരിച്ചടയ്ക്കാനുള്ള ഒടുവിലത്തെ വഴിയായിരുന്നു ഭൂമി.
നോട്ട് പിൻവലിച്ചിട്ടും ആരെങ്കിലും തന്റെ ഭൂമി വാങ്ങാൻ വരുമെന്ന് അയാൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ആരും വരില്ലെന്ന് തിരിച്ചറിഞ്ഞതോടെ തന്റെ കൃഷിയിടത്തിൽ തളിച്ച അതേ കീടനാശിനി ഭക്ഷണത്തിൽ കലർത്തി ജീവനൊടു്കകുക മാത്രമായിരുന്നു ആ കർഷകന് മുന്നിലെ ഏക പോംവഴി.
ഇവർ കള്ളപ്പണക്കാരായിരുന്നില്ല. സ്വന്തം അധ്വാനംകൊണ്ട് നേടിയതൊന്നും ആവശ്യത്തിന് ഉപകരിക്കില്ലെന്ന് തിരിച്ചറിഞ്ഞ് മനംനൊന്ത് ജീവനൊടുക്കിയവരാണ്. ഇങ്ങനെ എത്ര ബാലയ്യമാർ ഇതിനോടകം ജീവനൊടുക്കി, എത്ര പേർ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നുണ്ടാകാം.
ഇവരാണ് ക്യാഷ്‌ലെസ്സ് എക്കോണമിയെ കുറിച്ച് സ്വപ്‌നം കാണുന്നവരുടെ കണ്ണിൽപെടാത്ത ക്യാഷ്‌ലെസ്സ് പീപ്പിൾ. കള്ളപ്പണമല്ല, കഞ്ഞിയ്ക്ക് വകയില്ലാത്താണ് ഇവരെല്ലാം ജീവനൊടുക്കിയതിന് പിന്നിൽ.
the reason behind this farmers suicide wasnt blackmony
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here