ഇദയക്കനിയ്ക്ക് പകരം ഇനിയാര് ?

ജിതി രാജ്
എഐഎഡിഎംകെയുടെ നെടും തൂണായിരുന്ന പുരട്ചി തലൈവി ജെ ജയലളിത വിടവാങ്ങിയിരിക്കുന്നു. തനിക്ക് പകരം മറ്റൊരാളെ കണ്ടുവെക്കാതെയാണ് തലൈവിയുടെ പിൻവാങ്ങൽ. പാർട്ടിയിൽ രണ്ടാമതൊരാളെ വളർത്താതെയും വളരാൻ ശ്രമിച്ചവരെ വെട്ടി വീഴ്ത്തിയും എംജിആറിന്റെ അതേ പാത പിന്തുടർന്ന ജയലളിതയുടെ മരണത്തോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് സംസ്ഥാനവും പാർട്ടി നേതൃത്വവും.
എംജിആർ തന്റെ മരണത്തിന് ശേഷം മറ്റൊരാളെന്ന ഉത്തരം നൽകാതെയാണ് പടിയിറങ്ങിയത്. എന്നാൽ അന്ന് വീറോടെ പാർട്ടിയെയും അണികളെയും കൈപ്പിടിയിലൊതുക്കാൻ ജയ ഉണ്ടായിരുന്നെങ്കിൽ ഇന്ന് ആരുടെ കയ്യിലേക്കായിരിക്കും അധികാര ചക്രം ചെന്നെത്തുക എന്ന് ഉറ്റുനോക്കുകയാണ് രാജ്യം മുഴുവനും.
അന്ന് എംജിആറിന്റെ ശവമഞ്ചത്തിൽ ഊണും ഉറക്കവുമുപേക്ഷിച്ച് ജയലളിത ഉണ്ടായിരുന്നെങ്കിൽ ഇന്നലെ ജയലളിതയുടെ മൃതദേഹത്തിനരികിൽ കറുപ്പ് സാരിയുടുത്ത് നിറഞ്ഞ കണ്ണുകളോടെ ശശികലാണ് ഉണ്ടായിരുന്നത്.
ജയലളിതയുടെ ചേതനയറ്റ ശരീരത്തിന് മുന്നിൽ പുഷ്പാഞ്ജലി അർപ്പിക്കാനെത്തിയ വരെല്ലാം ആദ്യം ഓടിയെത്തിയതും ആശ്വസിപ്പിച്ചതും ചിന്നമ്മ എന്ന് എല്ലാവരും ബഹുമാനത്തോടെ വിളിക്കുന്ന ജയലളിതയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരിയായ തോഴി ശശികല നടരാജന്റെ അടുത്തേക്കാണ്. തൊട്ടടുത്ത് തമിഴ്‌നാട് മുഖ്യമന്ത്രിയും എഐഎഡിഎംകെയിലെ രണ്ടാമനുമായ പനീർശെൽവം ഉണ്ടായിട്ടും രാഷ്ട്രപതിയും പ്രധാനമന്ത്രിയുമടക്കം ഓടിയെത്തിയത് ശശികലയുടെ അടുത്തേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ശശികലയുടെ തലയിൽ തൊട്ട് ആശ്വസിപ്പിച്ചത് ഇതിനോടകംതന്നെ ചർച്ചയായിട്ടുണ്ട്. ശശികല തന്നെയായിരിക്കും പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് അവരോധിക്കപ്പെടുകയെന്നും അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്.
രജനീകാന്ത്, വിജയ്, അജിത്ത് എന്നീ താരങ്ങളുടെ പേരുകളാണ് ഉയർന്നുകേൾക്കുന്നതെങ്കിലും തമിഴ്‌നാടിന്റെ ‘തല’ അജിത്തിനെ ചുറ്റിപ്പറ്റിയാണ് അഭ്യൂഹങ്ങൾ നിറയുന്നത്. ജയലളിതയ്ക്ക് താൻ മകനെപ്പോലെയാണെന്ന് അജിത്ത് പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. മാത്രമല്ല, തന്റെ പിൻഗാമിയായി അജിത്ത് വരണമെന്ന് ജയ ആഗ്രഹിച്ചിരുന്നതായാണ് സൂചന.
ബൾഗേറിയയിൽ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്ന അജിത്ത് ജയലളിതയുടെ മരണത്തോടെ ഷൂട്ടിങ്ങ് നിർത്തിവെച്ച് ഇന്നലെതന്നെ ചെന്നെയിലെത്തിയിരുന്നു. ഭാര്യ ശാലിനിയോടൊപ്പം മറീന ബീച്ചിലെ സമാധിയിലെത്തി അമ്മയ്ക്ക് പുഷ്പാർച്ചന നടത്തുകയും ചെയ്തിരുന്നു. ഇതോടെ തല തന്നെയായിരിക്കും തലൈവിയുടെ പിൻഗാമിയെന്ന സംശയം ബലപ്പെടുകയാണ്.
Who is the successor of Jayalalithaa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here