ജനങ്ങളെ വലച്ച് ചെക്ക് ക്ലിയറൻസ്; ബാങ്കിൽ കെട്ടിക്കിടക്കുന്നത് കോടികൾ

ചെക്കുകൾ ക്ലിയർ ചെയ്ത് കിട്ടുന്നില്ല. പണം ലഭിക്കാതെ വലഞ്ഞ് ജനങ്ങൾ.
ബാങ്കുകളിൽ ജനങ്ങൾ നൽകുന്ന ചെക്കുകൾ ക്ലിയർ ചെയ്ത് കിട്ടാത്തതിനെ തുടർന്ന് അത്യാവശ്യത്തിന് പോലും പണം ലഭിക്കാതെ വലയുകയാണ് ജനങ്ങൾ. ഇതേ തുടർന്ന് കോടികളാണ് ഓരോ ബ്രാഞ്ചുകളിലും കെട്ടിക്കിടക്കുന്നത്. കഴിഞ്ഞ ഡിസംബർ 13 മുതലുള്ള ചെക്കുകളാണ് പ്രധാനമായും ക്ലിയർ ചെയ്ത് ലഭിക്കാത്തത്. ഇത് ഒരു ബ്രാഞ്ചിൽതന്നെ കോടികണക്കിന് രൂപയോളം വരും.
നോട്ട് നിരോധനം നിലവിൽ വന്നതോടെ ജനങ്ങൾ കൂടുതലായും ഉപയോഗിക്കുന്നത് ചെക്കുകളും ക്രഡിറ്റ് കാർഡുകളാണ്. ഇതിനിടയിലാണ് ചെക്ക് ക്ലിയർ ചെയ്ത് പണം ലബിക്കാത്തതിനെ തുടർന്നുള്ള ബുദ്ധിമുട്ടുകളും.
സാധാരണ നിലയിൽ ഒരു ദിവസത്തെ കാലതാമസം മാത്രമാണ് ചെക്ക് ക്ലിയറൻസിനായി ഉണ്ടാകാറുള്ളത്. എന്നാൽ കഴിഞ്ഞ നാല് ദിവസമായിട്ടും നൽകിയ ചെക്കുകളൊന്നും ക്ലിയർ ചെയ്ത് ലഭിച്ചിട്ടില്ല.
ചെക്ക് ക്ലിയർ ചെയ്ത് ബാങ്കിലേക്ക് പണമെത്തിയില്ലെന്ന് അറിയാതെ ഉപഭോക്താക്കൾ തങ്ങളുടെ അക്കൗണ്ടിൽനിന്ന് ചെക്കുകൾ നൽകുന്നതോടെ ചെക്ക് ബൗൺസാകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇതോടെ ഉപഭോക്താക്കളുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുകയാണ് ഇപ്പോഴെന്ന് സിറിയൻ കാത്തലിക് ബാങ്ക് ഗിരിനഗർ ബ്രാഞ്ച് മാനേജർ ജിബി ജേക്കബ് ട്വന്റിഫോർ ന്യൂസിനോട് പറഞ്ഞു.
സൗത്ത് ഇന്ത്യയിലെ ബാങ്കുകളിൽ ലഭിക്കുന്ന ചെക്കുകളെല്ലാം തന്നെ ചെന്നെയിലേക്കാണ് ക്ലിയറൻസിനായി അയക്കുന്നത്. ചെന്നെയിലെ ക്ലിയറൻസ് സെന്ററിൽനിന്ന് ചെക്കുകൾ ക്ലിയറായി ലഭിക്കാത്തതാണ് വലിയ പ്രതിസന്ധിയിലേക്ക് ജനങ്ങളെയും ബാങ്കിനെയും എത്തിച്ചിരിക്കുന്നത്.
തമിഴ്നാട്ടിൽ ആഞ്ഞടിച്ച വർധ ചുഴലിക്കാറ്റ് വരുത്തിയ നാശനഷ്ടങ്ങളിൽ ചെന്നെയിലെ സാങ്കേതിക സംവിധാനങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. ഇത് ബാങ്കിങ് മേഖലയെയും ബാധിച്ചിരുതക്കുന്നതിനാലാണ് ചെക്ക് ക്ലിയർ ചെയ്ത് ലഭിക്കാൻ കാലതാമസമെടുക്കുന്നതെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ കോട്ടപ്പടി ബ്രാഞ്ച് മാനേജർ തോമസ് പറഞ്ഞു.
ചെക്കുകൾ ഓരോ ബാങ്കിന്റെയും ക്ലിയറൻസ് സെന്ററുകളിൽനിന്ന് സ്കാൻ ചെയ്ത് ചെന്നെയിലേക്ക് അയക്കുകയാണ് പതിവ്. ഇവ ക്ലിയറൻസ് നടപടികൾ പൂർത്തിയാക്കി ലഭിച്ചാൽ മാത്രമേ ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് പണം എത്തുകയുള്ളൂ.
check clearance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here