യുഎസ് വോളിയില്‍ പ്രതീക്ഷയോടെ മലയാളി വിദ്യാര്‍ഥി

ബാസ്‌ക്കറ്റ്‌ബോള്‍ താരം ആന്‍ മേരിക്കും ഡിസ്‌കസ് ത്രോ, ഷോട്ട്പുട്ട് താരം കൃഷ്ണ ജയശങ്കറിനും പിന്നാലെ ഒരു മലയാളി വിദ്യാര്‍ഥികൂടി യു.എസില്‍ കായികരംഗത്ത് പ്രതീക്ഷ നല്‍കുന്നു. അമേരിക്കയില്‍ വോളിബോള്‍ താരമാകാനാണ് ആരോണ്‍ തയാറെടുക്കുന്നത്. ആരോണ്‍ മോളോപ്പറമ്പില്‍ ന്യൂജേഴ്സി- ന്യൂയോര്‍ക്ക് അണ്ടര്‍ 17 ടീമില്‍ സ്ഥാനം കണ്ടെത്തിക്കഴിഞ്ഞു.യു.എസ്.എ. വോളിബോള്‍ ഓള്‍ സ്റ്റാര്‍ ചാംപ്യന്‍ഷിപ്പില്‍ ജീവ(GEVA) അണ്ടര്‍ 17 ടീമാണിത്. യു.എസ്.എ. വോളിബോള്‍ ഓള്‍സ്റ്റാര്‍ ചാംപ്യ ന്‍ഷിപ്പ് ഈ മാസം 24 മുതല്‍ 27 വരെയാണ്. ന്യൂജേഴ്സിയും ന്യൂയോര്‍ക്കും ഉള്‍പ്പെടുന്ന മേഖലയിലെ വോളിബോള്‍ അതോറിറ്റിയാണ് ഗാര്‍ഡന്‍ എംപയര്‍ വോളിബോള്‍ അസോസിയേഷന്‍ അഥവാ ജീവ. (Malayali student in US volleyball team)
ഹണ്ടര്‍ഡന്‍ സെന്‍ട്രല്‍ റീജനല്‍ സ്‌കൂളില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി യാണ് ആരോണ്‍. നേരത്തെ ന്യൂജേഴ്സി-ന്യൂയോര്‍ക്ക് ടീമില്‍ അണ്ടര്‍ 15 വിഭാഗത്തില്‍ ആരോണ്‍ കളിച്ചിരുന്നു. യു.എസില്‍ പല ഭാഗങ്ങളില്‍ ഒട്ടേറെ ടൂര്‍ണമെന്റുകള്‍ ജയിച്ച കോര്‍ (CORE) വോളിബോള്‍ ക്ലബില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി സജീവ സാന്നിധ്യമായ ആരോണ്‍ ‘ലിബറോ’ യുടെ പൊസിഷനില്‍ ആണ് കളിക്കുന്നത് . ഒര്‍ലാന്‍ഡോയില്‍ അടുത്തിടെ നടന്ന എ.എ.യു. നാഷനല്‍സില്‍ ‘കോര്‍’ ക്ലബ് നാലാം സ്ഥാനം നേടിയിരുന്നു.
Read Also: കണ്ണൂര്‍ ചെമ്പല്ലിക്കുണ്ട് പുഴയില്‍ യുവതി കുഞ്ഞുമായി ചാടിയ സംഭവം; കുട്ടിയുടെ മൃതദേഹം കണ്ടെത്തി
ഫോമാ മുന്‍ ജനറല്‍ സെക്രട്ടറി, കോട്ടയം കാഞ്ഞിരപ്പള്ളി മോളോപ്പറമ്പില്‍ ജിബി തോമസിന്റെയും മാര്‍ലിയുടെയും പുത്രനാണ് ആരോണ്‍. അനുജന്‍ ക്രിസ്റ്റ്യനും വോളി കളിക്കാരനാണ്. ക്ലബ്, സ്‌കൂള്‍ വോളിബോളില്‍ അണ്ടര്‍ 15 വിഭാഗത്തില്‍ ക്രിസ്റ്റ്യന്‍ കളിക്കുന്നുണ്ട്. എലീറ്റയാണു സഹോദരി. കോവിഡ് കാലത്ത് പിതാവുമൊത്ത് വീട്ടുവളപ്പില്‍ വോളിബോള്‍ കളിച്ച ആരോണും ക്രിസ്റ്റ്യനും പിന്നീട് വോളിബോള്‍ പരിശീലനം ഗൗരവമായിട്ടെടുക്കുകയായിരുന്നു. ഇരുവരും ന്യൂയോര്‍ക്ക് സ്പൈക്കേഴ്സിനും(കേരള സ്പൈക്കേഴ്സ്) കളിക്കുന്നു. ഓഗസ്റ്റ് 24ന് ലൂക്കാച്ചന്‍ സ്മാരക വോളിബോളല്‍ ന്യൂയോര്‍ക്ക് സ്പൈക്കേഴ്സിനു കളിക്കാന്‍ മക്കള്‍ക്കൊപ്പം അച്ഛനും ഉണ്ടാകും.
തങ്ങളുടെ വളര്‍ച്ചയ്ക്കൊപ്പം സമൂഹത്തെ സേവിക്കുക (കമ്മ്യൂണിറ്റി ഗിവിങ് ബാക്ക് പദ്ധതി) എന്ന ആശയത്തില്‍ ആരോണും ക്രിസ്റ്റിയനും കൊച്ചുകുട്ടികള്‍ക്കായി സൗജന്യ പരിശീലന ക്യാംപ് സംഘടിപ്പിക്കാറുണ്ട്. ആരോണ്‍ – ക്രിസ്റ്റീന്‍ സഹോദരങ്ങളെ പിന്തുടര്‍ന്ന് യു.എസില്‍ കൂടുതല്‍ മലയാളി കുട്ടികള്‍ വോളിബോള്‍ കോര്‍ട്ടില്‍ ഇറങ്ങിത്തുടങ്ങി. ബാസ്‌ക്കറ്റ്‌ബോളില്‍ ഇന്ത്യന്‍ നായികയായിരുന്ന ജീന സഖറിയയുടെയും മുന്‍ ജൂനിയര്‍ ഇന്ത്യന്‍ താരം സഖറിയ തോമസിന്റെയും പുത്രി അന്‍ മേരി യു.എസില്‍ എന്‍.സി.എ.എ.ഡിവിഷന്‍ വണ്‍ കോളജ് ബാസ്‌ക്കറ്റ്‌ബോളില്‍ കളിക്കുന്നു. 2023 ല്‍ ആണ് ആന്‍ ആദ്യമായി ഡിവിഷന്‍ വണ്‍ താരമായത്.
കൃഷ്ണ ജയശങ്കര്‍ മേനോന്‍ എന്‍.സി.എ.എ.ഇന്‍ഡോര്‍ ചാംപ്യന്‍ഷിപ്പില്‍ ഡിസ്‌കസ് ത്രോയിലും ഷോട്ട്പുട്ടിലും മത്സരിച്ചു. അമേരിക്കയിലെ അന്തര്‍ സര്‍വകലാശാലാ മത്സരമാണിത്. ഇന്ത്യന്‍ ബാസ്‌കറ്റ്‌ബോള്‍ ടീം നായകരായിരുന്ന ജയശങ്കര്‍ മേനോന്റെയും പ്രസന്നകുമാരിയുടെയും പുത്രിയാണ് കൃഷ്ണ.നേരത്തെ അമേരിക്കയിലെ ആല്‍ബുക്കര്‍ക്കില്‍ മാര്‍ച്ച് ഒന്നിനു നടന്ന മൗണ്ടന്‍ വെസ്റ്റ് ഇന്‍ഡോര്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മീറ്റില്‍ ഷോട്ട്പുട്ടില്‍ 16.03 മീറ്റര്‍ താണ്ടി കൃഷ്ണ ഇന്‍ഡോര്‍ മീറ്റുകളില്‍ ഒരു ഇന്ത്യന്‍ വനിതാ താരത്തിന്റെ മികച്ച ദൂരം കണ്ടെത്തിയിരുന്നു. ആനിനും കൃഷ്ണയ്ക്കും പിന്നാലെ ആരോണും യുഎസില്‍ ദേശീയ തലത്തില്‍ ശ്രദ്ധ നേടട്ടെ എന്ന് ആശംസിക്കാം.
Story Highlights : Malayali student in US volleyball team
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here