നോട്ട് നിരോധനം; പ്രധാനമന്ത്രിയോട് വിശദീകരണം തേടിയേക്കും

നോട്ട് നിരോധിച്ച നടപടിയിൽ പ്രധാനമന്ത്രിയുടെ വിശദീകരണം തേടിയേക്കും. റിസർവ്വ് ബാങ്ക് ഗവർണർ ഊർജിത് പട്ടേലിന്റെ വിശദീകരണം തൃപ്തികരമല്ലെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിശദീകരണം തേടുമെന്നാണ് പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി അറിയിച്ചിരിക്കുന്നത്.
പാർലമെന്ററി സമിതി നോട്ട് നിരോധനത്തിൽ ഊർജിത് പട്ടേലിന്റെ വിശദീകരണം തേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വിശദീകരണം തൃപ്തികരമല്ലെങ്കിൽ മോഡിയോട് വിശദീകരണം ആവശ്യപ്പെടുമെന്ന് പാർലമെന്ററി സമിതി അധ്യക്ഷൻ കെ വി തോമസാണ് വ്യക്തമാക്കിയത്.
ഊർജിത് പട്ടേൽ ഇതുവരെയും വിശദീകരണം നൽകിയിട്ടില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് ആരോടും വിശദീകരണം തേടാൻ പാർലമെന്ററി സമിതിയ്ക്ക് അവകാശമുണ്ടെന്നും കെ വി തോമസ് അറിയിച്ചു. ജനുവരി 20 ന് സമിതി യോഗം ചേരുന്നതിന് മുമ്പ് വിശദീകരണം ലഭിക്കുമെന്നും ഇത് യോഗം വിശകലനം ചെയ്യുമെന്നും കെ വി തോമസ് വാർത്താ ഏജൻസിയായ പിടിഐ യെ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here