തോമസ് ഐസക്കിനെതിരെ ബിജെപി

ബിജെപി നേതാവ് കെ സുരേന്ദ്രന് പിന്നാലെ തോമസ് ഐസക്കിനെതിരെ എം ടി രമേശും രംഗത്ത്. കേന്ദ്ര ധനമന്ത്രിയെ സാമ്പത്തിക ശാസ്ത്രം പഠിപ്പിക്കാൻ നടക്കുന്ന ഐസക് ആദ്യം സ്വന്തം കർത്തവ്യം നിറവേറ്റണമെന്ന് ബിജെപി സംസ്ഥാന ജനറൽസെക്രട്ടറി എം ടി രമേശ് ആവശ്യപ്പെട്ടു.
സംസ്ഥാന പദ്ധതി വിഹിതത്തിന്‍റെ 70 ശതമാനവും ഇതുവരെ ചെലവഴിക്കാത്ത തിനെപ്പറ്റി വിശദീകരണം നൽകണം. സാമ്പത്തിക വർഷം തീരാൻ രണ്ടുമാസം മാത്രം അവശേഷിക്കെ ബാക്കി തുക എങ്ങനെയെങ്കിലും ചെലവഴിക്കാനുള്ള ശ്രമം അഴിമതിക്ക് കളമൊരുക്കാനാണ്. സംസ്ഥാനം കണക്കുകൾ നൽകാത്തതിനാൽ വിവിധ വകുപ്പുകൾക്കുള്ള കോടികളുടെ കേന്ദ്ര വിഹിതം നഷ്ടമാവുകയാണ്. ഇതൊക്കെ സംസ്ഥാന ധനമന്ത്രിയുടെ കടമയാണ്. ഇത് നിർവഹിക്കാൻ ഐസക് തയ്യാറാകണം.
സാമ്പത്തിക പരിഷ്കരണത്തിന്‍റെ ഗുണഫലത്തെപ്പറ്റി അറിവുള്ള ഐസക് അറിഞ്ഞ് കൊണ്ട് അസത്യം പ്രചരിപ്പിക്കുകയായിരുന്നു. മന്ത്രി പദവിയോടും പൊതുജീവിതത്തോടും അൽപ്പമെങ്കിലും സത്യസന്ധത ഉണ്ടെങ്കിൽ തെറ്റ് ഏറ്റ് പറയണം. 4 ലക്ഷം കോടി കള്ളപ്പണം ഉണ്ടെന്ന് റിസർവ്വ് ബാങ്ക് കണക്കുകൾ പുറത്തു വിട്ടതോടെ ഐസക് നാളിതുവരെ പറഞ്ഞ് നടന്നത് കളവാണെന്ന് തെളിഞ്ഞുവെന്നും രമേശ് പറഞ്ഞു. കെ സുരേന്ദ്രനും കഴിഞ്ഞ ദിവസം തോമസ് ഐസക്കിനെതിരെ പ്രസംഗത്തിൽ ആഞ്ഞടിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here