തട്ടിക്കൊണ്ടു പോകുകയായിരുന്ന യുവതിയില് നിന്ന് രണ്ട് വയസുകാരിയെ മേഘ രക്ഷപ്പെടുത്തിയതിങ്ങനെ

കുഞ്ഞുങ്ങളെ തട്ടിക്കൊണ്ട് പോകുന്ന വാർത്തകൾ നിരവധിയാണ്. നാം പലപ്പോഴും കണ്ടിട്ടുണ്ട് നാടോടി സ്ത്രീകളുടെയും, ഭിക്ഷക്കാരുടേയും പക്കൽ കുഞ്ഞുങ്ങളെ. അവയിൽ പലരും അവരുടെ കുഞ്ഞുങ്ങളാണെന്ന് വിശ്വസിക്കാൻ പോലും ചില സമയത്ത് നമുക്ക് സാധിക്കാറില്ല. അവയിൽ പല കുഞ്ഞുങ്ങളെയും എവിടുന്നെങ്കിലും തട്ടിക്കൊണ്ട് പോയതാണോ എന്ന് സംശയം തോന്നുമെങ്കിലും അവയെ ഒരു പടി മുന്നിലേക്ക് കൊണ്ടുപോവാനോ, സംശയം ദുരൂകരിക്കാനോ നാം ശ്രമിക്കാറില്ല.
എന്നാൽ ജോലി കഴിഞ്ഞ് ബസ്സിൽ സഞ്ചരിക്കുകയായിരുന്ന മേഘയ്ക്ക് അത്തരത്തിൽ ഒരു സംശയം തോന്നിയപ്പോൾ മേഘ ബുദ്ധിപരമായി നീങ്ങി. ഒരു പക്ഷേ ഈ ബുദ്ധിപരമായ നീക്കം നിങ്ങൾക്കും ഉപകാരപ്പെട്ടേക്കാം….
മാധ്യമപ്രവർത്തകയായ മേഘ പതിവ് പോലെ അന്നത്തെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ബസിൽ ഡ്രൈവറുടെ അടുത്താണ് മേഘ നിന്നിരുന്നത്. അപ്പോഴാണ് മേഘ തന്റെ അടുത്തിരുന്ന ഒരു സ്ത്രീയെ ശ്രദ്ധിക്കുന്നത്.
50 നോട് അടുത്ത് പ്രായം വരുന്ന ആ സ്ത്രീയെ ഒരു മുഷിഞ്ഞ സാരിയാണ് ധരിച്ചിരുന്നത്. വേഷവും മറ്റമെല്ലാം കൊണ്ട് ഒരു ഭിക്ഷക്കാരിയോ വീട്ടുജോലിക്കാരിയോ ആവാം എന്ന നിഗമനത്തിൽ മേഘ എത്തിച്ചേർന്നു. അവരുടെ വേഷമോ മഉഖമോ അല്ല മേഘയുടെ ശ്രദ്ധ പിടിച്ച് പറ്റിയത്. മറിച്ച് സ്ത്രീയുടെ പക്കലുണ്ടായിരുന്ന കുഞ്ഞാണ്.
2 വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന നല്ല വെളുത്ത നിറവും, സാമാന്യം ഭേതപ്പെട്ട സാമ്പത്തീക സ്ഥിതിയുള്ള കുടുംബത്തിലേത് എന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള വേഷവുമണിഞ്ഞ ഈ കുഞ്ഞ് വൃദ്ധയുടെ മടിയിൽ ഉറങ്ങി കിടക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ഈ കുഞ്ഞ് ആ സ്ത്രീയുടേതെന്ന് വിശ്വസിക്കാനായില്ല മേഘയ്ക്ക്. ഈ കുഞ്ഞിനെ തട്ടിക്കൊണ്ട് വന്നതാകുമോ ? മേഘയുടെ മനസ്സിൽ സംശയങ്ങൾ ഉടലെടുത്തു.
ഇനി അഥവാ ഈ കുട്ടി ഇവരുടെ ബന്ധുവിന്റെയോ മറ്റോ ആണെങ്കിലോ ? മറ്റാരെയും പോലെ പലതരം സംശയങ്ങൾ മേഘയെ പിന്നോട്ട് വലിച്ചെങ്കിലും മേഘ സ്ത്രീയോട് ചോദിക്കാൻ തന്നെ തീരുമാനിച്ചു.
ഉറച്ച സ്വരത്തിൽ മേഘ സ്ത്രീയോട് ചോദിച്ചു : ‘ ഈ കുട്ടി നിങ്ങളുടെയാണോ ?’ അൽപ്പം ഒന്ന് പരുങ്ങിയെങ്കിലും സ്ത്രീ മറുപടി പറഞ്ഞു ‘ അല്ല ഈ കുഞ്ഞ് എന്റെ മകളുടെയാണ്.’ മകൾ എവിടെയാണെന്ന് ചോദിച്ചപ്പോൾ സ്ത്രീ ബസിന്റെ പിറകിലേക്ക് ചൂണ്ടി കാണിച്ചു. ബസ്സിൽ നല്ല തിരക്കുണ്ടായിരുന്നത് കൊണ്ട് മേഘയ്ക്ക് മകളെ കാണാൻ കഴിഞ്ഞില്ല.
എന്നാൽ സ്ത്രീയുടെ ഈ ഉത്തരങ്ങളൊന്നും മേഘയെ വിശ്വസിപ്പിച്ചില്ല. വൃദ്ധയുടെ കണ്ണുവെട്ടിച്ച് മേഘ ആ കുഞ്ഞിനെ നുള്ളി നോക്കി. കുഞ്ഞ് ഉറങ്ങുകയാണോ അതോ എന്തെങ്കിലും മരുന്ന് കൊടുത്ത് സ്ത്രീ മയക്കി കിടത്തിയിരിക്കുകയാണോ എന്ന് അറിയാനായിരുന്നു അത്. എന്നാൽ പലപ്രാവിശ്യം നുള്ളി നോക്കിയിട്ടും കുഞ്ഞ് അനങ്ങുന്നില്ല….!!
ഇതോടെ മേഘയ്ക്ക് ഉറപ്പായി കുഞ്ഞ് സ്ത്രീയുടേതല്ലെന്ന്. മേഘ തന്റെ സംശയം ഡ്രൈവറേടും, കണ്ടക്ടറോടും പറഞ്ഞു. ബസ് പാതിവഴിക്ക് വച്ച് നിറുത്തിയ ഡ്രൈവർ സ്ത്രീയെ ചോദ്യം ചെയ്യുകയും ചെയ്തു. കുഞ്ഞുമായി രക്ഷപ്പെടാൻ ശ്രമിച്ച സ്ത്രീയുടെ ശ്രമം പരാജയപ്പെടുകയും പോലീസ് വന്ന് ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് പോലീസ് സ്റ്റേഷനിൽ അന്വേഷിച്ച മേഘയ്ക്ക് അറിയാൻ കഴിഞ്ഞത് കുഞ്ഞ് ഗുരഗാവുൺ സ്വദേശിയാണെന്നും ആ സ്ത്രീ ഈ കുഞ്ഞിന്റെ വീട്ടിൽ മുമ്പ് ജോലി ചെയ്തിരുന്ന സ്ത്രീയും ആയിരുന്നു എന്നുമാണ്.
മേഘ ജെയ്റ്റിലി സമയബന്ധിതമായി പ്രവർത്തിച്ചത് കൊണ്ട് മാത്രമാണ് ആ കുഞ്ഞിന് തന്റെ യഥാർത്ഥ അമ്മയുടെ അടുത്ത് എത്തിച്ചേരുവാൻ സാധിച്ചത്.
ബസ്സിലും ട്രെയിനുകളിലും സഞ്ചിരിക്കുമ്പോൾ നാം പലപ്പോഴും ഇത്തരം സംശയാസ്പദമായ സാഹചര്യങ്ങളിൽ കുഞ്ഞുങ്ങളെ കാണാറുണ്ട്. എന്നാൽ പ്രതികരിക്കാനുള്ള ധൈര്യമില്ലായ്മയോ അല്ലെങ്കിൽ സംശയം തെറ്റാണെങ്കിലോ എന്ന വിചാരമോ നമ്മെ പിന്നോട്ട് വലിക്കുന്നു. എന്നാൽ നാം പ്രതികരിക്കാൻ വൈകുന്ന ഓരോ നിമിഷവും ഒരോ കുഞ്ഞിനും നഷ്ടമാവുന്നത് സ്വന്തം ജീവിതവും, അവരുടെ മാതാപിതാക്കളെയുമാണ്.
Girl rescued child from kidnapping
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here