മോഹൻലാലിന് അവസരം നൽകാത്തത് എന്ത് കൊണ്ട്; കാരണം വെളിപ്പെടുത്തി അടൂർ

അടൂർ ഗോപാലകൃഷ്ണൻ എന്ന അതുല്യപ്രതിഭയെ നാമെല്ലാം ഗൗരവം നിറഞ്ഞ മുഖത്തോടെ മാത്രമേ കണ്ടിട്ടുള്ളു. എന്നാൽ തമാശകൾ പറയുന്ന ജീവിതത്തിലെ രസകരമായ നിമിഷങ്ങൾ പറഞ്ഞ് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന അടൂരിനെ ഒരു പക്ഷേ ആർക്കും സങ്കൽപ്പിക്കാനാവില്ല. ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി സൂപ്പർ നൈറ്റിൽ അതിഥിയായി എത്തിയപ്പോഴാണ് പ്രേക്ഷകർ അടൂരിന്റെ ഈ ഭാവമാറ്റം ആദ്യമായി കാണുന്നത്.
സ്വയംവരം, എലിപ്പത്തായം, മതിലുകൾ,നാല് പെണ്ണുങ്ങൾ, പോലുള്ള ഗൗരവ സിനിമകൾ ചെയ്യുന്ന അടൂരിന്റെ പ്രിയപ്പെട്ട ചിത്രം ദിലീപ് കേന്ദ്രകഥാപാത്രത്തിലെത്തിയ ഹാസ്യചിത്രം സിഐഡി മൂസയാണ് എന്നത് പ്രേക്ഷകർക്ക് മറ്റൊരു ഞെട്ടിക്കുന്ന അറിവായി.
അടൂരിന്റെ ഓരോ ചിത്രത്തിലും പല അഭിനേതാക്കളാണ് വരുന്നത്. എന്നാൽ ഒരൊറ്റ നടന് മാത്രമാണ് അടൂരിന്റെ മൂന്ന് ചിത്രങ്ങളിലും പ്രധാന കഥാപാത്രം ചെയ്യാൻ അവസരമുണ്ടായത്. അനന്തരം, മതിലുകൾ, വിധേയൻ എന്നീ അടൂർ ചിത്രങ്ങളിലാണ് മമ്മൂട്ടി അഭിനയിച്ചത്. മമ്മൂട്ടിയെ തന്റെ മൂന്ന് ചിത്രങ്ങളിലേക്കും തെരഞ്ഞെടുക്കാനുള്ള കാരണവും അടൂർ തന്നെ പറയുന്നു.
അഭിനയത്തിൽ തന്റേതായ കൈയ്യൊപ്പ് പതിപ്പിച്ച അദ്ദേഹത്തിന്റെ കഠിനാധ്വാനവും ചെയ്യുന്ന ജോലിയോടുള്ള ആത്മാർത്ഥയുമാണ് മമ്മൂട്ടിയെ തന്റെ ചിത്രത്തിൽ വീണ്ടും തന്റെ ചിത്രത്തിലേക്ക് തെരഞ്ഞെടുക്കാനുള്ള കാരണമെന്ന് അടൂർ പറയുന്നു.
പ്രേക്ഷകരുടെ മനസ്സിലുള്ള മറ്റൊരു ചോദ്യത്തിനും അടൂർ ഈ വേദിയിൽ മറുപടി പറഞ്ഞു. അടൂർ ചിത്രത്തിൽ ഒരിക്കൽ പോലും അഭിനയിക്കാത്ത നടനാണ് മോഹൻലാൽ. എന്ത് കൊണ്ടാണ് മലയാളികളുടെ ലാലേട്ടന് അടൂർ ചിത്രത്തിൽ അവസരം നൽകാത്തത് എന്ന അവതാരകയുടെ ചോദ്യത്തിന് അടൂരിന്റെ മറുപടി ഇങ്ങനെ: ഒരു കഥയെഴുതുമ്പോൾ, അതിലെ കഥാപാത്രത്തെ കുറിച്ചെഴുതുമ്പോൾ മനസ്സിൽ ഒരു മുഖം തെളിയും. അവരെയാണ് സിനിമയിലേക്ക് വിളിക്കുന്നത്. താൻ ഒരിക്കലും ഒരു നടനെ മനസ്സിൽ കണ്ട് കഥയെഴുതിയിട്ടില്ലെന്നും അടൂർ പറയുന്നു.
കൂടാതെ മറ്റ് നടീ നടന്മാരെ ആകസ്മികമായി കണ്ടുമുട്ടിയതിനെ കുറിച്ചും, അവർക്ക് തന്റെ സിനിമയിൽ അവസരം നൽകിയതിനെ കുറിച്ചും, കുട്ടികാലത്തെ വിശേഷങ്ങളെ കുറിച്ചും അടൂർ വാചാലനായി. അടൂർ ഗോപാലകൃഷ്ണൻ ഇതുവരെ പുറംലോകവുമായി പങ്കുവെക്കാത്ത ഒട്ടേറെ വിശേഷങ്ങളും കോമഡി സൂപ്പർ നൈറ്റിലൂടെ അദ്ദേഹം പങ്കുവെക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here