ഇതായിരുന്നില്ല ഞാൻ അറിഞ്ഞ അടൂർ…അൻസിബ എഴുതുന്നു

അടൂർ ഗോപാലകൃഷ്ണൻ ഒരു ഹാസ്യ പരിപാടിയിൽ വരുന്നത് ഇതാദ്യമാണ്. പൊതുവെ ഗൗരവ സ്വഭാവക്കാരനായ അദ്ദേഹം ഒരു ഹാസ്യ പരിപാടിയിൽ അതിഥിയായി എത്തുമെന്ന് ആരും പ്രതീക്ഷിച്ചിരിക്കില്ല. എന്നാൽ പതിവുകളൊക്കെ തെറ്റിച്ച് മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്രകാരൻ അടൂർ ഫഌവേഴ്സ് ചാനലിലെ കോമഡി സൂപ്പർ നൈറ്റ് വേദിയിൽ എത്തിയപ്പോൾ ഞെട്ടിയത് പ്രേക്ഷകർ മാത്രമല്ല അവതാരക അൻസിബ ഹസ്സനും കൂടിയാണ് .
ഒരു ‘സീരിയസ് ടോക്ക് ‘ പ്രതീക്ഷിച്ചിരുന്ന അൻസിബയ്ക്ക് മുന്നിൽ പൊട്ടിച്ചിരിപ്പിക്കുന്ന കഥകളുമായി എത്തിയ ഫലിത പ്രിയനായ അടൂരിനെ കുറിച്ച് അവതാരക അൻസിബ ഹസ്സൻ എഴുതുന്നു…
“ഒരുപാട് നാളായി എഴുതിയിട്ട്. അപ്പോൾ നിങ്ങൾ കരുതും ഞാൻ അതി ഗംഭീരമായി എഴുതുന്നയാളാണെന്ന്. ഒരിക്കലുമല്ല.
എന്റെ പ്രിയപ്പെട്ട സുഹൃത്ത് എന്നോട് ചോദിച്ചു അടൂർ ഗോപാലകൃഷ്ണൻ സാറിനെ നീ അഭിമുഖം നടത്തിയല്ലോ നിനക്കെന്താണ് അതെകുറിച്ച് തോന്നിയതെന്ന്.
ചെറുപ്പം തൊട്ടേ സിനിമകൾ വളരെ ആവേശത്തോടെ കാണുന്നത് കൊണ്ടും സിനിമയോട് വല്ലാത്തൊരു ഇഷ്ടം ഉള്ളതുകൊണ്ടും അടൂർ ഗോപാലകൃഷ്ണൻ സാറിന്റെ പല സിനിമകളും കണ്ടിട്ടുണ്ട്. അതും പോരാത്തതിന് സ്കൂൾ പാഠപുസ്തകങ്ങളിലും അദ്ദേഹത്തെക്കുറിച്ചും അദ്ദേഹത്തിന്റെ സിനിമകളുടെ തിരക്കഥകളും മറ്റും പഠിക്കാനുണ്ടായിരുന്നു.
മലയാള ചോദ്യ പേപ്പറിൽ അദ്ദേഹത്തെകുറിച്ച് ചോദ്യമുണ്ടായിരുന്നു. പത്രങ്ങളിലും മാസികകളിലും ടെലിവിഷനിലും. കംപ്യൂട്ടറിലും എല്ലാം കണ്ടുകണ്ട് വലിപ്പം വാനോളമുയർന്നു. അതോടൊപ്പം ആദരവും.
നേരിൽ കാണാനോ പരിചയപ്പെടാനോ കഴിയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എന്റെ പ്രിയ സുഹൃത്ത് അദ്ദേഹം നമ്മുടെ ടിവി പരിപാടിയിൽ അതിഥിയായി വരുന്നുവെന്ന് പറഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി.
അടൂർ സാറിന്റെ പല അഭിമുഖങ്ങളും ഞാൻ കണ്ടിരുന്നു. വളരെ ഗൗരവത്തിൽ സംസാരിക്കുന്ന അധികം ചിരിക്കാത്ത ബുദ്ധിജീവി എന്ന് ഞാൻ കരുതിയ പ്രിയപ്പെട്ട ചലച്ചിത്രകാരൻ.
പരിപാടിയ്ക്കായി അദ്ദേഹം വന്നപ്പോൾ ഏറെ ആദരവോടെ അത്ഭുതത്തോടെ അഭിമാനത്തോടെ അതിലേറെ ഭയത്തോടെ ഞാൻ അടുത്തേക്ക് ചെന്നു. ടിവി പരിപാടിയുടെ സംവിധായകൻ എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തി. സർ എന്നെ നോക്കി പുഞ്ചിരിച്ചു. ഈ ലോകത്ത് ഞാൻ കണ്ട ചിരികളിൽ വെച്ച് ഏറ്റവും നിഷ്കളങ്കമായ ചിരികളിൽ ഒന്നായിരുന്നു അത്. ബദാം പരിപ്പും അണ്ടി പരിപ്പും രുചിയോടെ ആസ്വദിച്ച് കഴിച്ച് ഉച്ചഭക്ഷണം കഴിഞ്ഞു എന്ന് ചിരിയോടെ പറഞ്ഞ സാറിന്റെ മുഖത്ത് കൊച്ചു കുട്ടിയുടെ നിഷ്കളങ്കതയാണ് തോന്നിയത്.
ഞാൻ അറിയാതെ തന്നെ എന്റെയുള്ളിലെ ഭയം എന്നെ വിട്ട് പോവാൻ തുടങ്ങിയിരുന്നു. ആധികാരികമായോ, ഗൗരവമായോ ഒക്കെ സാഹിത്യ ഭാഷയിലോ അല്ലെങ്കിൽ ഫാഷനിലോ സംസാരിക്കാനറിയാത്ത ഞാൻ എങ്ങനെ ഇത്രയും വലിയ ചലച്ചിത്രകാരനുമായി ക്യാമറയ്ക്കുമുന്നിൽ സംസാരിക്കും എന്നതായിരുന്നു എന്റെ വലിയ പേടി.
ആ ഭയമായിരുന്നു എന്നിൽനിന്നും വിട്ടുമാറാക്കൊണ്ടിരുന്നത്. സാഹിത്യ ഭാഷായിലായിരുന്നില്ല അദ്ദേഹം എന്നോട് സംസാരിച്ചിരുന്നത്. എനിക്ക് മനസ്സിലാകാത്ത അന്താരാഷ്ട്ര കാര്യങ്ങളുമായിരുന്നില്ല അദ്ദേഹം സംസാരിച്ചത്. സത്യം പറഞ്ഞാൽ എന്നിലെ സഭാകമ്പം അടൂർ സർ ഒഴിവാക്കിത്തന്നു. ഒരു മണിക്കൂർ അദ്ദേഹത്തോടൊപ്പം സ്റ്റേജിൽ നിന്നു.
തമാശകൾ ആസ്വദിക്കുന്ന, തമാശകൾ പറയുന്ന മുഖത്തെപ്പോഴും പുഞ്ചിരി സൂക്ഷിക്കുന്ന എല്ലാവരേയും സ്നേഹത്തോടെ കാണുന്ന അടൂർ ഗോപാലകൃഷ്ണൻ എന്ന പച്ചയായ മനുഷ്യനെയാണ് ഞാൻ അവിടെ കണ്ടത്. എന്റെയുള്ളിന്റെയുള്ളിൽ ഞാനറിയാതെ അടൂർ ഗോപാലകൃഷ്ണൻ എന്ന വാത്സല്യ നിധിയായ മനുഷ്യന്റെ കൊച്ചുമകൾ ആണെന്ന് തോന്നി.
ലോകം കണ്ട മഹാ ചലച്ചിത്രക്കാരൻ ന്നെതിലുപരി സ്നേഹം നിറഞ്ഞ നന്മ നിറഞ്ഞ നിഷ്കളങ്കനായ അദ്ദേഹത്തെ അടുത്തറിയാൻ കഴിഞ്ഞ സന്തോഷത്തിലാണ് ഞാനിപ്പോൾ….”
ansiba about adoor gopalakrishnan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here