കഴിഞ്ഞ 30 കൊല്ലമായി ജാനകിയമ്മയുടെ ശബ്ദം മാത്രം അനുകരിക്കുന്ന കലാകാരന്‍

ഇത് മാക്‌സി. ജാനകിയമ്മയുടെ ശബ്ദത്തിൽ ഗാനങ്ങൾ ആലപിക്കുന്ന ഈ കലാകാരനെ ഇന്ന് കേരളക്കരയ്ക്ക് സുപരിചിതമാണ്. ജാനകിയമ്മയുടെ ശബ്ദത്തിൽ മാക്‌സി പാടാൻ തുടങ്ങിയിട്ട് 30 വർഷത്തോളമായി. പണ്ട് നാട്ടിലെ ചെറിയ വേദികളിൽ തുടങ്ങിയ കലാപ്രകടനം ഇന്ന് ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി ഉത്സവത്തിൽ വരെ എത്തി നിൽക്കുന്നു.
ഫോർട്ട് കൊച്ചി സ്വദേശിയാണ് മാക്‌സി. കുട്ടിക്കാലം മുതൽ ജാനകിയമ്മയുടെ പാട്ടുകൾ കേട്ടുവളർന്ന ഈ കലാകാരൻ തന്റെ അഞ്ചാം വയസ്സിലാണ് ആദ്യമായി ജാനകിയമ്മയുടെ ശബ്ദം അനുകരിക്കുന്നത്. ജാനകിയമ്മയുടെ പാട്ടിനോടും, ആലാപനശൈലിയോടുമുള്ള പ്രത്യേക ഇഷ്ടമാണ് മാക്‌സിയെ ജാനകിയമ്മയുടെ ശബ്ദം അനുകരിക്കാൻ പ്രേരിപ്പിച്ചത്. പിന്നീട് സ്‌കൂളിലെ മത്സരവേദികളിലും, നാട്ടിലെ മറ്റ് വേദികളിലും അദ്ദേഹം ജാനകിയമ്മയുടെ സ്വരത്തിൽ പാടി തുടങ്ങി.
ഗന്ധർവ്വഗായകൻ യേശുദാസ്, ഗോപീ സുന്ദർ എന്നിങ്ങനെ നിരവധി പേരുടെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട് മാക്‌സി എന്ന ഈ കലാപ്രതിഭ.
നിരവധി തെലുങ്ക്-തമിഴ് ചിത്രങ്ങളിലും മാക്‌സിക്ക് അവസരം ലഭിച്ചിട്ടുണ്ട്. സിനിമയിലെല്ലാം പാടിയിട്ടുണ്ടെങ്കിലും ഗാനങ്ങൾ പുറത്ത് വരുമ്പോൾ അവ അദ്ദേഹം പാടിയ ഗാനങ്ങൾ ആയിരിക്കില്ല. മറ്റ് ഗായകർ പാടിയ ഗാനങ്ങളായായിരിക്കും അവ പുറത്ത് വരിക.
എന്നാൽ സിനിമയൊന്നുമല്ല മാക്‌സിയുടെ സ്വപ്‌നം. തെന്നിന്ത്യയുടെ വാനമ്പാടി ജാനകിയമ്മയെ ഒന്നു കാണുക, ആ കാൽ തൊട്ട് വന്ദിക്കുക, ജാനകിയമ്മ തന്റെ നെറുകയിൽ തൊട്ട് അനുഗ്രഹിക്കുക…ഇതാണ് മാക്‌സി വർഷങ്ങളായി ഹൃദയത്തിൽ കൊണ്ടുനടക്കുന്ന ഏറ്റവും വലിയ സ്വപ്നം. ഈ ഒരു നിമിഷത്തിനായുള്ള കാത്തിരിപ്പിലാണ് മാക്‌സി ഇന്നും…..
മാക്‌സിയുടെ പ്രകടനം വെള്ളിയാഴ്ച്ച ഫ്‌ളവേഴ്‌സിൽ സംപ്രേഷണം ചെയ്യുന്ന കോമഡി ഉത്സവത്തിൽ കാണാം
Janakiyamma, maxi, maxi the person who imitates janaki voice for 30 years
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here