പോലീസ്, നിങ്ങളിൽ നിന്ന് ഞങ്ങൾ ഏറെ പ്രതീക്ഷിക്കുന്നുണ്ട്

ഇന്നലെവരെ, നടിയെ ആക്രമിച്ച കേസിലെ പ്രതികളെ പിടിക്കാനാകാത്ത പോലീസിന് നേരെയുള്ള വാക്കേറുകളാണ് നടന്നിരുന്നതെങ്കിൽ ഇന്ന് സ്ഥിതി മറിച്ചാണ്. കോടതി മുറിയിൽനിന്നാണെങ്കിലും സുനിയെ പിടിക്കാൻ പോലീസ് കാണിച്ച ഹീറോയിസം മലയാളികൾക്ക് വല്ലാതെ ബോധിച്ചിട്ടുണ്ട്. വില്ലനെ ചെയ്‌സ് ചെയ്ത് പിടിക്കാൻ പറ്റിയില്ലെങ്കിലും കിട്ടിയിടത്തിട്ട് രണ്ട് ചവിട്ടും കൊടുത്ത് പിടിച്ചോണ്ട് പോകുകയെങ്കിലും ചെയ്തല്ലോ…
ശരിയാണ്, മാളത്തിൽനിന്നല്ല പൾസർ സുനി എന്ന മുഖ്യ പ്രതിയെയും കൂട്ടാളി വിജീഷിനെയും കസ്റ്റഡിയിലെടുത്തത്. കോടതി മുറിയ്ക്കുള്ളിൽനിന്നുതന്നെ. നിയമ പരമായി ഇത് ശരിയോ തെറ്റോ എന്ന ചർച്ചകൾ മാധ്യമങ്ങളിലും അഭിഭാഷകർക്കും പ്രതിപക്ഷ പാർട്ടികൾക്കുമിടയിലും നടക്കുമ്പോഴും ഇന്നലെ വരെ എന്തുമാകട്ടെ ഇന്ന് അവർ പിടിക്കപ്പെട്ടല്ലോ എന്നത് തന്നെയാണ് കേരളത്തിന്റെ പൊതുവികാരം.
ഇന്നലെ വരെ പോലീസിനെ ചീത്ത വിളിച്ചിരുന്ന, കേസിൽ ഗൂഢാലോചന നടത്തുന്നു, ഒതുക്കി തീർക്കുന്നു, സൗമ്യയും ജിഷയും ആവർത്തിക്കുന്നു തുടങ്ങിയ മുറവിളികൾ ഉയർത്തയവർതന്നെ പോലീസിന് ജയ് വിളിക്കുകയും ഞങ്ങൾ നിങ്ങളിൽ ഏറെ പ്രതീക്ഷ അർപ്പിക്കുന്നുവെന്ന് ഉറക്കെ വിളിച്ച് പറയുകയും ചെയ്തിരിക്കുകയാണ്.
അതെ, ആക്രമിക്കപ്പെട്ട നടി അവർ അനുഭവിച്ച ശാരീരിക മാനസിക സമ്മർദ്ധങ്ങൾക്കൊപ്പം നിൽക്കുന്നവരത്രയും, രാഷ്ട്രീയ ഇരട്ടത്താപ്പുകൾ ഉള്ളിൽ ഒളിപ്പിച്ചുവച്ചിട്ടില്ലത്തവരത്രയും നിങ്ങൾക്കൊപ്പമുണ്ട്. അപ്പോഴും ഒരു വാക്കുകൂടി എല്ലാവരും കൂട്ടിച്ചേർക്കുന്നു, ഞങ്ങളുടെ പ്രതീക്ഷകൾ തകർക്കരുതേ എന്ന്.
ഇന്ന് കോടതി മുറിയിൽനിന്ന് പ്രതിയെന്ന് ആരോപിക്കപ്പെട്ട പൾസർ സുനിയെയും കൂട്ടാളിയെയും വലിച്ച് ഇറക്കി. ഇനി നിയമത്തിന് മുന്നിൽ അവരെ തെളിവുകളോടെ നിർത്താനും നിങ്ങൾക്ക് കഴിയണം. അല്ലാതെ അവരെ വലിച്ചിറക്കിയ അതേ കോടതി മുറിയിൽ, നിങ്ങളെ പിന്താങ്ങിയ ജനങ്ങൾക്കിടയിൽ തലകുനിച്ച് നിൽക്കാൻ ഇടവരരുത്.
കേരള പോലീസിലുള്ള പ്രതീക്ഷ ഉപേക്ഷിക്കാനായില്ലെന്ന് മലയാളികൾ പറയാൻ തുടങ്ങിയിരിക്കുന്നു. ഇനി നാളെ പ്രതി സുനി മാത്രമാണെന്നും സുനി തന്നെയാണെ ന്നും കാരണം നായികയോടുള്ള അടങ്ങാത്ത ആരാധനയാണെന്നുമെല്ലാമുള്ള നട്ടാൽ കുരുക്കാത്ത കാരണങ്ങളും പറഞ്ഞ് ഈ വഴി വന്നേക്കരുതെന്നും വന്നാൽ പോലീസി നൊപ്പം എന്ന് ഹാഷ്ടാഗ് അടിച്ചവർ നാളെ പോമോനേ പോലീസേ എന്ന് തിരിച്ചടി യ്ക്കും എന്നും പറയാൻ പറഞ്ഞിട്ടുമുണ്ട് അവരിൽ പലരും.
ഇനി ഇടിച്ച് പിഴിഞ്ഞ് നല്ല കുറുകിയ ചാറായി നിങ്ങൾ പുറത്തുവിടുന്ന ആ വെളിപ്പെടുത്തലുകൾക്കായുളള കാത്തിരിപ്പിന്റെ നിമിഷങ്ങളാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here