എന്താ ആരുമൊന്നും മിണ്ടാത്തത് ?

റോയ് മാത്യു വിന്റെ വികൃതമാക്കപ്പെട്ട മൃതദേഹം പൊതിഞ്ഞു കെട്ടിയ ശവപ്പെട്ടി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയതിന്റെ ദൃശ്യങ്ങൾ നിങ്ങൾ കണ്ടിരുന്നോ? പതിനാലരക്കൊല്ലം അതിർത്തി കാത്ത സൈനികന്റെ ശവശരീരം അനാദരവിനാൽ നാണം കെടുത്തപ്പെട്ടത് അരമണിക്കൂറിലേറെയാണ് ദേശീയപതാകയുടെ പുതപ്പ് മൂടാതെ, വിശിഷ്ട വ്യക്തികളുടെ സാന്നിധ്യമില്ലാതെ, അപ്രതീക്ഷിതമായ ദുർമരണത്തിന്റെ ആഘാതത്തിൽ നിസ്സഹായരായ കുടുംബാംഗങ്ങൾക്ക് മുന്നിൽ റോയ് മാത്യുവിന്റെ ശവശരീരം ഒരു തർക്ക വസ്തുവായി കിടന്നു.
റീപോസ്റ്റ്‌മോർട്ടമാണോ, പാങ്ങോട്ടെ സൈനിക ക്യാമ്പിൽ പൊതുദർശനമാണോ നടക്കേണ്ടതെന്ന തർക്കം നടന്ന ഈ അരമണിക്കൂറിൽ വെളിവാക്കപ്പെട്ടത് നമ്മുടെ ദേശീയ വീരവാദങ്ങളുടെ പൊള്ളത്തരമാണ്. അതിർത്തി കാക്കുന്ന ജവാന്മാരുടെയും,
രാജ്യസ്‌നേഹത്തിന്റെയും കുത്തക കുറച്ചുകാലമായി കൈവശം വെച്ചിരിക്കുന്നവ രാരും ഒരു ജവാന്റെ മൃതദേഹാവശിഷ്ടങ്ങളോട് നീതി പുലർത്താൻ ഓടി കിതച്ചെത്തി യില്ല.
സേനയിൽ, നടക്കുന്ന കൊള്ളരുതായ്മകളെക്കുറിച്ച് ഒളിക്യാമറയിൽ സംസാരിച്ച കുറ്റത്തിനാണല്ലോ, റോയ് മാത്യു ക്രൂശിക്കപ്പെട്ടിരിക്കുന്നത്. സാബിന്റെ ഭാര്യക്ക് ബ്യൂട്ടി പാർലറിലും, മാർക്കറ്റിലും കൂട്ടു പോവുകയെന്ന് സേനാ ദൗത്യം നിറവേറ്റി കൊടുക്കേ ണ്ടി വരുന്നതിന്റെ ഗതികേട് പുറംലോകത്തെ അറിയിച്ചുവെന്ന ‘രാജ്യദ്രോഹ കുറ്റ’മാ ണ് ഈ മുപ്പത്തിമൂന്ന് വയസ്സുകാരനിൽ ആരോപിക്കപ്പെട്ടത്. വിമത ശബ്ദങ്ങളെയെല്ലാം അരിഞ്ഞു വീഴ്ത്തി വേണം നമ്മുടെ രാജ്യസ്‌നേഹ പതാക പറന്നുകളിക്കേണ്ടതെന്ന പുതിയ ഇന്ത്യൻ രാജ്യതന്ത്രം റോയ് മാത്യുവിൽ പ്രയോഗവത്ക്കരിക്കപ്പെട്ടിരിക്കുന്നു. എത്ര നിസ്സഹായരാണ് സാധാരണക്കാരനായ ഇന്ത്യൻ പൗരൻ?
രാജ്യത്തിനായി ഒരു പുത്രനെ നിയോഗിച്ച ഒരച്ഛനും അമ്മയ്ക്കും, സൈനികന്റെ ഭാര്യയെന്ന അഭിമാനപതക്കമണിയേണ്ട ഒരു സ്ത്രീയ്ക്കും എന്തു നീതിയാണ് രാജ്യത്തെ അടക്കി ഭരിക്കുന്നവർക്ക് വാഗ്ദാനം ചെയ്യാനുള്ളത് ?
കൊല്ലം ജില്ലയിലെ ഏഴുകോൺ സ്വദേശിയാണ് റോയ് മാത്യു എന്ന സൈനികൻ. പ്രതികരണത്തിന്റെ താക്കോൽ സൂക്ഷിപ്പുകാരനായ ഒരു ലോക്‌സഭാംഗവും രാജ്യസ് നേഹത്തിന്റെ നെടുങ്കൻ ഡയലോഗുകൾ സ്വായത്തമാക്കിയ ഒരു രാജ്യസഭാംഗവും കൊല്ലം ജില്ലയ്ക്കുണ്ട്. എന്തു കൊണ്ടാണ് ആരുമൊന്നും മിണ്ടാത്തത് ?
ഒരു സൈനികന്റെ ജീവൻ സ്വന്തം രാജ്യത്തിന് വേണ്ടി ബലിയർപ്പിക്കുവാനുള്ളതാണ്. പക്ഷേ, അത് ശത്രുരാജ്യത്തോട് പൊരുതിയാവണം. സ്വന്തം രാജ്യം അതിർത്തി കാക്കുന്നവന്റെ ജീവൻ കടിച്ചു കീറിതിന്നുവെങ്കിൽ നമ്മൾ സൂക്ഷിക്കണം. ഇവിടെ ഭരിക്കുന്നത് നാട്ടു നീതിയല്ല, കാട്ടുനീതിയാണ്.
റോയ് മാത്യുവിന്റെ മൃതാവശിഷ്ടങ്ങൾ അദ്ദേഹത്തിന്റെ വീട്ടിലേക്കെത്തുകയാണ്. ഇപ്പോഴും ആരും ഒന്നും മിണ്ടുന്നില്ല !
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here