Advertisement

ഡോ. രാംദാസ് പിഷാരടി: പകരക്കാരനില്ലാത്ത പ്രതിഭ

March 29, 2017
Google News 1 minute Read

ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച അപൂര്‍വ പ്രതിഭയാണ് അന്തരിച്ച തിരുവനന്തപുരം മെഡി. കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. രാംദാസ് പിഷാരടി. കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ കേരള നെറ്റ്‌വര്‍ക്ക് ഫോര്‍ ഓര്‍ഗണ്‍ ഷെയറിംഗ് (KNOS) അഥവാ മൃതസജ്ജീവനി സാക്ഷാത്ക്കരിച്ചത് ഡോ. രാംദാസ് പിഷാരടിയാണ്.

മൃതസഞ്ജീവനി പദ്ധതിയിലൂടെ നൂറുകണക്കിനാള്‍ക്കാര്‍ക്കാണ് പുതുജീവിതം നല്‍കാനായത്. മൃതസഞ്ജീവനിയുടെ ആസ്ഥാനം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊണ്ടു വന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ദീര്‍ഘകാലം പ്രിന്‍സിപ്പാളായും വൈസ് പ്രിന്‍സിപ്പാളായും ഇദ്ദേഹം സേവനമനുഷ്ടിച്ചിരുന്നു. ഇന്ത്യയിലെ അറിയപ്പെടുന്ന വൃക്കരോഗ വിദഗ്ധനായ ഇദ്ദേഹം തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, തൃശൂര്‍ തുടങ്ങിയ മെഡിക്കല്‍ കോളേജുകളില്‍ സേവനമനുഷ്ടിച്ചിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയിലും എസ്.യു.ടി. ആശുപത്രിയിലും നെഫ്രോളജി കണ്‍സള്‍ട്ടന്റായി ജോലി നോക്കിവരികയായിരുന്നു അദ്ദേഹം.

മെഡിക്കല്‍ കോളേജിന്റെ വികസനത്തില്‍ സമഗ്ര സംഭാവനകള്‍ നല്‍കിയ ഡോ. രാംദാസ് പിഷാരടി നല്ലൊരു ഭരണകര്‍ത്താവുമായിരുന്നു. മെഡിക്കല്‍ കോളേജിനെ ആധുനികവത്ക്കരിക്കാന്‍ അദ്ദേഹം അക്ഷീണം പ്രയത്‌നിച്ചു. മറ്റേതൊരു സ്വകാര്യ ആശുപത്രിയിലുമുള്ള സൗകര്യങ്ങള്‍ പാവപ്പെട്ടവര്‍ക്കും ലഭ്യമാക്കാനായി അദ്ദേഹം ആത്മാര്‍ത്ഥമായി പ്രയത്‌നിച്ചു. മെഡിക്കല്‍ കോളേജില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, പുതിയ ഒ.പി. മന്ദിരം എന്നിവ സാക്ഷാത്ക്കരിച്ചത് അദ്ദേഹമാണ്. ആകാശ ഇടനാഴി, ഇപ്പോള്‍ പണിപൂര്‍ത്തിയാകാറായ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക് എന്നിവയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തിയതും അദ്ദേഹമാണ്.

തൃശൂര്‍ സ്വദേശിയായ ഡോ. രാംദാസ് പിഷാരടി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ്. പൂര്‍ത്തിയാക്കി. ചണ്ഡിഗഡ് പി.ജി.ഐ.എം.ഇ.ആര്‍. ല്‍ നിന്നും എ.ഡി. മെഡിസിന്‍, ഡി.എം. നെഫ്രോളജി, കാനഡ ഹാമിള്‍ട്ടണ്‍, ഒന്റാറിയോയില്‍ നിന്ന് എം.എസ്.സി. എന്നിവ കരസ്ഥമാക്കി. എഫ്.ഐ.എസ്.എന്‍. ഇന്ത്യന്‍ സൊസൈറ്റി ഓഫ് നെഫ്രോളജി, എഫ്.ആര്‍.സി.പി. റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ്, ഗ്ലാസ്‌ഗോ, എഫ്.ആര്‍.സി.പി. റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് ലണ്ടന്‍ എന്നിവിടങ്ങളില്‍ നിന്നും ഫെലേഷിപ്പും കരസ്ഥമാക്കി.

1982 മുതല്‍ 2015 വരെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ സേവനം അനുഷ്ടിച്ചു. ആരോഗ്യ സര്‍വകലാശാലയ്ക്ക് കീഴില്‍ പ്രൊഫസറായും അധ്യാപകനായും റിസര്‍ച്ച് ഗൈഡായും സുദീര്‍ഘമായ സേവനം നടത്തി. 2006 ഫെബ്രുവരി മുതല്‍ 2007 ഒക്‌ടോബര്‍ വരേയും 2008 ജനുവരി മുതല്‍ 2008 ജൂണ്‍ പകുതി വരേയും ഡോ. രാംദാസ് പിഷാരടി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പാളായിരുന്നു. 2008 ജൂണ്‍ മുതല്‍ 2015 ഏപ്രില്‍ വരെ അദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളായിരുന്നു. ദീര്‍ഘകാലത്തെ ഭരണപരിചയം കാരണം നിരവധി സംഭവനകള്‍ മെഡിക്കല്‍ കോളേജിന് നല്‍കാന്‍ അദ്ദേഹത്തിനായി.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഉച്ചയ്ക്ക് 2.30ന് കിംസ് ആശുപത്രിയില്‍ വച്ചാണ് ഡോ. രാംദാസ് പിഷാരടി (62) മരണമടഞ്ഞത്. വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ 9.30 വരെ മൃതദേഹം തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ടീച്ചര്‍ ആദരാഞ്ജലികളര്‍പ്പിക്കും. തുടര്‍ന്ന് മൃതദേഹം സ്വവസതിയായ പോങ്ങുംമൂട് ബാപ്പുജി നഗര്‍ മൈക്രോവേവ് ലൈന്‍ ഹൗസ് നമ്പര്‍ 82 ഗീതത്തില്‍ എത്തിക്കും. അവിടെ നിന്നുള്ള ചടങ്ങുകള്‍ക്ക് ശേഷം ശാന്തി കവാടത്തില്‍ സംസ്‌കരിക്കും.

ആര്‍.സി.സി.യിലെ പ്രൊഫസറായ ഡോ. ജയശ്രീയാണ് ഭാര്യ. വിനീതയും സംഗീതയുമാണ് മക്കള്‍. വിനീത വി.എസ്.എസ്.സി.യിലെ സയന്റിസ്റ്റാണ്. സംഗീത ഡോക്ടറാണ്. കാര്‍ഡിയോളജിസ്റ്റായ ഡോ. പ്രവീണ്‍, റേഡിയോളജിസ്റ്റായ ഡോ. അര്‍ജുന്‍ എന്നിവരാണ് മരുമക്കള്‍. അഭിനവ്, നന്ദിത എന്നിവര്‍ ചെറുമക്കളാണ്.

ഡോ. രാംദാസ് പിഷാരടിയുടെ നിര്യാണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അനുശോചനം രേഖപ്പെടുത്തി. മെഡിക്കല്‍ കോളേജിന്റെ വികസനത്തില്‍ സമഗ്ര സംഭാവനകള്‍ നല്‍കിയ ഡോ. രാംദാസ് പിഷാരടി നല്ലൊരു വൃക്കരോഗ വിദഗ്ധനും ഭരണകര്‍ത്താവുമായിരുന്നെന്ന് മന്ത്രി അനുസ്മരിച്ചു.

Dr. Ramdas Pisharody – a medical prodigy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here