സംസ്ഥാന മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു

2015ലെ സംസ്ഥാന മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. ജനറൽ റിപ്പോർട്ടിംഗിന് ദീപിക ദിനപത്രത്തിലെ രഞ്ജിത് ജോൺ അർഹനായി. ദീപിക ദിനപത്രത്തിൽ 2015 സെപ്റ്റംബർ 17മുതൽ 24വരെ പ്രസിദ്ധീകരിച്ച കണ്ണീർ പെരുമഴയിൽ കാർഷിക ഗ്രാമങ്ങൾ എന്ന ലേഖന പരമ്പരക്കാണ് അവാർഡ്. കേരളത്തിലെ തകർന്നു പോയ കാർഷിക ഗ്രാമങ്ങൾ എങ്ങനെ ഉയർത്തിക്കൊണ്ടുവരാം എന്നു പരിശോധിക്കു ന്നതാണ് പരമ്പര. വികസനോന്മുഖ റിപ്പോർട്ടിംഗിന് മാതൃഭൂമി ദിനപത്രത്തിലെ ടി.സോമൻ അർഹനായി. 2015 ഡിസംബർ 7 മുതൽ12 വരെ പ്രസിദ്ധീകരിച്ച കേര(ളം) എങ്ങോട്ട്? എന്ന പരമ്പരക്കാണ് അവാർഡ്. കാറ്റുവീഴ്ചയെന്ന രോഗം കേരളത്തിന്റെ സാമൂഹികസാമ്പത്തിക മേഖലയിലുണ്ടാക്കിയ തകർച്ചയും പ്രശ്‌നത്തെ ഗൗരവമായി നേരിടുന്നില്ലെന്ന യാഥാർഥ്യവുമാണ് പരമ്പര തുറന്നുകാട്ടുന്നത്.

Biju Pankaj

ബിജു പങ്കജ്‌

ന്യൂസ് ഫോട്ടോഗ്രാഫിയിൽ മലയാളമനോരമ ഫോട്ടോഗ്രാഫർ റസൽ ഷാഹുൽ അവാർഡിന് അർഹമായി. 2015 ജനുവരി 22ന് കപ്പിനും മന്ത്രിയ്ക്കുമിടയിൽ എന്ന അടിക്കുറിപ്പോടെ പ്രസിദ്ധികരിച്ച ചിത്രത്തിനാണ് അവാർഡ്. കോഴിക്കോട് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളന വേദിയിൽ വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടന പ്രസംഗം ആരംഭിച്ചപ്പോൾ കരിങ്കൊടിയുമായി വേദിയിൽ എത്തിയ വിദ്യാർത്ഥിസംഘടനാ പ്രവർത്തകരെ സ്വർണക്കപ്പിനും മന്ത്രിയ്ക്കും തൊട്ടുമുന്നിൽ പോലീസ് നേരിടുന്നതാണ് ദൃശ്യം. കാർട്ടൂൺ വിഭാഗത്തിൽ കേരള കൗമുദിയിലെ റ്റി.കെ. സുജിതിനാണ് അവാർഡ്. 2015 ഒക്ടോബർ 13ന് പ്രസിദ്ധീകരിച്ച കാർട്ടൂണിനാണ് പുരസ്‌കാരം.

ടി.വി റിപ്പോർട്ടിംഗിന് മാതൃഭൂമി ന്യൂസിലെ ബിജു പങ്കജിനാണ് പുരസ്‌കാരം. 2015 ജൂലൈ ഒൻപതിന് സംപ്രേഷണം ചെയ്ത മാതൃത്വം വിൽപനയ്ക്ക് എന്ന റിപ്പോർട്ടിനാണ് അവാർഡ്. സംസ്ഥാനത്തെ വന്ധ്യതാനിവാരണ ക്ലിനിക്കുകളുടെ മറവിൽ കൊഴുക്കുന്ന വാടക ഗർഭധാരണ കച്ചവടത്തെക്കുറിച്ചുളള അന്വേഷണ പരമ്പരയാണിത്.

binish baby

ബിനിഷ് ബേബി

ടി.വി ന്യൂസ് എഡിറ്റിംഗിന് മനോരമ ന്യൂസിലെ ബിനീഷ് ബേബി അർഹനായി. വാടുന്ന ബാല്യം എന്ന തലക്കെട്ടിൽ 2015 ജൂലൈ 18ന് സംപ്രേഷണം ചെയ്ത വാർത്തയിൽ സ്‌കൂളിൽ പോകാതെ അലയുന്ന ആദിവാസി ബാല്യങ്ങൾ, മദ്യത്തിനും ലഹരിയ്ക്കും കീഴടങ്ങുന്നതിന്റെ നേർക്കാഴ്ചകളാണ് പകർത്തിയത്.

binu thomas

ബിനു തോമസ്‌

ടി.വി ന്യൂസ് ക്യാമറ വിഭാഗത്തിൽ മാതൃഭൂമി ന്യൂസിലെ ബിനു തോമസിനാണ് പുരസ്‌കാരം. 2015 മാർച്ച് 13, ഏപ്രിൽ ഒന്ന്, മൂന്ന് തീയതികളിൽ സംപ്രേഷണം ചെയ്ത മലമുഴക്കിയുടെ ജീവനസംഗീതം എന്ന റിപ്പോർട്ടിനാണ് അവാർഡ്. കേരളത്തിന്റെ
ഔദ്യോഗിക പക്ഷിയായ മലമുഴക്കി വേഴാമ്പലിന്റെ സ്‌നേഹ വായ്പുകൾ, ദിനചര്യകൾ, കൂട്ടിനുളളിൽ കഴിയുന്ന കുഞ്ഞ് വേഴാമ്പലിന്റെ ദൃശ്യങ്ങൾ തുടങ്ങി അപൂർവമായ കാഴ്ചകൾ കോർത്തിണക്കിയ ദൃശ്യാവിഷ്‌കരണമാണ് ഇതിലുളളത്. 25,000 രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് അവാർഡിന് അർഹമായവർക്ക് ലഭിക്കുക.

sajeev

സജീവ് വി

ന്യൂസ്‌ക്യാമറാ വിഭാഗത്തിൽ മനോരമ ന്യൂസിലെ സജീവ്. വി പ്രത്യേക
പരാമർശത്തിന് അർഹനായി. 2015 ഒക്ടോബർ മൂന്നിന് ലോക പാർപ്പിട
ദിനത്തോടനുബന്ധിച്ച് സംപ്രേഷണം ചെയ്ത പരിപാടിയാണ് അവാർഡ് നേടിയത്. പ്രത്യേക പരാമർശത്തിന് 15,000 രൂപയും ഫലകവും പ്രശസ്തി പത്രവും ലഭിക്കും.

ജനറൽ റിപ്പോർട്ടിംഗ് വിഭാഗത്തിൽ ഡോ. സെബാസ്റ്റ്യൻ പോൾ, എം.പി. അച്യുതൻ, കെ.സി. വേണു എന്നിവരും വികസനോന്മുഖ റിപ്പോർട്ടിംഗിന് സി. രാധാകൃഷ്ണൻ, എം.ജി. രാധാകൃഷ്ണൻ, ടി.എൻ. സീമ എന്നിവരും, ന്യൂസ് ഫോട്ടോഗ്രാഫിയിൽ ശിവൻ, പി.മുസ്തഫ, സണ്ണി ജോസഫ് എന്നിവരും ജഡ്ജിമാരായിരുന്നു. കാർട്ടൂണിൽ സി.ജെ. യേശുദാസൻ, പി.വി. കൃഷ്ണൻ, കെ.എൽ. മോഹനവർമ്മ എന്നിവരും, ടി.വി റിപ്പോർട്ടിംഗിൽ പ്രൊഫ. മാടവന ബാലകൃഷ്ണപിളള, സണ്ണിക്കുട്ടി എബ്രഹാം, സരസ്വതി നാഗരാജൻ, ന്യൂസ് എഡിറ്റിംഗ് വിഭാഗത്തിൽ പ്രമോദ് പയ്യന്നൂർ, എം.കെ. വിവേകാനന്ദൻ നായർ, രമേഷ് വിക്രമൻ, ന്യൂസ് ക്യാമറ വിഭാഗത്തിൽ നീലൻ, സി.എസ്. വെങ്കിടേശ്വരൻ, ജയൻ കെ.ജി എന്നിവരും വിധികർത്താക്കളായി.

ഇത്തവണ ജനറൽ റിപ്പോർട്ടിംഗ് (23) വികസനോന്മുഖ റിപ്പോർട്ടിംഗ് (13) ഫോട്ടോഗ്രാഫി (47) കാർട്ടൂൺ (10) എന്നീ ക്രമത്തിൽ എൻട്രികൾ ലഭിച്ചിരുന്നു. ടി.വി ന്യൂസ് വിഭാഗത്തിൽ എൻട്രികളൊന്നും ലഭിച്ചില്ല. അവാർഡ് നിർണയത്തിനായുളള ജഡ്ജിംഗ് കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നതിനും അനുബന്ധ പ്രവർത്തനങ്ങൾക്കും കേരള മീഡിയാ അക്കാദമിയെ ചുമതലപ്പെടുത്തിയിരുന്നു.

ഏപ്രിൽ 25ന് വൈകിട്ട് അഞ്ചിന് ടാഗോർ തിയേറ്ററിൽ നടക്കുന്നചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് വിതരണം ചെയ്യും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് അഡീഷണൽ ചീഫ് സെക്രട്ടറി ഷീലാ തോമസാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. 2016ലെ അവാർഡുകൾ ഈ വർഷംതന്നെ പ്രഖ്യാപിക്കുമെന്ന് ഷീലാ തോമസ് അറിയിച്ചു. മീഡിയ അക്കാദമി ചെർമാൻ ആർ.എസ്. ബാബു, ഐ.പി.ആർ.ഡി അഡീഷണൽ ഡയറക്ടർമാരായ പി. വിനോദ്, കെ. സന്തോഷ് കുമാർ എന്നിവരും മാധ്യമ സമ്മേളനത്തിൽ പങ്കെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top