കണി ഒരുക്കി കേരളം; ഇന്ന് വിഷു

vishu

ഓണം കഴിഞ്ഞാൽ മലയാളികളുടെ ഏറ്റവും വലിയ ആഘോഷമാണ് വിഷു. കൊന്നയും വെള്ളരിയുമെല്ലാം കണികണ്ടുണരുന്ന സമൃദ്ധിയുടെ നാൾ.
വിഷു എന്നാൽ തുല്യമായത് എന്നർത്ഥം. രാത്രിയം പകലും തുല്യമായ ദിവസം. മലയാള മാസപ്രകാരം പുതുവർഷപ്പിറവിയാണ് വിഷുപ്പുലരി. വിളവെടുപ്പിന് ശേഷമുള്ള കാർഷികോത്സവം. വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ് വിഷു ആചരിക്കുന്നത്. വർഷാരംഭം ആയതുകൊണ്ടുതന്നെ ഇന്നേ ദിവസത്തെ ഫലം വർഷാവസാനം വരെ നിലനിൽക്കുമെന്നാണ് വിശ്വാസം.

നൂറ്റാണ്ടുകളുടെ ഉത്സവമാണ് വിഷു എന്ന് ചരിത്രങ്ങൾ പറയുന്നു. സംഘകൃതിയായ പതിറ്റുപത്തിൽ വിഷുവിനെക്കുറിച്ചുള്ള പരാമർശങ്ങൾ ഉണ്ട്. അതുകൊണ്ടുതന്നെ ആദി ദ്രാവിഡരുടെ ആഘോഷങ്ങളിൽപ്പെട്ട ഉത്സവമായാണ് വിഷു കണക്കാക്കപ്പെടുന്നത്. മത്സ്യമാസം വർജ്ജിച്ചുകൊണ്ടുള്ള ഓണാഘോഷത്തിൽ നിന്ന് വിരുദ്ധമായി മാംസാഹാരം സദ്യയിൽ ഉൾപ്പെടുത്തുന്നത് വിഷുവിന്റെ പ്രത്യേകതയാണ്. ആദി ദ്രാവിഡരുടെ മാംസാഹാരത്തോടുള്ള താൽപര്യമാണ് വിഷുവിലും നിഴലിക്കുന്നത്. എങ്കിൽ ഓണത്തേക്കാൾ പഴക്കമുണ്ട് ഈ ആഘോഷത്തിന്.

മഹാവിഷ്ണുവിന്റെ അവതാരമായ കൃഷ്ണൻ നരകാസുരനെ വധിച്ച ദിവസമാണ് വിഷുദിനമായി ആചരിക്കുന്നത് എന്നാണ് ഐതീഹ്യം. രാവണനുമായി ബന്ധപ്പെട്ട ഐതീഹ്യവും നിലനിൽക്കുന്നുണ്ട്.

വിഷുവിന് കണിയാണ് ഏറ്റവും പ്രധാനം. വീട്ടിലെ മുതിർന്നവർ കണി ഒരുക്കി പുലർച്ചെ കണ്ണുപൊത്തി കണ്ണനുമുന്നിൽ കണികാണിക്കുമ്പോൾ ആ കാഴ്ചയിലെ എല്ലാ സമൃദ്ധിയും വർഷം മുഴുവൻ നിലനിൽക്കുമെന്നാണ് വിശ്വാസം. സ്വർണ്ണവർണ്ണനായ കൃഷ്ണൻ, കണിക്കൊന്ന, കണിവെള്ളരി, വാൽക്കണ്ണാടി, പട്ടുപുടവ, സിന്ദൂരച്ചെപ്പ്, കൺമഷി, പഴുത്ത അടയ്ക്ക, വെറ്റില, ചാന്ത്, വെള്ളിപ്പണം, സ്വർണ്ണം ഇങ്ങനെ നീളുന്നു കണിഒരുക്കങ്ങൾ.

മറ്റെല്ലാത്തിൽനിന്നും ആകർഷണീയമാണ് വിഷുകൈനീട്ടം. കണികണ്ടതിനുശേഷം ഗൃഹനാഥൻ/ ഗൃഹനാഥ നൽകുന്ന സമ്മാനം. വർഷം മുഴുവൻ സമൃദ്ധി നേർന്നുകൊണ്ടാണ് കൈനീട്ടം നൽകുന്നത്. എല്ലാം കഴിഞ്ഞാൽ പിന്നെ വിഷുപ്പടക്കം, വിഷു സദ്യ അങ്ങനെ വിഷു ആഘോഷങ്ങൾക്ക് വർണ്ണവും ശബ്ദവും രുചിയും ഏറും.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More