മാണിയുടെ മടക്കം; മലക്കം മറിഞ്ഞ് കോൺഗ്രസ്

കോൺഗ്രസിൽ തർക്കം അവസാനിക്കുന്നില്ല. കെ എം മാണിയെ തിരിച്ച് വിളിച്ച നടപടിയിൽ മലക്കം മറിഞ്ഞ് കോൺഗ്രസ്. മാണി തിരിച്ച് വരണമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന നിലപാടുമായി ഹസ്സൻ രംഗത്തെത്തി. മാണി മടങ്ങി വരണമെന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ താൻ അത്തരമൊരു നിലപാടെടുത്തിട്ടില്ലെന്ന് ഹസ്സൻ. പാർട്ടിയിലെ എതിർപ്പുകൾ തുടരുന്നതിനിടെയാണ് ഹസ്സൻ നിലപാട് മാറ്റിയത്.
തിരുവനന്തപുരത്ത് ചേർന്ന കെ പി സി സിയുടെ നേതൃയോഗത്തിലാണ് മാണിയെ തിരിച്ച് വിളിച്ചതിനെതിരെ നേതാക്കൾ രംഗത്തെത്തിയത്. പി ടി തോമസ്, ജോസഫ് വാഴയ്ക്കൻ, എം എം ജേക്കബ് എന്നിവരാണ് മാണിയ്‌ക്കെതിരെ നിലപാടെടുത്തത്.
കോൺഗ്രസിനെ നിരന്തരമായി അപമാനിക്കുന്ന ആളാണ് മാണി. ഇത്തരത്തിലൊരാളെ ഇനിയും കൂടെ കൂട്ടണമോ എന്ന് ആലോചിക്കണം. അപമാനം സഹിച്ച് ഇനിയും മാണിയെ തിരിച്ചെടുക്കേണ്ടതില്ലെന്നും പി ടി തോമസ് യോഗത്തിൽ പറഞ്ഞിരുന്നു.
എല്ലാ ദിവസവും മാണിയെ ക്ഷണിക്കേണ്ടതില്ലെന്ന് ജോസഫ് വാഴയ്ക്കനും കേരള കോൺഗ്രസിന് ഇല്ലാത്ത ശക്തി പെരുപ്പിച്ച് കാണിക്കേണ്ടതില്ലെന്ന് എം എം ജേക്കബും നിലപാടെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here