പുഴുക്കൾ നുരയ്ക്കുന്ന ശുചിമുറി, ദുർഗന്ധം വമിക്കുന്ന കിണർ, ദുരിതമൊഴിയാതെ കുറേ മനുഷ്യർ

ഇത് അങ്കമാലിയിലെ കെഎസ്ആർടിസി ജീവനക്കാരുടെ ശുചിമുറി. വർങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലമല്ല, നാൽപതോളം പേർക്ക് അധികൃതർ കനിഞ്ഞ് നൽകിയ സ്ഥലം തന്നെയാണ്. ഇവിടേക്ക് വെള്ളമെത്തുന്ന കിണറിന്റെ അവസ്ഥ ഇതിലും ശോചനീയം.
ഈ പൊട്ടിപ്പൊളിഞ്ഞ കക്കൂസുകളിൽനിന്നൊഴുകുന്ന മാലിന്യങ്ങൾ പരത്തുന്നത് അതീവ ഗുരുതരമായ ത്വക്ക് രോഗങ്ങളാണ്. പൊട്ടിപ്പൊളിഞ്ഞ കക്കൂസുകളിൽനിന്ന് ഒഴുകുന്ന മാലിന്യം ബസ്റ്റാന്റ് ഗ്രൗണ്ടിന്റെ ഒരു വശത്തെ കിണറ്റിലേക്കാണ് ഒഴുകിയെത്തുന്നത്. ഈ വെള്ളമാണ് ഇവിടെയുള്ളവർക്ക് കുളിക്കാനും മറ്റ് പ്രാഥമിക ആവശ്യങ്ങൾക്കും നൽകുന്നത്. വൃത്തിഹീനമായ പരിസരത്ത് താമസിക്കേണ്ടി വരുന്നതും മാലിന്യം കലർന്ന വെള്ളം ഉപയോഗിക്കേണ്ടി വരുന്നതും ഇവിടെ ജോലി ചെയ്യുന്ന കെഎസ്ആർടിസി ബസ് ജീവനക്കാർക്ക് നൽകുന്നത് തീരാത്ത ത്വക്ക് രോഗങ്ങൾ മാത്രം.
30 മുതൽ 50 ജീവനക്കാർ വരെയാണ് അങ്കമാലി കെഎസ്ആർടിസി സ്റ്റാന്റിലെ പൊട്ടിപ്പൊളിഞ്ഞ മുറികളിൽ താമസിക്കുന്നത്. ഇവർക്കായി ആകെ ഉള്ളത് 10ഓളം കക്കൂസുകൾ. ഇതിൽ 3 എണ്ണം ഉപയോഗ ശൂന്യമായതിനാൽ പൂട്ടിയിട്ടിരിക്കുകയാണ്. ഇതിൽ ബാക്കിയുള്ളവ പൊട്ടിപ്പൊളിഞ്ഞ്, മലമൂത്ര വിസർജ്ജ്യങ്ങൾ ബസ് സ്റ്റാന്റിന് സമീപത്തുള്ള കിണറ്റിലേക്ക് പരന്നൊഴുകുകയാണ്. ഒപ്പം ബസ്റ്റാന്റ് പരിസരത്ത് യാത്രക്കാർ മലമൂത്ര വിസർജ്ജനം നടത്തുന്നതും സർവ്വ സാധാരണമാണെന്നും തൊഴിലാളികൾ പറയുന്നു.
ഇരുട്ടിന്റെ മറവിൽ യാത്രക്കാരും പലവിധ രോഗികളായ യാചകരും വിസർജ്ജിക്കുന്നത് സർവീസ് കഴിഞ്ഞു വരുന്ന ബസ്സുകൾക്കിടയിലാണ്. ഇതും കക്കൂസ്സ് പൊട്ടിയൊഴുകുന്ന മാലിന്യവും നീരുറവ കണക്കെ ഒലിച്ചിറങ്ങുന്നതാകട്ടെ ഈ കിണറ്റിലേക്കും. ഈ വെള്ളമാണ് ജീവനക്കാർ പ്രാഥമിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്.
കൊതുക് ശല്യം കാരണം രാത്രിയിൽ ഇവിടെ താമസിക്കാനാകില്ല. കുടിക്കാൻ വെള്ളമോ, കാന്റീൻ സൗകര്യമോ ഇവിടെ താമസിക്കുന്ന ജീവനക്കാർക്ക് ഇതുവരെയും ലഭ്യമാക്കിയിട്ടില്ല. സ്വന്തം കയ്യിൽനിന്ന് പണം മുടക്കി കുപ്പി വെള്ളം വാങ്ങിയാണ് ഇവർ കുടിക്കുന്നത്. ഇനി വെള്ളം ലഭ്യമാക്കുകയാണെങ്കിൽ തന്നെ വിസർജ്ജ്യ മാലിന്യം കലർന്ന കിണറ്റിലെ വെള്ളം കുടിക്കാനാകില്ലെന്നും തൊഴിലാളികൾ.
ജോലിക്കാരിൽ എംപാനൽ ജീവനക്കാരും സ്ഥിരം ജീവനക്കാരുമുണ്ട്. തങ്ങൾക്ക് പരാതി പറയാൻ മാത്രമേ കഴിയുകയുള്ളൂ എന്നും നേരിട്ട് പരാതി എഴുതി നൽകാനാകില്ലെന്നും അഥവാ എഴുതി നൽകിയാൽ തന്നെ് ഇവരുടെ തലപ്പത്തെ ഉദ്യോഗസ്ഥർ തെരഞ്ഞ് പിടിച്ച് ക്രൂശിക്കുകയാണ് പതിവെന്നും കെഎസ്ആർടിസി ബസ് ജീവനക്കാരൻ ട്വന്റിഫോർന്യൂസിനോട് പറഞ്ഞു.
Angamali| Eranakulam| KSRTC| Toilet Waste|
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here