പറമ്പിക്കുളം-ആളിയാർ പദ്ധതി: കേരളം ചൂണ്ടിക്കാട്ടിയ വിഷയങ്ങൾ പരിശോധിക്കാമെന്ന് തമിഴ്നാട് മുഖ്യമന്ത്രി

പറമ്പിക്കുളംആളിയാർ പദ്ധതിയുമായി ബന്ധപ്പെട്ട് കേരളം ചൂണ്ടിക്കാട്ടിയ വിഷയങ്ങൾ പരിശോധിക്കാമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനം നേരിടുന്ന രൂക്ഷമായ ജലക്ഷാമവും മറ്റും ചൂണ്ടിക്കാട്ടി ഏപ്രിൽ 29ന് മുഖ്യമന്ത്രി പിണറായി വിജയൻ അയച്ച കത്തിന് മറുപടിയായാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്.
പിഎപി കരാർ അനുസരിച്ചു ചിറ്റൂർ, ചാലക്കുടി പുഴകളിലേക്ക് ഒഴുക്കി വിടേണ്ട വെള്ളം തമിഴ്നാട് നൽകിയിരുന്നില്ല എന്ന കാര്യം മുഖ്യമന്ത്രി ശ്രദ്ധയിൽപ്പെടുത്തി. ഇതുകാരണം ഈ മേഖല കടുത്ത ജലക്ഷാമം നേരിടുകയാണ്. മാത്രമല്ല അപ്പർ ആളിയാർ, കടമ്പറായി ഡാമുകളിൽ തമിഴ്നാട് വെള്ളം സൂക്ഷിക്കുന്നതായി അറിയാൻ കഴിഞ്ഞു എന്നും മുഖ്യമന്ത്രി കത്തിൽ സൂചിപ്പിച്ചു.
കഴിഞ്ഞ ജനുവരിയിൽ നടന്ന സെക്രട്ടെറിതല യോഗത്തിൽ ഇപ്രകാരം ശേഖരിച്ച വെള്ളം കേരളത്തിനു നൽകാമെന്ന് തമിഴ്നാട് സമ്മതിച്ചിരുന്നുവെങ്കിലും ഇതു പാലിച്ചില്ല എന്ന കാര്യവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സെക്രട്ടറിതല യോഗ തീരുമാനമനുസരിച്ചു ശിരുവാണി അണക്കെട്ടിലെ ഡെഡ്സ്റ്റോറേജിൽ നിന്നു പോലും കോയമ്പത്തൂരിലെ കുടിവെള്ള ആവശ്യം പരിഗണിച്ചു വാഗ്ദാനം ചെയ്ത വെള്ളം കേരളം നൽകിയിരുന്നു.
പിഎപി കരാർ അനുസരിച്ചു ഓരോ വർഷവും പ്രതീക്ഷിച്ചതിലും കുറവ് വെള്ളം ലഭിക്കുകയാണെങ്കിൽ പോലും കരാർ അനുസരിച്ചുള്ള വെള്ളം തരാൻ തമിഴ്നാട് ബാധ്യസ്ഥരാണ്. 1988ൽ പുതുക്കേണ്ടിയിരുന്ന പിഎപി കരാർ പുതുക്കാൻ തമിഴ്നാട് തയ്യാറായിരുന്നില്ല എന്ന കാര്യവും മുഖ്യമന്ത്രി പിണറായി വിജയൻ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here