യുവാക്കൾക്ക് വികാരം പ്രകടിപ്പിക്കാനുള്ളതോ ഗവർണ്ണർ കസേര ?

കേരള ഗവർണർ പി സദാശിവം, സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസാണ്. കോൺഗ്രസ് നോമിനിയായിരുന്ന ഷീലാ ദീക്ഷിതിനെ മാറ്റി ബിജെപി സർക്കാർ ഗവർണർ പദവിയിലേക്ക് അവരോധിച്ച രാഷ്ട്രീയ പാരമ്പര്യമില്ലാത്തയാൾ. നിയമജ്ഞൻ എന്ന നിലയ്ക്ക് ഗവർണ്ണർ പദവിയുടെ ഉത്തരവാദിത്വങ്ങളും, പരിമിതികളുമൊക്കെ നന്നായി പഠിച്ചയാളാകണം സദാശിവം. അതിനൊപ്പം, ഇതൊക്കെ പൊതുജനങ്ങളും, രാഷ്ട്രീയക്കാരുംകൂടി അറിഞ്ഞിരിക്കട്ടെയെന്ന് കരുതിയാകണം, രാജ്ഭവൻ വെബ്‌സൈറ്റ് ഗവർണറുടെ റോളും റെസ്‌പോൺസിബിലിറ്റിയും വിശദമായി വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയിട്ടുണ്ട്.
വിലയ്‌ക്കെടുത്ത പ്രചാരണായുധങ്ങളാൽ, രാജ്യം കീഴടക്കുവാൻ ശ്രമിക്കുന്ന ഫാസിസത്തെയും, അവരുടെ കുടില തന്ത്രങ്ങളെയും തിരിച്ചറിയുന്ന ചെറുത്തുനിൽപ്പിന്റെ മുന്നേറ്റം കേരളത്തിൽ ഉണ്ടായേ തീരൂ.
കണ്ണൂർ രാഷ്ട്രീയാക്രമണങ്ങളിലെ പ്രതിഭാഗം കൂടിയായ ആർഎസ്സ്എസ്സ് നേതൃത്വം ഗവർണ്ണറെ ആയുധമാക്കി സംസ്ഥാന സർക്കാരിനെതിരെ കരുനീക്കമാരംഭിച്ചിട്ട് നാളുകുറച്ചാകുന്നു. ആർഎസ്സ്എസ്സുകാരനെതിരെ അതിക്രമമുണ്ടാകുമ്പോൾ മാത്രം തിളച്ചുപൊന്തുന്ന കൊലവിരുദ്ധ വികാരവുമായി ഇതിനകം ബിജെപി നേതൃത്വം മൂന്ന് തവണയാണ് ഗവർണ്ണറെ ചെന്നുകണ്ടത്. ബിജെപി കേന്ദ്ര നേതാക്കളെയും ഇതിനായി നിയോഗിച്ചു. എന്നാൽ മുൻ ചീഫ് ജസ്റ്റിസ് നിവേദനം വെറുതെ വിശ്വസിക്കാൻ തയ്യാറായില്ല. കണ്ണൂരിലെ രാഷ്ട്രീയ കൊലകളുടെ മുഴുവൻ കണക്കും പഠിച്ച ശേഷമാണ് ഗവർണ്ണർ നിവേദനം മുഖ്യമന്ത്രിയ്ക്ക് കൈമാറുക എന്ന ഭരണപരമായ കടമ നിർവ്വഹിച്ചത്. കണ്ണൂരിലെ ചോരക്കളിയിൽ ആർഎസ്സ്എസ്സിനുള്ള പങ്കാളിത്തം പഠിച്ച ഗവർണ്ണർ ഏകപക്ഷീയമായ ഒരു തീരുമാനത്തിനൊരുക്കമല്ല എന്ന് ചുരുക്കം. പ്രത്യേക സൈന്യാധികാരപദവി (അഫ്‌സ്പ) എന്ന ബിജെപി ആവശ്യവും അനാവശ്യ നിർബന്ധമായി ഗവർണ്ണർക്ക് ബോധ്യപ്പെടുകയും ചെയ്തു.
സ്വന്തം പരിധിയിൽ നിൽക്കാൻ കൂട്ടാക്കാത്ത ഗവർണ്ണറെ പരിധിവിട്ട് ആക്ഷേപിക്കുവാൻ നാവിന് വെളിവില്ലാത്ത ബിജെപി നേതാക്കൾ തുനിഞ്ഞിറങ്ങിയത് ഈ സാഹചര്യത്തിലാണ്. ശോഭാ സുരേന്ദ്രനെപ്പോലെയൊരു മത തീവ്രവാദി, ഭരണഘടനാസ്ഥാപനമായ ഗവർണ്ണറുടെ ഓഫീസിനെ അവഹേളിക്കുമ്പോൾ, അതിനെ ചെറുപ്പക്കാരുടെ വികാരത്തള്ളിച്ചയെന്ന് പറഞ്ഞാശ്വസിപ്പിക്കുകയാണ് ബിജെപിയിലെ മറുവിഭാഗം.
ചാനലുകളെയും മാധ്യമങ്ങളെയും വിലയ്‌ക്കെടുത്ത്, കാവി സംസ്‌കാരത്തിന്റെ അധീശത്വം വളർത്താൻ ശ്രമിക്കുന്നവർക്ക് തങ്ങളുടെ നുണപ്രചരണങ്ങൾ ആത്യന്തിക വിജയം നേടുമെന്ന അഹങ്കാരമുണ്ടാകാം. കേരളം പോലൊരു സംസ്ഥാന്തത് ഇത്തരക്കാരെ തിരിച്ചറിഞ്ഞ് പുകച്ചുചാടിയ്ക്കുവാൻ പുതിയൊരു മുന്നേറ്റം അനിവാര്യമാകുന്നത് ഈ ഘട്ടത്തിലാണ്. വിലയ്‌ക്കെടുത്ത പ്രചാരണായുധങ്ങളാൽ, രാജ്യം കീഴടക്കുവാൻ ശ്രമിക്കുന്ന ഫാസിസത്തെയും, അവരുടെ കുടില തന്ത്രങ്ങളെയും തിരിച്ചറിയുന്ന ചെറുത്തുനിൽപ്പിന്റെ മുന്നേറ്റം കേരളത്തിൽ ഉണ്ടായേ തീരൂ. ഇന്ന്, ഭരണഘടനാസ്ഥാപനങ്ങളെ വെല്ലുവിളിക്കുന്നവർ നാളെ ജനതയെ കാൽക്കീഴിലാ്കി ചവിട്ടിമെതിയ്ക്കും വരെ ഈ മൗനം തുടർന്നുകൂടാ…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here