Advertisement

സ്ക്രീനില്‍ കണ്ടതൊന്നുമല്ല, ഇവരുടെ ജീവിതത്തിലെ പ്രണയമാണ് പ്രണയം

May 17, 2017
Google News 2 minutes Read

ഒരു കാലത്ത് ‘വോഡഫോൺ പട്ടി’ എന്ന പേരിൽ അറിയപ്പെടുന്ന പഗ് തരംഗമായിരുന്നു. എല്ലാവർക്കും ഒരു പഗിനെ സ്വന്തമാക്കണമെന്ന മോഹം ഉദിക്കുന്നത് വോഡഫോണിന്റെ പരസ്യ ചിത്രങ്ങളിലൂടെയാണ്. ഒരു പക്ഷേ പഗ് എന്ന ഇനത്തിന് ഇത്രമേൽ ജനപ്രീതി ലഭിച്ചതിൽ ഒരു പ്രധാനഘടകം വോഡഫോൺ പരസ്യങ്ങളായിരുന്നു എന്ന് തന്നെ പറയാം.

പിന്നീട് ആ സ്ഥാനം സൂസൂ നേടിയെടുത്തു. വോഡഫോൺ പരസ്യചിത്രങ്ങളിലൂടെ തന്നെ വന്ന സൂസൂവിന്റെ രൂപത്തിലുള്ള കീ ചെയ്‌നുകൾ, ലോക്കറ്റുകൾ തുടങ്ങി കുട്ടികൾ മായ്ക്കാൻ ഉപയോഗിക്കുന്ന റബർ പോലും സൂസുവിന്റെ രൂപത്തിൽ ഇറങ്ങിയിരുന്നു.

അങ്ങനെ വ്യത്യസ്തമായ പരസ്യചിത്രങ്ങളിലൂടെ വോഡഫോൺ ജനങ്ങളെ വിസ്മയിപ്പിച്ച്‌കൊണ്ടേ ഇരുന്നു. പഗിൽ തുടങ്ങി സൂസൂ വരെ എത്തി നിൽക്കുന്ന വോഡഫോൺ പരസ്യങ്ങളിലെ ഈ വർഷത്തെ താരം എന്നാൽ ധനഞ്ജയൻസാണ്; വിപി ധനഞ്ജയനും, ഭാര്യ ശാന്താ ധനഞ്ജയനും. പ്രശ്‌സഥ ഭരതനാട്യ നർത്തകരും, പദ്മഭൂഷൻ ജേതാവുമാണ് ധനഞ്ജയൻസ് എന്ന പേരിൽ അറിയപ്പെടുന്ന ഈ ദമ്പതികൾ.

വിവാഹത്തിന്റെ ആദ്യനാളുകളിലെ മധുരം നിറഞ്ഞ മധുവിധു കഴിഞ്ഞ്, കുട്ടിയും, കുടുംബവും, കുഞ്ഞുകുട്ടി പരാധീനങ്ങളുമായി ഒതുങ്ങി, ശേഷം വാർധക്യത്തിൽ ഒന്നിനും വയ്യാതെ, ആശകളെല്ലാം ആശകളായി തന്നെ നിന്ന് ഈ ലോകത്ത് നിന്ന് യാത്ര പറഞ്ഞ് പോകുന്നു. വിവാഹം കഴിഞ്ഞാൽ ഇത്ര അറുബോറനാണ് ജീവിതം എന്ന് ധരിച്ചിരുന്നവർക്കിടയിലേക്കാണ് മക്കളെയെല്ലാം സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കിയ ശേഷം തങ്ങളുടെ വാർധക്യം ആഘോഷമാക്കാൻ ‘സെക്കൻഡ് ഹണിമൂണിന്’ ഗോവയിൽ എത്തിയ ദമ്പതികളുടെ കഥപറഞ്ഞ്, വോഡഫോൺ പരസ്യചിത്രം പുറത്തിറക്കുന്നത്.

പരസ്യചിത്രം ഹിറ്റായതോടെ ഈ ‘ സൂപ്പർ കൂൾ ദമ്പതിമാരും’ സൂപ്പർഹിറ്റ്. ഗോവയിൽ എത്തിയ ശേഷം അവിടെ ബീച്ചിൽ ആർത്തുല്ലസിക്കുന്നതും, ‘ടെക്ക് സാവി’യായ ദമ്പതികൾ ഫോണിലൂടെ അങ്ങേതലയ്ക്കലുള്ള മകൾക്ക് തങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ചതുമെല്ലാം ജനങ്ങൾ കൗതുകത്തോടെ നോക്കിക്കണ്ടു.

പരസ്യചിത്രത്തിൽ മാത്രമല്ല യഥാർത്ഥ ജീവിതത്തിലും ഇങ്ങനെയാണ് ഈ ദമ്പതികൾ. കണ്ടുമുട്ടിയ നാൾ മുതൽ ഒരുമിച്ച് പരിപാടി അവതരിപ്പിക്കുകയും, യാത്രകൾ പോവുകയും ചെയ്യുമായിരുന്നു ഇവർ. 1966 ലാണ് ഇരുവരും വിവാഹിതരായത്. ഇരുവരുടെയും പ്രണയകഥ ഇങ്ങനെ

12 കാരിയെ പ്രണയിച്ച 18 കാരൻ

തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിൽ വിനോദിന്റെ പ്രണയം പൂവിട്ട അതേ പയ്യന്നൂരിലാണ് വിപി ധനഞ്ജയനും ജനിക്കുന്നത്…കണ്ണൂരിലെ പയ്യന്നൂരിലെ പൊതുവാൾ കുടുംബത്തിൽ. 1939 ഏപ്രിൽ 17 നായിരുന്നു ജനനം. ചെറുപ്പം മുതലേ നൃത്തത്തോട് താൽപര്യമുള്ളയാളായിരുന്നു ധനഞ്ജയൻ. കലാക്ഷേത്രയിലെ കഥകളിയാചാര്യൻ ചന്ദു പണിക്കരമായുള്ള കൂടിക്കാഴ്ച്ചയാണ് ധനഞ്ജയന്റെ ജീവിതത്തിൽ വഴിത്തിരിവാകുന്നത്.

അങ്ങനെ 1953 ഒക്ടോബർ 5 ന് ധനഞ്ജയൻ കലാക്ഷേത്രയിൽ ചേർന്നു. കലാക്ഷേത്രയുടെ സ്ഥാപക രുഗ്മിണി ദേവിയുടെ കീഴിലായിരുന്നു ധനഞ്ജയൻ. 1955 മുതൽ 67 വരെയുള്ള കാലഘട്ടങ്ങളിൽ കലാക്ഷേത്രയിലെ ലീഡ് ഡാൻസറായിരുന്നു ധനഞ്ജയൻ.

vodafone couple dhananjayans

അക്കാലഘട്ടത്തിൽ തന്നെയാണ് ശാന്തയും കലാക്ഷേത്രയിലെ ലീഡ് ഡാൻസറാകുന്നത്. 1943 ആഗസ്റ്റ് 12 നാണ് ശാന്ത ജനിക്കുന്നത്. മലേഷ്യയിലെ ഒരു മലയാളി നായർ കുടുംബത്തിലാണ് ശാന്തയുടെ ജനനം. ചെറുപ്പം മുതലേ നൃത്തത്തോട് അഭിനിവേശമുള്ള ശാന്തയെ വീട്ടുകാർ നൃത്തം അഭ്യസിക്കാൻ കലാക്ഷേത്രയിലേക്ക് അയച്ചു. 1952 ൽ തന്റെ എട്ടാം വയസ്സിലാണ് ശാന്ത കലാക്ഷേത്രയിൽ എത്തുന്നത്.

കലാക്ഷേത്രയിൽവെച്ച് ആദ്യമായി തമ്മിൽ കണ്ടപ്പോൾ തന്നെ ഇരുവർക്കും പരസ്പരം ഇഷ്ടമായിരുന്നു. 12 ആം വയസ്സിൽ തന്നെ ധനഞ്ജയനെ വിവാഹം കഴിക്കണമെന്ന് ശാന്ത ഉള്ളിൽ ഉറപ്പിച്ചിരുന്നു. പിന്നീട് ആറ് വർഷങ്ങൾക്ക് ശേഷം ധനഞ്ജയൻ ശാന്തയോട് വിവാഹാഭ്യർത്ഥന നടത്തി; ശാന്തയുടെ 18 ആം വയസ്സിൽ. അന്ന് ഉത്തരം ഒന്നും പറയാതെ ശാന്ത മലേഷ്യയിലേക്ക് തിരികെ പോയി. ശേഷം നാല് വർഷങ്ങൾ്ക്ക ഇപ്പുറമാണ് ശാന്ത വിവാഹത്തിന് സമ്മതം അറിയിക്കുന്നത്. അങ്ങനെ വർഷങ്ങൾ നീണ്ട് നിന്ന് പ്രണയം 1966 ൽ വിവാഹത്തിൽ കലാശിച്ചു. ഗുരുവായൂർ അമ്പലത്തിലായിരുന്നു ഇരുവരുടെയും വിവാഹം.

വിവാഹശേഷം ….

പിന്നീട് ഇരുവരും ഒന്നിച്ച് നൃത്തം അവതരിപ്പിക്കാൻ തുടങ്ങി. പണ്ഡിറ്റ് രവി ശങ്കറിന്റെ ഘനശ്യാം, നാഷണൽ ജാൻസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചക്ര, മാഹാഭാരതം ഡാൻസ് ഡ്രാമാ എന്നിങ്ങനെ ലോകത്തിന്റെ വിവധ ഭാഗങ്ങളിൽ നൃത്തം അവതരിപ്പിച്ച് കയ്യടി നേടി ഈ ദമ്പതികൾ. ഓൺ സ്‌റ്റേജ് കെമിസ്ട്രിക്കൊപ്പം ഇവരുടെ ഓഫ് സ്റ്റേജ് കെമിസ്ട്രിയും ചർച്ചയായിരുന്നു. പിന്നീട് 2009 ലാണ് ഇരുവരെയും തേടി പദ്മഭൂഷൻ എത്തുന്നത്.

vodafone couple dhananjayans

ഇതിന് പുറമെ, തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി പുരസ്‌കാരം, വേൽസ് സർവ്വകലാശാലയുടെ ഡോക്ടറേറ്റ്, യുനെസ്‌കോയുടെ മെഡലിയൻ ഡീ മെറിറ്റി എന്നീ പുരസ്‌കാരങ്ങളും ഈ ദമ്പതികളെ തേടിയെത്തി.

നൃത്തവേദിയിൽ നിന്ന് പരസ്യചിത്ര രംത്തേക്ക്

vodafone couple dhananjayans

ഓട്ടോമൊബൈൽ ഫോട്ടോഗ്രാഫറായ സിബി സത്യജിത്തിലൂടെയാണ് വോഡഫോൺ പരസ്യചിത്രത്തിലെ ബാലയും ആശയുമാവാൻ ഇരുവർക്കും അവസരം ലഭിക്കുന്നത്. പ്രകാശ് വർമ്മയാണ് ഈ പരസ്യചിത്രത്തിന്റെ സംവിധായകൻ. മംബൈയിൽ നിന്നും കോസ്റ്റിയൂം ഡിസൈനർ വന്നതും, സ്‌ക്രീൻ ടെസ്റ്റ് കഴിഞ്ഞതുമെല്ലാം വളരെ പെട്ടെന്നായിരുന്നു…പിന്നെ ഗോവയിലേക്ക്….

ജീവിതത്തിൽ എപ്പോഴും പുതുമകൾ ഇഷ്ടപ്പെടുന്ന ഇവർക്ക് ബൈക്ക് റോഡും, പാരാസെയ്‌ലിങ്ങുമെല്ലാം ആവേശത്തേടെ ചെയ്യാൻ കഴിഞ്ഞു. അവരുടെ പേടിയും, ആവേശവും എല്ലാം ഒട്ടും ചോരാതെ തന്നെ അണിയറപ്രവർത്തകർക്ക് ഒപ്പിയെടുക്കാനും കഴിഞ്ഞു,

വിവാഹശേഷമുള്ള ജീവിതം അറുബോറനല്ല; പരസ്പരം താങ്ങായി തണലായി നിൽക്കാനും, അന്ന് പൂവിട്ട പ്രണയം വാടാതെ മനസ്സിൽ സൂക്ഷിക്കാനുമുള്ള കഴിവും നിങ്ങൾക്കുണ്ടെങ്കിൽ, എന്ന് പറയാതെ പറയുന്നു ധനഞ്ജയൻസ്…ഒപ്പം വോഡഫോണിന്റെ ഈ പരസ്യചിത്രവും.

vodafone couple dhananjayans

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here