ഇലക്ട്രോണിക് മെഷീൻ ക്രമക്കേട്; തത്സമയ വിശദീകരണത്തിനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ

ഇലക്ട്രോണിക് വോട്ടിംഗ് മെഷിനിൽ ക്രമക്കേടുകൾ നടന്നുവെന്ന ആരോപണമുന്നയിക്കുന്നവർക്ക് മറുപടി നൽകാനൊരുങ്ങി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷൻ. ശനിയാഴ്ച വിജ്ഞാൻ ഭവനിൽ നടക്കുന്ന തൽസമയ ഡെമോ പ്രദർശനത്തിൽ ക്രമക്കേടു കണ്ടെത്താൻ അവസരം ഉണ്ടാകുമെന്ന് കമ്മീഷൻ അറിയിച്ചു.
ഇലക്ട്രോണിക് വോട്ടിംഗ് മെഷിൻ സംബന്ധിച്ച് ആരോപണം ഉന്നയിക്കുന്നവരെ വെല്ലുവിളിച്ചാണ് രണ്ടു മണിക്കൂർ ദൈർഘ്യമുള്ള പത്രസമ്മേളനത്തിനു തെരഞ്ഞെടുപ്പു കമ്മീഷൻ തയാറെടുക്കുന്നത്. വോട്ടിംഗ് മെഷിനെ കുറച്ചും അതിന്റെ വിശ്വാസ്യതയെ കുറിച്ചും കമ്മീഷൻ പത്രസമ്മേളനത്തിൽ വിശദീകരിക്കും.
വോട്ടിംഗ് മെഷീനിൽ ക്രമക്കേട് നടത്തിയാണ് ഉത്തർ പ്രദേശടക്കമുള്ള സംസ്ഥാനങ്ങളിൽ ബിജെപി വിജയിച്ചതെന്ന വിവിധ രാഷ്ട്രീയ പാർട്ടികൾ ആരോപിച്ചിരുന്നു. ആംആദ്മി പാർട്ടിയാണ് ആരോപണവുമായി മുൻ പന്തിയിൽ. ഡൽഹി നിയമസഭയുടെ പ്രത്യേക യോഗത്തിൽ തൽസമയ വിവരണം നൽകിയാണ് ആംആദ്മി എം.എൽ.എ സൗരഭ് ഭരദ്വാജ് ക്രമക്കേട് നടത്താമെന്നു വിശദീകരിച്ചത്.
ഏത് പാർട്ടി വിജയിക്കണമെന്ന് ആഗ്രഹിക്കുന്നുവോ അതിന് ഒരു രഹസ്യ കോഡ് ഉപയോഗിക്കണം. ഈ കോഡ് ഓരോ മണ്ഡലത്തിലും വ്യത്യസ്തമായ രീതിയിൽ ഉപയോഗിക്കാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മെഷിനിന്റെ ഡമ്മി ഉപയോഗിച്ചാണ് അദ്ദേഹം തട്ടിപ്പ് നടത്താമെന്ന് കാണിച്ചത്. രണ്ട് പാർട്ടിയ്ക്ക് നൽകിയ വോട്ട് എങ്ങനെയാണ് ഒരു പാർട്ടിയിലേക്ക് എത്തുന്നുവെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം തട്ടിപ്പിന്റെ തെളിവുകൾ നിയമസഭയിൽ വ്യക്തമാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here