ഇടത് സർക്കാരിന്റെ ഒരു വർഷം; ആഘോഷം നാളെ മുതൽ
സംസ്ഥാനസർക്കാരിന്റെ ഒന്നാംവാർഷികാഘോഷം
മേയ് 20 മുതൽ ജൂൺ അഞ്ച് വരെ
- സംസ്ഥാനമെമ്പാടും വിവിധ പരിപാടികൾ
- ഔപചാരിക ഉദ്ഘാടനം മേയ് 25ന് തിരുവനന്തപുരത്ത്
- സമാപനം ജൂൺ അഞ്ചിന് കോഴിക്കോട്ട്
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാർഷികാഘോഷങ്ങൾ മേയ് 20 മുതൽ ജൂൺ അഞ്ചു വരെ വിവിധ പരിപാടികളോടെ സംസ്ഥാനമാകെ സംഘടിപ്പിക്കുമെന്ന് സഹകരണടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ആഘോഷപരിപാടികളുടെ ഔപചാരിക ഉദ്ഘാടനം മേയ് 25ന് തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈകിട്ട് 5.30ന് നടക്കുന്ന ചടങ്ങിൽ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും. മന്ത്രിമാർ, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ തുടങ്ങിയവർ അതിഥികളാകുന്ന ചടങ്ങിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ വിവിധ മേഖലകളിൽനിന്നുള്ള പ്രമുഖർ ആയിരം മൺചെരാതുകൾ തെളിക്കും. നഗരകുടിവെള്ള പദ്ധതിയിൽ നെയ്യാറിൽനിന്ന് അരുവിക്കര വെള്ളമെത്തിക്കാൻ പ്രവർത്തിച്ച ജീവനക്കാരെ ചടങ്ങിൽ ആദരിക്കും. സർക്കാരിന്റെ ഒരു വർഷത്തെ ഭരണനേട്ടങ്ങളിൽ വിവിധ വിഭാഗങ്ങളിലെ ജീവനക്കാരും തൊഴിലാളികളും പങ്കാളികളാണ്. ഇവരുടെ സേവനങ്ങളെ അംഗീകരിക്കുന്നതിന്റെ പ്രതീകമാണീ ആദരിക്കൽ ചടങ്ങ്.
തുടർന്ന് ബാലഭാസ്‌കർ, മട്ടന്നൂർ ശങ്കരൻകുട്ടി, രഞ്ജിത്ത് ബാരോട്ട്, ഫസൽ ഖുറേഷി എന്നിവർ അവതരിപ്പിക്കുന്ന ബിഗ് ബാന്റ് അരങ്ങേറും. വാർഷികാഘോഷങ്ങളുടെ ഭാഗമായി 20ന് വൈകിട്ട് അഞ്ചിന് പത്തനംതിട്ട റാന്നിയിൽ സിവിൽ സ്‌റ്റേഷൻ മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
21ന് ഇടുക്കി കട്ടപ്പനയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പട്ടയവിതരണം നടത്തും. രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും. അന്നുതന്നെ, രാവിലെ 11ന് വയനാട് കാരാപ്പുഴ ടൂറിസം പദ്ധതിയുടെ നിർമാണോദ്ഘാടനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും.
22ന് വൈകിട്ട് നാലിന് തിരുവനന്തപുരം വി.ജെ.ടി ഹാളിൽ വ്യവസായ, വിദ്യാഭ്യാസ വകുപ്പുകൾ സംഘടിപ്പിക്കുന്ന കൈത്തറി യൂണിഫോം വിതരണം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് ഇൻഫർമേഷൻ പബഌക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ മന്ത്രിസഭയുടെ ഒരുവർഷത്തെ ഭരണനേട്ടങ്ങൾ പ്രതിപാദിക്കുന്ന പ്രദർശനവും സംഘടിപ്പിക്കും. പ്രദർശനം 27 വരെ തുടരും.
വൈകിട്ട് അഞ്ചിന് തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ മാധ്യമരംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് കൊണ്ട് ‘റെസ്‌പോൺസിബിൾ മീഡിയ’ എന്ന വിഷയത്തിൽ നടക്കുന്ന മാധ്യമ സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
23ന് വൈകിട്ട് അഞ്ചിന് കൊല്ലം പുനലൂരിൽ ലൈഫ് മിഷന്റെ ഭാഗമായി നിർമിക്കുന്ന ഫഌറ്റുകളുടെ തറക്കല്ലിടൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
24ന് രാവിലെ 10ന് ‘വഴികാട്ടുന്ന കേരളം’ എന്ന വിഷയത്തിൽ കൊല്ലത്ത് സെമിനാർ സംഘടിപ്പിക്കും. അന്നേദിവസം വൈകിട്ട് അഞ്ചിന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘ആർദ്രം’ പദ്ധതിയുടെ ഭാഗമായി ഒ.പി നവീകരണ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
27ന് രാവിലെ 11ന് കൊല്ലത്ത് നടക്കുന്ന ‘മത്‌സ്യോത്‌സവം’ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് തിരുവനന്തപുരം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ പ്രധാന മാധ്യമങ്ങളുടെ പത്രാധിപൻമാരുമായുള്ള മുഖ്യമന്ത്രിയുടെ ‘എഡിറ്റേഴ്‌സ് മീറ്റ്’ നടക്കും.
28ന് രാവിലെ 10ന് തൃശൂരിൽ കായികമന്ത്രി എ.സി. മൊയ്തീൻ ‘ഓപ്പറേഷൻ ഒളിമ്പ്യ’ പദ്ധതി ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് തൃശൂർ ലളിതകലാ അക്കാദമി ഹാളിൽ ചിത്രകലാപ്രദർശനവും കരകൗശല മേളയും കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. ആലപ്പുഴയിൽ അന്ന് വൈകിട്ട് നാലിന് നടക്കുന്ന കുടുംബശ്രീ വാർഷികം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
29ന് രാവിലെ എട്ടിന് ആറൻമുളയിൽ നടക്കുന്ന വരട്ടാർ പുനരുജ്ജീവന പദ്ധതി ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. അന്നേദിവസം, രാവിലെ 10ന് മലപ്പുറം തുഞ്ചൻപറമ്പിൽ സാംസ്‌കാരിക കൂട്ടായ്മയും ടൂറിസം പദ്ധതി ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
അന്ന്, ഉച്ചക്ക് 12ന് കോഴിക്കോട് തിരുവങ്ങൂർ കാലിത്തീറ്റ ഫാക്ടറി കമ്മീഷനിംഗും ഉത്പന്നങ്ങളുടെ വിതരണവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അന്നുതന്നെ, വൈകിട്ട് മൂന്നിന് കോഴിക്കോട് സൈബർ പാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അതേദിവസം, വൈകിട്ട് 4.30ന് സമ്പൂർണ വൈദ്യുതീകരണ പ്രഖ്യാപനം കോഴിക്കോട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
മേയ് 30ന് രാവിലെ 10ന് എറണാകുളം ടൗൺ ഹാളിൽ നവതലമുറ വ്യവസായങ്ങളും കേരളവും എന്ന സെമിനാറിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. അന്ന്, രാവിലെ 10ന് ‘കാർഷികകേരളം: ഭാവിയും വെല്ലുവിളികളും’ എന്ന സെമിനാർ കോട്ടയത്ത് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും.
രാവിലെ 10ന് തന്നെ, കൊല്ലത്ത് മത്സ്യത്തൊഴിലാളികൾക്കുള്ള സൈക്കിൾ വിതരണം ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ നിർവഹിക്കും. അന്നുതന്നെ, രാവിലെ 11ന് തിരുവനന്തപുരത്ത് കൃഷി വകുപ്പിന്റെ ‘സമേതി’ കെട്ടിട ഉദ്ഘാടനം കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കും.
വൈകിട്ട് മൂന്നുമണിക്ക് കോട്ടയത്ത് വിദ്യാഭ്യാസ വായ്പാ സഹായപദ്ധതി വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. അന്ന് വൈകിട്ട് അഞ്ചിന് കൊച്ചി മെട്രോയുടെ ഉദ്ഘാടനം ആലുവയിൽ നടക്കും.
31 ന് വൈകിട്ട് അഞ്ചിന് വർക്കലയിൽ സെന്റർ ഫോർ പെർഫോമിംഗ് ആർട്‌സിന്റെ ഉദ്ഘാടനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. ജൂൺ ഒന്നിന് രാവിലെ 10ന് വയനാട് മുള്ളംകൊല്ലിയിൽ പുൽപ്പള്ളി നീർത്തടാധിഷ്ഠിത പദ്ധതിയായ ‘സുജലം സുലഭം’ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും.അന്ന് വൈകിട്ട് അഞ്ചിന് വിഴിഞ്ഞം തുറമുഖം ബർത്ത് പൈലിംഗ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രണ്ടാംതീയതി വൈകിട്ട് മൂന്നുമണിക്ക് ‘അഴിമതിരഹിത ഭരണം, ഭരണ നവീകരണം’ സെമിനാർ തിരുവനന്തപുരം വി.ജെ.ടി ഹാളിൽ ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്യും.
ജൂൺ രണ്ടിന് രാവിലെ 10ന് കഴക്കൂട്ടം കിൻഫ്ര ഫിലിം ആന്റ് വീഡിയോ പാർക്കിൽ ഫിലിം ആർക്കൈവ്‌സിന്റെ തറക്കല്ലിടൽ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ നിർവഹിക്കും.
മൂന്നാംതീയതി രാവിലെ 10ന് വയനാട്ടിൽ ‘ആദിവാസി ഗോത്രബന്ധു’ എന്ന ഗോത്ര ഭാഷാധ്യാപക നിയമന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അന്നുതന്നെ, വൈകിട്ട് നാലരയ്ക്ക് കർമ റോഡ് ഒന്നാംഘട്ട ഉദ്ഘാടനവും രണ്ടാംഘട്ട ശിലാസ്ഥാപനവും മലപ്പുറത്ത് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിക്കും.
ജൂൺ നാലിന് വൈകിട്ട് മൂന്നിന് കണ്ണൂരിൽ മതസൗഹാർദ്ദ സമ്മേളനം ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്യും.
ജൂൺ അഞ്ചിന് രാവിലെ 10ന് ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് വൃക്ഷത്തൈ നടീൽ ഗവർണർ പി. സദാശിവം ഉദ്ഘാടനം ചെയ്യും. അന്നുതന്നെ രാവിലെ 10ന് കോഴിക്കോട് നടക്കാവ് സ്‌കൂളിൽ നടക്കുന്ന ‘നന്മമരം വിതരണം’ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് കണ്ണൂരിൽ പാഠപുസ്തക വിതരണോദ്ഘാടനവും അദ്ദേഹം നിർവഹിക്കും.
വൈകിട്ട് ആറുമണിക്ക് കോഴിക്കോട് ബീച്ചിൽ സർക്കാരിന്റെ വാർഷികാഘോഷങ്ങളുടെ സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തുടർന്ന്, സംഗീതസന്ധ്യ അരങ്ങേറും.
LDF | LDF Government | Pinarayi Vijayan | Team Pinarayi |
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here