കാല്‍നടക്കാര്‍ക്ക് അവകാശമില്ലാത്ത നടപ്പാതകള്‍

കേരളത്തിലെ നടപ്പാതകളില്‍ യാത്രക്കാര്‍ക്ക് അവകാശമില്ല, അവകാശം അഴുക്കുകള്‍ക്കും, വേസ്റ്റ് കവറുകള്‍ക്കും വണ്ടികള്‍ക്കുമാണ്. ഇക്കാര്യത്തില്‍ ആര്‍ക്കാണ് എതിരഭിപ്രായം ഉള്ളത്?? അരിയാഹാരം കഴിക്കുന്ന ആര്‍ക്കും ഇക്കാര്യത്തില്‍ സംശയം ഉണ്ടാകില്ല. അത്തരം ഒരു കാഴ്ചയാണിത്. ഇന്ത്യയില്‍ ഏറ്റവും പുരോഗതിയുള്ള നഗരം മെന്ന് എഡിബി പട്ടം നല്‍കിയ കൊച്ചിയുടെ തന്നെ ഗതിയാണിത്. അപ്പോള്‍ മറ്റ് ജില്ലകളുടെ കാര്യം പറയണോ??
വിശ്വസിച്ചാലും ഇല്ലെങ്കിലും കൊച്ചയിലെ തന്നെ ‘പോഷ് ഏരിയ’ എന്നറിയപ്പെടന്ന കടവന്ത്ര ജംഗ്ഷനിലെ പ്രധാന ഫുട്പാത്താണിത്. ഒന്നു കൂടി വ്യക്തമാക്കിയാല്‍ വിശാല കൊച്ചി വികസന അതോറിറ്റിയുടെ മൂക്കിന്‍ തുമ്പിലാണ് മാലിന്യങ്ങള്‍ പേറി ദുര്‍ഗന്ധം വമിപ്പിച്ച് ഒരു നടപ്പാത ഇങ്ങനെ നീണ്ട് നിവര്‍ന്ന് കിടക്കുന്നത്. കടവന്ത്ര മാര്‍ക്കറ്റിനു മുന്നിലൂടെയുള്ള ഈ നടപ്പാതയാണ് ഇപ്പോള്‍ ഈ നഗര കേന്ദ്രത്തിന്റെ മുഖവും. ജിസിഡിഎയ്ക്ക് സമീപത്ത് വൈറ്റില റൂട്ടിലെ പോലീസ് എയിഡ് പോസ്റ്റ് മുതല്‍ കടവന്ത്ര ജംഗ്ഷന്‍ വരെയുള്ള റോഡിലെ നടപ്പാതയ്ക്കാണ് ഈ ദുര്‍ഗതി. കടവന്ത്രമാര്‍ക്കറ്റിന് മുന്നിലൂടെയുള്ള റോഡിലെ കാല്‍നടയാത്രക്കാന്‍ മുഴുവനും ആശ്രയിക്കുന്ന നടപ്പാതയാണിത്.
മൂക്ക് പൊത്താതെ നടക്കാനാകില്ല, നടക്കുക എന്ന് പറഞ്ഞാല്‍ വെറുതേ അങ്ങ് നടക്കാനും പറ്റില്ല, ഓട വൃത്തിയാക്കിയ അഴുക്ക്, പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍, വല്ല എലിയുടെയോ പൂച്ചയുടേയോ അതും അല്ലെങ്കില്‍ ഒരു കാക്കയുടെ എങ്കിലും ശവശരീരം ഇതൊക്കെ ചവിട്ടാതെ വേണം നടക്കാന്‍. കണ്ണൊന്ന് തെറ്റിയാല്‍ ആ അഴുക്ക് മുഴുവന്‍ ചെരിപ്പിനടിയില്‍ കാണാം. താഴെ മാത്രമല്ല നോട്ടം മുകളിലേക്കും വേണം, അല്ലെങ്കില്‍ കഴുത്ത് വല്ല വയറിലും കുടുങ്ങും. കേബിള്‍ കമ്പനിക്കാരുടെ വയറുകള്‍ വളരെ അത്രയ്ക്കും താഴ്ന്ന് തൂങ്ങിക്കിടക്കുയാണ് ഇവിടെ.
കടവന്ത്ര-കത്രിക്കടവ് റോഡും, കടവന്ത്രയില്‍ നിന്ന് സൗത്ത് ഭാഗത്തേക്കും നടപ്പാതകള്‍ വീതി കൂട്ടി ടൈലുകള്‍ പാകി മോടി കൂട്ടിയപ്പോഴും ഏതാനും മീറ്ററുകള്‍ വരുന്ന ഈ പാതയ്ക്ക് നേരെ അധികൃതര്‍ കണ്ണടയ്ക്കുകയായിരുന്നു. ജിസിഡിഎയുടെ മുന്നിലൂടെയുള്ള റോഡുകളുടെ നടപ്പാതകള്‍ ടൈലുകള്‍ പാകി മോടികൂട്ടിയിരുന്നു. അപ്പോഴും നഗരത്തിലേക്കുള്ള പ്രധാന പാതയ്ക്ക് സമാന്തരമായി കിടക്കുന്ന നടപാതയോടുള്ള അവഗണന തുടര്‍ന്നു.
ഓട വൃത്തിയാക്കിയ അഴുക്ക് കയറ്റി വച്ച നിലയിലും, കരിയിലകളങ്ങിയ അഴുക്കുകള്‍ അടിച്ച് വാരി കൂട്ടിയ നിലയിലുമാണ് ഈ നടപ്പാത. രാത്രി ആളുകള്‍ വന്ന് വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് കവറിലെ വേസ്റ്റുകള്‍ വേറെയും. ഈ വെയ്സ്റ്റുകള്‍ ഇവിടെ തന്നെ പൊട്ടിയൊലിച്ച് കിടക്കാറാണ് പതിവ്. മഴ കൂടി പെയ്തതോടെ മൂക്ക് പൊത്തിയല്ലാതെ ഈ ദൂരം താണ്ടാനാവത്ത അവസ്ഥയിലാണ് ഇപ്പോള്‍ കാല്‍ നടയാത്രക്കാര്‍.
നിലവില്‍ ഒരു പോലീസ് എയ്ഡ് പോസ്റ്റാണ് ജിസിഡിഎയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്നത്. ഇവിടെ സ്ഥലം മുടക്കി കിടക്കുന്ന പഴയ എയ്ഡ് ബോക്സ് മുതല്‍ ആരംഭിക്കുന്നു ഈ നടപ്പാതയോടുളള അവഗണനയുടെ ചിത്രങ്ങള്‍. എയ്ഡ് പോസ്റ്റിനോട് ചേര്‍ന്ന് ഫ്ളഡ് ലൈറ്റിന്റെ കൂറ്റന്‍ തൂണ്‍ സുരക്ഷിതമായി നടപ്പാതയുടെ ഓരത്ത് ചേര്‍ത്ത് വച്ചിട്ടുണ്ട്. നടപ്പാതയുടെ ഭൂരിഭാഗം സ്ഥലവും അപഹരിച്ചാണ് ഇതിവിടെ കിടക്കുന്നത്. രാത്രികാലങ്ങളില്‍ സാമൂഹ്യ വിരുദ്ധരുടെ താവളമാണ് ഈ തൂണും പരിസരവും. ഇത് തെളിയിക്കാന്‍ പോസ്റ്റിന് സമീപം ദിനം പ്രതി കുമിഞ്ഞ് കൂടുന്ന മദ്യക്കുപ്പികളുടെ എണ്ണം എടുത്താല്‍ മതി.
വാട്ടര്‍ വര്‍ക്ക്സ് സബ്ഡിവിഷന്‍ അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫീസും ഈ നടപ്പാതയോട് ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ഈ ഓഫീസിലേക്ക് പ്രവേശിക്കാനുള്ള ചെറിയ ഗേറ്റിന് മുന്നിലൂടെയാണ് ഈ പോസ്റ്റ് കിടക്കുന്നത്. ഇവിടേക്ക് വരുന്ന പ്രായമേറിയ ആളുകള്‍ ഇക്കാരണം കൊണ്ട് തന്നെ ഈ ഗേറ്റ് ഉപയോഗിക്കാതെ വീണ്ടും അഴുക്കുകളുടെ ലോകം ഒന്നുകൂടി ചുറ്റിയാണ് ഓഫീസില്‍ പോകുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here