വൻ പദ്ധതികളും പുതിയ ഉൽപന്നങ്ങളും പ്രഖ്യാപിച്ച് കെഎൽഎഫ് നിർമൽ

സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ബന്യൻ ട്രീ ക്യാപിറ്റലിൽ നിന്ന് 75 കോടി രൂപയുടെ (12 മില്യൺ ഡോളർ) മൂലധന നിക്ഷേപം ലഭിച്ചതിന് പിന്നാലെ വെളിച്ചെണ്ണ നിർമ്മാണ മേഖലയിലെ അതികായരായ കെഎൽഎഫ് നിർമൽ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് പുതിയ ഉൽപന്നങ്ങളും പദ്ധതികളും പ്രഖ്യാപിച്ചു. വിപണന വിതരണ ശൃംഖലയും വിദേശ രാജ്യങ്ങളിലെ പ്രവർത്തനങ്ങളും വിപുലമാക്കാനാണ് പുതിയ മൂലധന നിക്ഷേപം വിനിയോഗിക്കുകയെന്ന് കെഎൽഎഫ് നിർമൽ ഇൻഡസ്ട്രീസ് ഡയറക്ടർ സണ്ണി ഫ്രാൻസിസ് അറിയിച്ചു. വരുന്ന 5 വർഷത്തിനുള്ളിൽ കമ്പനിയുടെ വാർഷിക വിറ്റുവരവ് 550600 കോടി രൂപ വരെ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെഎൽഎഫ് കോക്കോനാട് ബ്രാൻഡിന്റെ പുതിയ പത്ത് ഉൽപന്നങ്ങൾ ജൂൺ മാസത്തോടുകൂടി വിപണിയിലിറക്കുമെന്ന് മാനേജിംഗ് ഡയറക്ടർ പോൾ ഫ്രാൻസിസ് അറിയിച്ചു. ഇൻസ്റ്റന്റ് തേങ്ങാ ചട്ട്ണി, ഇൻസ്റ്റന്റ് മദ്രാസ് തേങ്ങാ ചട്ട്ണി, ഇൻസ്റ്റന്റ് തേങ്ങാ റെഡ് ചില്ലി ചട്ട്ണി, റോസ്റ്റഡ് കോക്കനട്ട് മസാല (പൗഡർ രൂപത്തിൽ ഇന്ത്യയിൽ ആദ്യം), തേങ്ങാ ചമ്മന്തിപ്പൊടി, ചെമ്മീൻ ചമ്മന്തിപ്പൊടി, ഇൻസ്റ്റന്റ് കോക്കനട്ട് വെജിറ്റബിൾ സ്റ്റ്യൂ, ഇൻസ്റ്റന്റ് കോക്കനട്ട് ചിക്കൻ സ്റ്റ്യൂ, ഇൻസ്റ്റന്റ് കോക്കനട്ട് പ്രോൺസ് സ്റ്റ്യൂ, അവലോസുപൊടി എന്നിവയാണ് വിപണിയിലിറക്കുന്ന പുതിയ പത്ത് ഉൽപന്നങ്ങൾ. കൂടാതെ ബ്ലെന്റഡ് പാചകയെണ്ണകളും കമ്പനി ഉടൻ പുറത്തിറക്കാനിരിക്കുകയാണ്.
നിർമൽ വിർജിൻ കോക്കനട്ട് ഓയിലിന്റെ ഉൽപാദനവും വിപണിയും വിപുലീകരിച്ച് വരുന്ന 5 വർഷത്തിനുള്ളിൽ ഇതിന്റെ ബിസിനസ് 100 കോടിയിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. വിർജിൻ കോക്കനട്ട് ഓയിൽ ഉപയോഗിച്ച് നിർമ്മിക്കുന്ന ഹാൻഡ് മെയ്ഡ് സോപ്പായ നിർമ്മൽ വിർജിൻ കോക്കനട്ട് സോപ്പും ഉടൻ വിപണിയിലിറങ്ങും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here