പേര് മാറില്ല; മഹാഭാരതം തന്നെ

എം ടി വാസുദേവൻനായരുടെ വിഖ്യാത നോവൽ രണ്ടാമൂഴം സിനിമയാകുമ്പോൾ പേര് മഹാഭാരതമെന്ന് തന്നെ. ഇന്ത്യയിലെ വിവിധ ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ പേര് അബുദാബിയില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത് സംവിധായകൻ വി എ ശ്രീകുമാര മേനോനും നിർമ്മാതാവ് ബി ആർ ഷെട്ടിയും പറഞ്ഞു. അതേ സമയം രണ്ടാമൂഴം എന്ന പേര് കേരളത്തിലെ ജനഹൃദയങ്ങളിൽ പതിഞ്ഞതിനാൽ മലയാളത്തിൽ ചിത്രത്തിന് രണ്ടാമൂഴം എന്ന ടൈറ്റിലായിരിക്കും നൽകുക.
മഹാഭാരതം ഭീമന്റെ കാഴ്ചപ്പാടിലൂടെ അവതരിപ്പക്കുന്ന രണ്ടാമൂഴം ചലച്ചിത്രമാകുന്നത് ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. 1000 കോടി രൂപയാണ് ആഗോള ചിത്രമെന്ന നിലയിൽ രണ്ടാമൂഴത്തിനായി മുതൽ മുടക്കുന്നത്. പ്രമുഖ വ്യവസായിയായ ബി ആർ ഷെട്ടിയാണ് ചിത്രത്തിനായി ഇത്ര വലിയ തുക മുടക്കുന്നത്. മലയാളത്തിലെ ആദ്യത്തെ 1000 കോടി രൂപ മുതൽ മുടക്കിലിറങ്ങുന്ന ചിത്രമായിരിക്കും രണ്ടാമൂഴം.
ചിത്രത്തിന് മഹാഭാരതം എന്ന് പേര് നൽകുന്നതിനെതിരെ ചില ഹൈന്ദവ നേതാക്കൾ രംഗത്തെത്തിയിരുന്നു. മഹാഭാരതം എന്ന പേര് ചിത്രത്തിന് നൽകാൻ അനുവദിക്കില്ലെന്നും രണ്ടാമൂഴം എന്ന പേര് നൽകിയാൽ മതിയെന്നുമായിരുന്നു ഇവരുടെ വാദം. ചിത്രത്തിന് മഹാഭാരതം എന്ന പേര് നൽകിയാൽ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും ഇവർ പ്രഖ്യാപിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here