മൂന്ന് മണിക്കൂര്‍ വൈകിയോടിയ തേജസ് എക്സ്പ്രസ് ലക്ഷ്യ സ്ഥാനത്ത് എത്തിയത് ഒരുമിനിട്ട് നേരത്തേ!!

സര്‍വീസ് തുടങ്ങിയ ദിവസം യാത്രക്കാര്‍ നശിപ്പിച്ച ഒറ്റ കാരണം കൊണ്ട് ലോക മാധ്യമങ്ങളില്‍ നിറഞ്ഞ തേജസ് എക്സ്പ്രസ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത് അതിന്റെ പ്രവര്‍ത്തന മികവുകൊണ്ടാണ്. ഓടിതുടങ്ങാന്‍ മണിക്കൂറുകള്‍ വൈകിയിട്ടും, ഒരുമിനിട്ട് നേരത്ത ലക്ഷ്യസ്ഥാനത്ത് യാത്രക്കാരെ എത്തിച്ചാണ് ട്രെയിന്‍ ഇപ്പോള്‍ ഹിറ്റായിരിക്കുന്നത്.
ഗോവയില്‍ നിന്ന് കഴിഞ്ഞ ദിവസം മൂന്ന് മണിക്കൂര്‍ വൈകി തേജസ് എക്സ്പ്രസ് യാത്ര തുടങ്ങിയപ്പോള്‍ യാത്രക്കാരെല്ലാം കരുതി, ഈ ട്രെയിന്‍ ഇനി ഏത് കാലത്ത് മുബൈയില്‍ എത്താനാണെന്ന്. ഈ ദൂരം ഓടിയെത്താന്‍ തേജസിന് വേണ്ടത് എട്ടര മണിക്കൂറാണ്. മണ്‍സൂണ്‍ കാലം കൂടിയായതോടെ ട്രെയില്‍ ലേറ്റാകുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടായിരുന്നില്ല(ലോക്കോ പൈലറ്റിനൊഴികെ). എന്നാല്‍ ട്രെയിന്‍ മുബൈയില്‍ എത്തിപ്പോള്‍ യാത്രക്കാര്‍ ഞെട്ടി. കാരണം ട്രെയിന്‍ എത്തിച്ചേരേണ്ട സമയത്തിനേക്കാള്‍ ഒരുമിനിട്ട് നേരത്തേയാണ് ട്രെയിന്‍ എത്തിയത്. മണിക്കൂറില്‍ 153കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിന്‍ ഓടിയത്.
രാവിലെ 7.30നാണ് ട്രെയിന്‍ ഗോവയില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍ ട്രെയിന്‍ പുറപ്പെട്ടപ്പോള്‍ സമയം പത്തര കഴിഞ്ഞു. അതായത് മൂന്ന് മണിക്കൂര്‍ ലേറ്റ്. മണിക്കൂറില്‍ 200കിലോമീറ്റര്‍ വേഗതയില്‍ വരെ സഞ്ചരിക്കാന്‍ കഴിയുന്ന തേജസ് 7.45നാണ് മുബൈയില്‍ എത്തേണ്ടത്. എന്നാല്‍ 7.44ന് തന്നെ ട്രെയിന്‍ എത്തിച്ചേരുകയായിരുന്നു. മുബൈയില്‍ നിന്ന് കാലികോച്ചുകള്‍ എത്താന്‍ വൈകിയത് കൊണ്ടാണ് ട്രെയിനിന്റെ യാത്രയും വൈകി ആരംഭിച്ചത്. എന്നാല്‍ എത്ര വൈകിയാലും യഥാസമയത്ത് യാത്രക്കാരെ കൊണ്ടെത്തിച്ച് ട്രെയിന്‍ ഓടിക്കയറിയത് യാത്രക്കാരുടെ മനസിലേക്കാണ്.
ശക്തമായ ഇലക്ട്രോ ന്യൂമറിക് ബ്രേക്കിംഗ് സംവിധാനമാണ് ട്രെയിനിനുള്ളത്. നഷ്ടപ്പെട്ട സമയം തിരിച്ചുപിടിക്കാനായി കര്‍മാലിക്കും കുദാലിനും ഇടയില്‍ 153 കിലോമീറ്റര്‍ വേഗതയിലും കുദാലിനും രത്‌നഗിരിക്കുമിടയില്‍ 137 കിലോമീറ്റര്‍ വേഗതയിലും രത്‌നഗിരിക്കും പന്‍വേലിനുമിടയില്‍ 125കിലോമീറ്റര്‍ വേഗതയിലുമാണ് ട്രെയിന്‍ ഓടിയത്. വൈഫൈ, ഇന്‍ഫോര്‍ടൈന്‍മെന്റ് സ്‌ക്രീനുകള്‍, വാക്വം ബയോ ടോയ്‌ലറ്റ്, ഓട്ടോമാറ്റിക് ഡോറുകള്‍ എന്നീ സൗകര്യങ്ങളുള്ള രാജകീയ ട്രെയിനാണിത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here