ഉമ്മൻചാണ്ടിയുടെ ജനകീയ മെട്രോ യാത്ര; കേസെടുക്കുമെന്ന് കെഎംആർഎൽ

മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ കൊച്ചിമെട്രോയിൽ യുഡിഎഫ് നടത്തിയ ജനകീയ യാത്രയിൽ ചട്ടങ്ങൾ ലംഘിച്ചതിനെതിരെ കേസെടുക്കുമെന്ന് കെഎംആർഎൽ. യാത്രയിൽ ചട്ടം ലംഘിച്ചതായി സ്‌റ്റേഷൻ കൺട്രോളർ അടങ്ങിയ സമിതി കണ്ടെത്തി. സ്റ്റേഷനിലെയും ട്രയിനിലെയും വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചതിന് ശേഷമാണ് സമിതി റിപ്പോർട്ട് സമർപ്പിച്ചത്.
സംഭവത്തിൽ നിയമ നടപടി സ്വീകരിക്കുമെന്ന് കെഎംആർഎൽ അറിയിച്ചു. സംഭവത്തിൽ കെഎംആർഎൽ യുഡിഎഫ് നേതാക്കൾക്കെതിരെ പോലീസിൽ പരാതി നൽകി.
മെട്രോയിൽ കയറിയ പ്രവർത്തകർ യാത്രയിലുടനീളം മുദ്രാവാക്യം വിളിച്ചിരുന്നു. മെട്രോ നയം അനുസരിച്ച് ട്രയിനിനുള്ളിൽ മുദ്രാവാക്യം വിളിക്കുന്നത് പ്രകടനം നടത്തുന്നതും ആയിരം രൂപ പിഴയും ആറ് മാസം തടവും ലഭിക്കാവുന്ന കുറ്റമാണ്.
കൊച്ചി മെട്രോ ഉദ്ഘാടനത്തിന് ഉമ്മൻചാണ്ടി അടക്കമുള്ള നേതാക്കളെ തഴഞ്ഞതിലുള്ള പ്രതിഷേധമായാണ് കോൺഗ്രസ് നേതൃത്വം ജനകീയ യാത്ര സംഘടിപ്പിച്ചത്. എന്നാൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കം നിരവധി നേതാക്കളും അതിലിരട്ടി അണികളുമാണ് യാത്രയിൽ പങ്കെടുക്കാനെത്തിയത്. ട്രയിനിൽ കയറാനുള്ള തിരക്കിനെ തുടർന്ന് ആദ്യം എത്തിയ മെട്രോ ട്രയിനിൽ ഉമ്മൻചാണ്ടിയ്ക്ക് കയറാൻ കഴിഞ്ഞിരുന്നില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here