Advertisement

‘അന്യജീവനുതകി സ്വജീവിതം…’; സംസ്‌കാരികരംഗത്തെ എളിമയുടെ പ്രതീകമായ സാനു മാഷ്

6 hours ago
3 minutes Read

നവോത്ഥാന കേരളത്തിന്റെ നാവായിരുന്നു പ്രൊഫസർ എം കെ സാനു. അധ്യാപകനും നിരൂപകനും പ്രഭാഷകനും എഴുത്തുകാരനുമായി കേരളത്തിന്റെ സംസ്‌കാരിക ഭൂമികയിൽ നിറഞ്ഞുനിന്ന സാനുമാഷ് 98-ാം വയസ്സിലും സജീവമായിരുന്നു. നന്മകൾ ചെയ്തും നല്ലതു ചെയ്യാൻ നാട്ടുകാരെ പ്രേരിപ്പിച്ചും എളിമയുടെ പ്രതീകമായി സംസ്‌കാരികരംഗത്ത് സാനു മാഷ് വർത്തിച്ചു.

”ഒരു മണൽതരിയോളം ചെറുതാണു ഞാൻ” എന്ന് പ്രസംഗങ്ങളിൽ ആവർത്തിച്ചു പറഞ്ഞു. സ്‌കൂളിൽ പഠിക്കുന്ന കാലത്ത് ആരാകാനാണ് ആഗ്രഹമെന്നെഴുതി നൽകി നൽകാൻ ആവശ്യപ്പെട്ട അധ്യാപകന് എം കെ സാനു എന്ന എട്ടാം ക്ലാസുകാരൻ കടലാസിൽ എഴുതി നൽകിയത് കുമാരാനാശാന്റെ നളിനിയിലെ വരികളായിരുന്നു. അത് ഇപ്രകാരമായിരുന്നു ‘അന്യജീവനുതകി സ്വജീവിതം ധന്യമാക്കും അമലേ വിവേകികൾ.’

1927 ഒക്ടോബർ 27ന് ആലപ്പുഴ തുമ്പോളി മംഗലത്ത് തറവാട്ടിൽ എം സി കേശവൻ- കെ പി ഭവാനി ദമ്പതികളുടെ മകനായാണ് ജനനം. ആലപ്പുഴ സനാതനധർമ്മ ഹൈസ്‌കൂളിൽ അധ്യാപകനായി തൊഴിൽ ജീവിതമാരംഭിച്ചു. പ്രസംഗത്തിലേക്കും എഴുത്തിലേക്കുമൊക്കെ സാനു മാഷ് കടന്നുവരവ് യാദൃച്ഛികമായിരുന്നു.

ആലപ്പുഴ തുമ്പോളിയിലെ എസ്എൻഡിപി ശാഖയിൽ തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ചേർക്കണമെന്നാവശ്യപ്പെട്ട പ്രമേയ ചർച്ചയിലായിരുന്നു ആദ്യ പ്രസംഗം. സാഹിത്യസംഘം രണ്ടായി പിരിഞ്ഞപ്പോൾ നടത്തിയ പ്രസംഗത്തിന്റെ എഴുത്തുരൂപമായിരുന്നു ആദ്യ ലേഖനം. പുരോഗമന കലാ സാഹിത്യസംഘം പ്രസിഡന്റായിരിക്കെ രാഷ്ട്രീയത്തിലെത്തി. 1987-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ സി പി ഐ എം സ്ഥാനാർത്ഥിയായ സാനു മാഷ് കോൺഗ്രസിന്റെ എ എൽ ജേക്കബിനെതിരെ അട്ടിമറി വിജയം നേടി. ഇ എം എസ് നിർബന്ധ പ്രകാരമായിരുന്നു സാനുമാഷ് സ്ഥാനാർത്ഥിയായത്.

അധ്യാപകനായും നിരൂപകനായും പ്രഭാഷകനായും ജീവകാരുണ്യ പ്രവർത്തകനായും സാംസ്‌കാരിക പ്രവർത്തകനായുമെല്ലാം ഒരു ജീവിതത്തിൽ പല മുഖങ്ങളിൽ സാനു മാഷ് അവതരിച്ചു എ കെ ആന്റണി, മമ്മൂട്ടി, വയലാർ രവി, അന്തരിച്ച ജോൺ പോൾ തുടങ്ങിയ വിശിഷ്ട ശിഷ്യഗണങ്ങൾ. അന്തരിച്ച വൈക്കം മുഹമ്മദ് ബഷീർ, പി കെ ബാലകൃഷ്ണൻ, സി ജെ തോമസ്, ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ തുടങ്ങിയവരുമായുള്ള ആഴത്തിലുള്ള സൗഹൃദം.

കാറ്റും വെളിച്ചവും ആയിരുന്നു ആദ്യ വിമർശനകൃതി. വിമർശനത്തിൽ നിന്നും ജീവിചരിത്ര രചനകളിലേക്ക് കടന്നു. ചങ്ങമ്പുഴ കൃഷ്ണപിള്ള- നക്ഷത്രങ്ങളുടെ സ്നേഹഭാജനം, ബഷീർ-ഏകാന്തവീഥിയിലെ അവധൂതൻ, സഹോദരൻ കെ അയ്യപ്പൻ, പി കെ ബാലകൃഷ്ണനെപ്പറ്റി ഉറങ്ങാത്ത മനീഷി തുടങ്ങി ജീവചരിത്രശാഖയിൽ നിസ്തുല സംഭാവനകൾ നിരവധിയുണ്ട് സാനു മാഷിന്റേതായി.

കുമാരനാശാന്റെ നളിനി- വിശുദ്ധാനുരാഗത്തിൽ തെളിയുന്ന ദിവ്യദീപ്തി, തുടങ്ങി നാൽപതിലധികം കൃതികൾ സാനു മാഷിന്റേതായിട്ടുണ്ട്. കർമ്മഗതിയാണ് ആത്മകഥ. വയലാർ അവാർഡും കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങളും എഴുത്തച്ഛൻ പുരസ്‌കാരവുമെല്ലാം സാനു മാഷിനെ തേടിയെത്തി. 98-ാം വയസ്സിലും ശാരീരിക അവശതകൾ മാറ്റിവച്ച് സഹോദരൻ അയ്യപ്പന്റെ സഹോദരിയും പൊതുപ്രവർത്തകയുമായിരുന്ന തപസ്വിനി അമ്മയെപ്പറ്റിയുള്ള ‘തപസ്വിനി അമ്മ- അബലകൾക്ക് ശരണമായി ജീവിച്ച പുണ്യവതി’ എന്ന പുസ്തകം രചിച്ചു.

Story Highlights : MK Sanu symbol of modesty in Kerala cultural field

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top