കേരള സഹകരണ ബാങ്ക് റിപ്പോര്‍ട്ടിന് അംഗീകാരം

സംസ്ഥാന സഹകരണ ബാങ്കിനെയും 14 ജില്ലാ സഹകരണ കോ-ഓപ്പറേറ്റീവ് ബാങ്കുകളെയും സംയോജിപ്പിച്ച് കേരള കോ-ഓപ്പറേറ്റീവ് ബാങ്ക് രൂപീകരിക്കുന്നതിനുളള ശുപാര്‍ശകള്‍ ഉള്‍ക്കൊളളുന്ന പ്രൊ.എം.എസ്. ശ്രീരാം കമ്മിറ്റി റിപ്പോര്‍ട്ട് മന്ത്രിസഭ തത്വത്തില്‍ അംഗീകരിച്ചു. ഏപ്രില്‍ 28-നാണ് കമ്മിറ്റി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ച സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, നബാര്‍ഡ് എന്നിവയുടെ അംഗീകാരം ലഭിക്കാനുളള നടപടികള്‍ ഉടനെ ആരംഭിക്കുന്നതാണ്. ശുപാര്‍ശകള്‍ക്ക് പ്രായോഗിക രൂപം നല്‍കുന്നതിന് നബാര്‍ഡിന്റെ മുന്‍ ചീഫ് ജനറല്‍ മാനേജര്‍ വി.ആര്. രവീന്ദ്രനാഥ് ചെയര്‍മാനായി കര്‍മസമിതി രൂപീകരിച്ചിട്ടുണ്ട്. കേരള സഹകരണ ബാങ്ക് നിലവില്‍ വരുമ്പോള്‍ ജില്ലാസഹകരണ ബാങ്കുകള്‍ ഇല്ലാതാകും. കേരള ബാങ്കും പ്രാഥമിക സഹകരണ ബാങ്കുകളും എന്ന രണ്ട് തട്ട് മാത്രമേ ഉണ്ടാകു.
സഹകരണ മേഖലയിലെ മിച്ച ഫണ്ട് ഫലപ്രദമായി വിനിയോഗിക്കാന്‍ കേരള ബാങ്ക് രൂപീകൃതമായാല്‍ കഴിയും. അതോടെ വായ്പാ-നിക്ഷേപ അനുപാതം ഉയരുകയും വായ്പാ പലിശ നിരക്ക് കുറയുകയും ചെയ്യും.
എസ്.ബി.ടി, എസ്.ബി.ഐയില്‍ ലയിച്ചതോടെ കേരളത്തിന് തദ്ദേശീയമായ ബാങ്കില്ലാതായി. ഈ കുറവ് പരിഹരിക്കാന്‍ കേരള കോ-ഓപ്പറേറ്റീവ് ബാങ്കിന് കഴിയും. സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലും ക്ഷേമപ്രവര്‍ത്തനങ്ങളിലും കേരള ബാങ്ക് പങ്കാളിയാകും.
വലിപ്പവും മൂലധനശേഷിയും വര്‍ധിക്കുമ്പോള്‍ ആധുനിക ബാങ്കിങ് സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ കഴിയും. ജീവനക്കാരുടെ വിന്യാസം സംബന്ധിച്ച് അവരുടെ സംഘടകളുമായി ചര്‍ച്ച നടത്തണമെന്നാണ് ഉദ്ദേശിക്കുന്നത്. സഹകരണമേഖലയിലെ സാമ്പത്തിക സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തിന് കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ റഗുലേറ്ററി അതോറിറ്റി സ്ഥാപിക്കാനും കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
കേരള സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ചുവടുപിടിച്ച് പഞ്ചാബിലും സഹകരണ ബാങ്കുകളുടെ സംയോജനത്തിന് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മഹരാഷ്ട്ര, യു.പി. സര്‍ക്കാരുകള്‍ കേരള ബാങ്ക് രൂപീകരണത്തെക്കുറിച്ച് അറിയാന്‍ സംസ്ഥാന സഹകരണ വകുപ്പുമായി ബന്ധപ്പെട്ടിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here