ജൂൺ 30 അർധ രാത്രി മുതൽ ജിഎസ്ടി നിലവിൽ വരും; എന്തിനൊക്കെ വില കൂടും/കുറയും ?

ഇന്ത്യൻ സമ്പത് വ്യവ്‌സതയിൽ പുതിയ മാറ്റങ്ങൾ സൃഷ്ടിച്ച് ജൂൺ 30 അർധ രാത്രി മുതൽ ജിഎസ്ടി നിലവിൽ വരും. ജിഎസ്ടി വരുന്നതോടെ നിരവധി സാധനങ്ങളുടെ വിലകളിൽ മാറ്റങ്ങളും ഉണ്ടാകും. ജിഎസ്ടിക്ക് മുന്നോടിയായി നിരവധി ഓൺലൈൻ സൈറ്റുകളും, കടകളും വൻ ഓഫറുകളുമായി എത്തി കഴിഞ്ഞു. എന്നാൽ എന്താണ് ജിഎസ്ടി, എന്തിനൊക്കെയാണ് വില കൂടുന്നത്/കുറയുന്നത്, തുടങ്ങി നിരവധി ചോദ്യങ്ങളാണ് ജനമനസ്സുകളിൽ ഉയരുന്നത്.
എന്താണ് ജിഎസ്ടി ?
രാജ്യത്ത് ആകമാനം ഒറ്റ പരോക്ഷ നികുതി സമ്പ്രദായം നടപ്പാക്കുന്നതിനു കേന്ദ്ര സർക്കാർ ആവിഷകരിച്ചതാണു ചരക്കു സേവന നികുതി അഥവാ ജിഎസ്ടി. കേന്ദ്രവും സംസ്ഥാനങ്ങളും ചുമത്തുന്ന പരോക്ഷ നികുതികൾക്കു പകരമാണിത്. ജിഎസ്ടി വരുന്നതോടെ എക്‌സൈസ് തീരുവയും സർവീസ് ടാക്‌സും വാറ്റുമൊക്കെ ഇല്ലാതാകും. പകരം കേന്ദ്ര ജിഎസ്ടിയും സംസ്ഥാന ജിഎസ്ടിയും മാത്രമാകും.
ജിഎസ്ടി വരുന്നതോടെ ഇല്ലാതാകുന്ന നികുതികൾ
എക്‌സൈസ് തീരുവ, അഡീ. എക്‌സൈസ് തീരുവ, സേവന നികുതി, ചരക്ക്, സേവന സർചാർജ്, സംസ്ഥാന വാറ്റ്, ലക്ഷ്വറി ടാക്‌സ്, പ്രവേശന നികുതി, വിനോദ നികുതി, പരസ്യ നികുതി, ലോട്ടറി നികുതി, സംസ്ഥാന സെസ്സ്, സർചാർജ് തുടങ്ങിയവ ഇല്ലാതാകും.
ജിഎസ്ടി വന്നാലും ഈ നികുതികൾ തുടരും
ജിഎസ്ടി നിലവിൽവന്നാലും ആദായ നികുതി, കസ്റ്റംസ് തീരുവ, പെട്രോളിയം ഉത്പന്നങ്ങളുടെ ഡ്യൂട്ടി, സ്റ്റാംപ് ഡ്യൂട്ടി, രജിസ്‌ട്രേഷൻ ടാക്‌സ്, മോട്ടോർ വാഹന നികുതി, മദ്യത്തിന്മേലുള്ള നികുതി, തദ്ദേശ സ്ഥാപനങ്ങളുടെ കെട്ടിട, തൊഴിൽ, വിനോദ നികുതികൾ തുടങ്ങിയവ തുടരും.
ജിഎസ്ടിയും വിവിധ വസ്തുക്കളുടെ ടാക്‌സും :
നിത്യോപയോഗ വസ്തുക്കൾ- വില കുറയും
ജിഎസ്ടി നടപ്പാകുന്നതോടെ പഞ്ചസാര, ചായപ്പൊടി, കാപ്പിപ്പൊടി, പാൽപ്പൊടി എന്നിവയ്ക്ക് വില കുറയുമെന്ന് വിലയിരുത്തൽ. നിലവിൽ പഞ്ചസാരയ്ക്ക് ക്വിന്റലിന് 71 രൂപയാണ് കേന്ദ്ര എക്‌സൈസ് നികുതി. അതിനുപുറമെ 124 രൂപ സെസും ഈടാക്കുന്നുണ്ട്. ഇതുരണ്ടും കണക്കാക്കിയാൽ ആറ് ശതമാനത്തിലേറെ തുക കൂടുതലായി വരുന്നുണ്ട്. എന്നാൽ ജിഎസ്ടയിൽ നിർദേശിച്ചിരിക്കുന്ന നികുതി അഞ്ച് ശതമാനമാണ്.
അതേസമയം, ഫ്രഷ് മീറ്റ്, മത്സ്യം, കോഴി ഇറച്ചി, മുട്ട, പാൽ, ബട്ടർമിൽക്, തൈര്, തേൻ, പഴവർഗങ്ങൾ, പച്ചക്കറി, ധാന്യപൊടികൾ, ബ്രഡ്, ഉപ്പ്, സിന്ദൂരം, സ്റ്റാമ്പ്, ജുഡീഷ്യൽ പേപ്പറുകൾ, പുസ്തകങ്ങൾ, പത്രം, ഹാൻഡ്‌ലൂം എന്നിവയ്ക്ക് നികുതിയില്ല.
പാൽപൊടി, ബ്രാന്റഡ് പനീർ, ശീതീകരിച്ച പച്ചക്കറികൾ, കാപ്പിപ്പൊടി, ചായപ്പൊടി, മസാല, പിസ, റസ്‌ക്, മണ്ണെണ്ണ, കൽക്കരി, മരുന്നുകൾ, സ്റ്റെന്റ്, ലൈഫ് ബോട്ട് തുടങ്ങിയവയ്ക്ക് അഞ്ച് ശതമാനമാണ് നികുതി.
നിലവിൽ 22% ടാക്‌സ് വരുന്ന ടൂത് പേസ്റ്റ്, സോപ്പ്, ഹെയർ ഓയിൽ, എന്നിവയ്ക്ക് ജിഎസ്ടി വരുന്നതോടെ 18% ആണ് ടാക്‌സ് വരിക. അതായത് ജിഎസ്ടി വരുന്നതോടെ ഈ ഉത്പന്നങ്ങളുടെ വില കുറയും.
വസ്ത്രങ്ങൾ – വില കൂടും
ജിഎസ്ടി വരുന്നതോടെ വസ്ത്രങ്ങൾക്ക് വില കൂടും. ആയിരം രൂപ വരെ വിലയുള്ള തുണിത്തരങ്ങൾക്ക് 5% ആണ് ജിഎസ്ടി. എന്നാൽ ആയിരം രൂപയിൽ കൂടുതലുള്ള വസ്ത്രങ്ങൾക്ക് 12% ആണ് ജിഎസ്ടി.
ബ്യൂട്ടി പ്രൊഡക്ട്‌സ് – വില കൂടും
ബ്യൂട്ടി പാർലറുകൾ, ബ്യൂട്ടി പ്രൊഡക്ട്‌സ് എന്നിവയ്ക്ക് വില വർധിക്കും. നിലവിൽ 15% ആണ് ഇവയുടെ നികുതി ങ്കെിൽ ജിഎസ്ടി നടപ്പാക്കുന്നതോടെ 18% ആയിരിക്കും ഇവ ഈടാക്കുക.
സ്വർണ്ണം – വില കൂടും
സ്വർണത്തിന് മൂന്ന് ശതമാനവും പണിക്കൂലിക്ക് അഞ്ച് ശതമാനവുമാണ് ജിഎസ്ടി. നിലവിൽ സ്വർണത്തിന് 1,800 രൂപയാണ് നികുതി. എന്നാൽ ജിഎസ്ടി വരുന്നതോടെ നികുതി 2000 രൂപയാകും.
വിനോദം – വില കൂടും
ആഡംബരവസ്തുക്കൾക്കും പുകയില ഉത്പന്നങ്ങൾക്കും നികുതിക്കുപുറമെ സെസ്സും ഏർപ്പെടുത്തും. സിനിമാടിക്കറ്റ്, ചൂതുകളി, വാതുവെപ്പ് എന്നിവയ്ക്ക് 28 ശതമാനം നികുതിയാകും.
ഹോട്ടലുകൾ
ചെറുകിട റസ്റ്റോറന്റുകൾക്ക് അഞ്ചു ശതമാനമാണ് നികുതിനിരക്ക്. എന്നാൽ ഹോട്ടലിന്റെ നിലവാരമുയരുന്നതിനനുസരിച്ച് ഇത് 12 ശതമാനംവരെ ഉയരും. ബാറുള്ള ഹോട്ടലുകൾക്കും എയർ കണ്ടീഷൻ ചെയ്തവയ്ക്കും 18 ശതമാനമാണ് നികുതി. ഹോട്ടലുകളുടെ മുറിവാടകയനുസരിച്ച് അഞ്ചു ശതമാനം മുതൽ 28 ശതമാനം വരെ നികുതിയീടാക്കും.
ഇലക്ട്രോണിക് ഗാഡ്ജറ്റുകൾ- വില കൂടും
മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും ഉൾപ്പെടെയുള്ള ഗാഡ്ജറ്റുകളുടെ വില കൂടും. നികുതി വർദ്ധിപ്പിച്ചതിനാൽ അടുത്ത മാസം മുതൽ ഫോൺ ബിൽ തുകയും കുത്തനെ ഉയരും. ഇന്ത്യയിൽ നിർമ്മിക്കുന്ന ഫോണുകൾക്ക് 4 മുതൽ 5 ശതമാനം വരെ വില വർദ്ധിക്കുമെന്നാണ് സൂചന. 12 ശതമാനമാണ് മൊബൈൽ ഫോണുകലുടെ ജിഎസ്ടി.
അതേസമയം ഇറക്കുമതി ചെയ്യുന്ന ഫോണുകളുടെ വില കുറയും. എന്നാൽ, ഈ വർഷം ആദ്യപാദത്തിലെ കണക്കനുസരിച്ച് രാജ്യത്ത് വിറ്റ 80% ഫോണുകളും ഇന്ത്യയിൽ നിർമിച്ചവയാണ്.
ലാപ്‌ടോപ്പുകൾക്കും ഡെസ്‌ക്‌ടോപ്പുകൾക്കും വില വർധിക്കും. 1415 ശതമാനം ലെവി ഉണ്ടായിരുന്ന ലാപ്‌ടോപ്പുകൾക്ക് 18 ശതമാനം ജിഎസ്ടിയാണ് ചുമത്തിയിരിക്കുന്നത്. ജിഎസ്ടി മൊബൈൽ ചാർജുകളെയും ബാധിക്കും.
മൊബൈൽ ബില്ലുകളുടെ ജിഎസ്ടി 15 ശതമാനത്തിൽ നിന്ന് 18 ശതമാനത്തിലേക്ക് വർധിച്ചു. പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് ടോക്ക് ടൈമിൽ കുറവുണ്ടാകും. 100 രൂപയ്ക്ക് 85 രൂപ ടോക്ക് ടൈം എന്നത് ജിഎസ്ടി വരുന്നതോടെ 82 രൂപ ടോക്ക് ടൈം ആയി കുറയും.
യാത്ര നിരക്ക്
വിമാനയാത്ര – സാധാരണ വിമാനയാത്രാ നിരക്കുകൾ ജിഎസ്ടിയുടെ വരവോടെ കുറയും. നിലവിൽ ആറു ശതമാനമായിരുന്ന ഇക്കണോമി ക്ലാസ് ടിക്കറ്റിന്റെ നികുതി അഞ്ച് ശതമാനമായി കുറയുന്നതാണ് കാരണം. എന്നാൽ ബിസിനസ്സ് ക്ലാസ് വിമാന ടിക്കറ്റിൽ 9% ആയിരുന്ന നികുതി 12% ആയി വർധിക്കും. പെട്ടെന്നുള്ള ടിക്കറ്റ് ബുക്കിങ്ങിനും ചിലവ് കൂടും.
ട്രെയിൻ യാത്ര : സാധാരണ ട്രെയിൻ ടിക്കറ്റ് നിരക്കുകളിൽ ജിഎസ്ടി മാറ്റമുണ്ടാക്കില്ല. എന്നാൽ എസി, ഫസ്റ്റ് ക്ലാസ് നിരക്കുകളിൽ നേരിയ വർധനയുണ്ടാകും. 4.5% ആയിരുന്ന നികുതി 5% ആയാണ് വർധിപ്പിക്കുക.
ഒല, ഊബർ : ഒല, ഊബർ തുടങ്ങിയ ഓൺലൈൻ ടാക്‌സികളിലെ യാത്രയുടെ നിരക്ക് നേരിയ തോതിൽ കുറയും. 100 രൂപയുടെ യാത്രയ്ക്ക് 6 രൂപ നികുതി ഈടാക്കിയിരുന്ന സ്ഥാനത്ത് ഇനി 5 രൂപ മാത്രമായിരിക്കും നികുതി.
ബസ് യാത്ര : ലോക്കൽ ബസ്ുകൾ, വാൻ, മിനി ബസ് തുടങ്ങി 10 ൽ കൂടുതൽ യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന വാഹനങ്ങളെ ജിഎസ്ടിയിൽ നിന്ന് ഒഴുവാക്കിയതിനാൽ സാധാരണക്കാരന്റെ യാത്രാ ചിലവ് ഉയരില്ല.
നിർമ്മാണ മേഖല- വില കൂടും
നിലവിൽ 4.5% ആയിരുന്ന സിമന്റിന്റെ ടാക്‌സ് ജിഎസ്ടി വരുന്നതോടെ 12% ൽ എത്തും. ഒപ്പം സ്റ്റീലിന്റെ ടാക്‌സും 18% ആയിരിക്കും. ഇതോടെ നിർമ്മാണ മേഖലയിൽ ചിലവ് വർധിക്കും.
വിദ്യാഭ്യാസ-ആരോഗ്യ മേഖല
വിദ്യാഭ്യാസ, ആരോഗ്യ മേഖലകളെ പൂർണമായും നികുതിമുക്തമാക്കി. മരുന്നുകൾക്ക് വില കുറയും. എന്നാൽ ഉപഭോക്താക്കൾക്ക് ഉടൻ ഫലം കിട്ടില്ല. പുതിയ എംആർപിയുമായി മരുന്നുകൾ എത്തിയിട്ടില്ല. ഇത് സംബന്ധിച്ച് ആശങ്കകളും അവ്യക്തതകളും തുടരുന്നു.
how GST affects price of different goods and services
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here