സിംഹങ്ങളുടെ കാവലിൽ ഗിർ വനത്തിൽ 32 കാരിയ്ക്ക് സുഖപ്രസവം

അപകടകാരികളായ സിംഹങ്ങളുടെ വിഹാര കേന്ദ്രമായ ഗിർ വനത്തിൽ 32 കാരി മങ്കുബെൻ മക് വാനയ്ക്ക് സുഖപ്രസവം. 12 സിംഹങ്ങളുടെ കാവലിൽ കൊടുങ്കാട്ടിൽ പാതിരാത്രിയിലാണ് മങ്കുബെൻ മകന് ജന്മം നൽകിയത്. ജൂൺ 29നാണ് സംഭവം.
പ്രസവവേദനയെ തുടർന്ന് ആംബുലൻസിൽ മങ്കുബെന്നിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. കാടിനുള്ളിലൂടെ ജാഫർബാദിലെ ആശുപത്രിയിലേക്കുള്ള യാത്രയിൽ പുലർച്ചെ രണ്ടരയോടെ പ്രസവവേദ കൂടി. ഈ സമയം ആംബുലൻസിന് അരികിലേക്ക് സിംഹങ്ങൾ കൂട്ടമായി എത്തുകയായിരുന്നു.
പ്രസവവേദന കൂടിയതോടെ ആംബുലൻസിൽ ഒപ്പമുണ്ടായിരുന്ന എമർജൻസി മാനേജ്‌മെന്റ് ടെക്‌നീഷ്യൻ അശോക് മക്‌വാന വാഹനം നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. കൊടുങ്കാട്ടിൽ മനുഷ്യ മണം ലഭിച്ചതോടെ സിംഹങ്ങൾ കൂട്ടമായി എത്തി തുടങ്ങി.
അശോക് ഡോക്ടറെ ഫോണിൽ വിളിച്ച് സംസാരിക്കുകയും ഡോക്ടറുടെ നിർദ്ദേശ പ്രകാരം വേണ്ട കാര്യങ്ങൾ ചെയ്യുകയുമായിരുന്നു. ഇതിനിടയിൽ ആംബുലൻസിന് ചുറ്റും നിന്ന സിംഹങ്ങളെ പ്രകോപിപ്പിക്കാതിരിക്കാൻ ശ്രദ്ധിച്ചുവെന്നും പ്രസവ ശേഷം വാഹനം സ്റ്റാർട്ട് ചെയ്ത് പോകുമ്പോൾ സിംഹങ്ങൾ വഴിമാറി തന്നുവെന്നും അശോക് പറഞ്ഞു. തുടർന്ന് അമ്മയെയും കുഞ്ഞിനെയും ജാഫർബാദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here