Advertisement

ടോമിന്‍ ജെ തച്ചങ്കരി, ജേക്കബ് തോമസ്, ബി സന്ധ്യ, നളിനി നെറ്റൊ എന്നിവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ടി. പി. സെന്‍കുമാര്‍

July 2, 2017
Google News 1 minute Read
senkumar non bailable offence against senkumar

പോലീസ് ആസ്ഥാനത്തെ എഡിജിപി ടോമിന്‍ ജെ തച്ചങ്കരി, ഡിജിപി ജേക്കബ് തോമസ്, എഡിജിപി ബി സന്ധ്യ, ചീഫ് സെക്രട്ടറി നളിനി നെറ്റൊ എന്നിവര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായി മുന്‍ പോലീസ് മേധാവി ടി. പി. സെന്‍കുമാര്‍. ടോമിന് തച്ചങ്കരിയെ കള്ളനെന്നും ജേക്കബ്‌ തോമസിനെ ഹിപ്പോക്രാറ്റെന്നും വിശേഷിപ്പിച്ചാണ് സെന്‍കുമാറിന്റെ വിമര്‍ശനങ്ങള്‍. മാതൃഭൂമി ന്യൂസിന്റെ ചോദ്യം ഉത്തരം പരിപാടിയിലാണ് സെന്‍കുമാര്‍ വെളിപ്പെടുത്തലുകള്‍ നടത്തിയത്.

ടോമിന്‍ തച്ചങ്കരിയെ പോലീസ് ആസ്ഥാനത്തെ കള്ളനെന്നാണ് സെന്‍കുമാര്‍ വിശേഷിപ്പിച്ചത്. പോലീസ് ആസ്ഥാനത്ത് നിന്ന് തച്ചങ്കരി ഫയലുകള്‍ കടത്തിയതായി സെന്‍കുമാര്‍ ആരോപിച്ചു. തച്ചങ്കരിയെക്കുറിച്ച്‌ നടന്ന അന്വേഷണങ്ങളുടെ ഫയലുകളാണ് കടത്തിയത്. വിഷയത്തില്‍ തച്ചങ്കരിക്കെതിരെ ഔദ്യോഗിക രഹസ്യ നിയമം അനുസരിച്ച് കേസെടുക്കണം. കോടതി ആവശ്യപ്പെട്ടാല്‍ തെളിവ് നല്‍കാന്‍ തയ്യാറാണെന്നും സെന്‍കുമാര്‍ പറഞ്ഞു. രണ്ട് സര്‍ക്കാരുകളുടെയും സംരക്ഷണം തച്ചങ്കരിക്ക് ലഭിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

ചീഫ് സെക്രട്ടറിയായ നളിനി നെറ്റോ തന്നെ ഉപദ്രവിച്ചിട്ടുണ്ടെന്നും സെന്‍കുമാര്‍ വെളിപ്പെടുത്തി. വൈരാഗ്യ ബുദ്ധിയോടെയാണ് തന്നോടു പെരുമാറിയത്. തന്നെ പോലീസ് മേധാവി സ്ഥാനത്തു നിന്ന നീക്കാന്‍ നളിനി നെറ്റോ കൃത്രിമം കാട്ടി. ഇതിനായി മുന്നുഫയലുകളിലാണ് കൃത്രിമം കാണിച്ചതെന്നും നളിനി നെറ്റോയ്‌ക്കെതിരെ നിയമനടപടികള്‍ക്ക് മുതിര്‍ന്നേക്കുമെന്നുള്ള സൂചനയും ചോദ്യം ഉത്തരം പരിപാടിയില്‍ സെന്‍കുമാര്‍ നല്‍കി. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യക്ഷത്തില്‍ തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.

ഐഎംജി ഡയറക്ടറായ ഡിജിപി ജേക്കബ് തോമസ് തികഞ്ഞ ഹിപ്പോക്രാറ്റാണെന്നും സെന്‍കുമാര്‍ പറഞ്ഞു. കര്‍ണാടകയില്‍ മരം വെട്ടിയിട്ട് കേരളത്തില്‍ വന്ന് പരിസ്ഥിതി സ്‌നേഹം പറയുന്ന ആളാണ് ജേക്കബ് തോമസ്. വൈരാഗ്യംവച്ച് പ്രവര്‍ത്തിക്കുന്നയാളാണ് ജേക്കബ് തോമസെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ മണിക്കൂറുകള്‍ ചോദ്യം ചെയ്ത എഡിജിപി ബി സന്ധ്യയുടെ നടപടി തെറ്റാണെന്ന് സെന്‍കുമാര്‍ വ്യക്തമാക്കി. അന്വേഷണ മേധാവിയില്ലാതെ നടനെ ചോദ്യം ചെയ്തത് തെറ്റായ നടപടിയാണ്. അന്വേഷണ സംഘത്തിന്റെ ലീഡറെ തന്നെ കാര്യങ്ങള്‍ അറിയിച്ചില്ല. പോലീസ് മേധാവിക്കുപോലും ഒന്നും അറിയില്ലായിരുന്നുവെന്നും സെന്‍കുമാര്‍ പറഞ്ഞു.

Senkumar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here