ഒറ്റക്ക് യൂബറിൽ സഞ്ചരിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ ഈ പെൺകുട്ടിയുടെ അനുഭവ കഥ വായിച്ചിരിക്കണം !!

ഓൺലൈൻ ക്യാബുകളുടെ പ്രചാരം വർധിച്ചുവരികയാണ് ഇപ്പോൾ. എവിടെയും ഏതു സമയത്തും സഞ്ചരിക്കാം എന്നതും, ഓട്ടോറിക്ഷ കൂലി അപേക്ഷിച്ച് പണം കുറവാണ് എന്നതുമാണ് ഓല, യൂബർ പോലുള്ള ഓൺലൈൻ ക്യാബുകൾക്ക് ഇത്രമേൽ പ്രചാരമേറാൻ കാരണം. എന്നാൽ ഇവയെ ആശ്രയിക്കുന്നത് എത്രമേൽ സുരക്ഷിതമാണ് എന്നതാണ് ഇപ്പോൾ ഉയർന്ന് വന്നിരിക്കുന്ന ചോദ്യം.
കഴിഞ്ഞ ദിവസം അനന്യ എന്ന പെൺകുട്ടിക്ക് യൂബറിൽ അനുഭവിക്കേണ്ടി വന്ന ദുരവസ്ഥയാണ് യൂബറിന്റെ സുരക്ഷയെ കുറിച്ചുള്ള ചർച്ച ഉയർത്തിയിരിക്കുന്നത്. നമ്മിൽ പലരും രാത്രി ജോലി സ്ഥലങ്ങളിൽ നിന്നും മറ്റും വീടുകളിലേക്ക് മടങ്ങാൻ ഓല, യൂബർ പോലുള്ള ക്യാബുകളെ ആശ്രയിക്കാറുണ്ട്. അവയെല്ലാം സുരക്ഷിതമാണ് എന്ന് കണ്ണടച്ച് വിശ്വസിക്കുന്നതിന് മുമ്പ് ഈ അനുഭവ കഥ വായിക്കുക…
സംഭവം ഇങ്ങനെ….
ഡൽഹി സ്വദേശിയായ അനന്യ സുഹൃത്തിന്റെ വീട്ടിൽ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്നു. സമയം രാത്രി 10.55 ആയതുകൊണ്ട് തന്നെ ബസ്സിനൊ, ഓട്ടോയ്ക്കോ കാത്ത് നിൽക്കാതെ അനന്യ യൂബർ ബുക്ക് ചെയ്തു. മദ്യത്തിന്റെ മടുപ്പിക്കുന്ന ഗന്ധവും, പാൻ കറ പടർന്ന ‘ചുവന്ന’ ചിരിയുമായി വന്ന ഡ്രൈവറാണ് അനന്യയെ എതിരേറ്റത്.
കാറിൽ കയറി പോകേണ്ട സ്ഥലം അനന്യ പറഞ്ഞ് കൊടുത്തു. കാർ സ്റ്റാർട് ചെയ്ത് നോയിഡ-ഗ്രേറ്റർ നോയിഡ എക്സ്പ്രസ് വേയിലെ സർവീസ് ലൈനിൽ കയറി അഞ്ച് മിനിറ്റ് പിന്നിട്ടപ്പോൾ തന്നെ പെട്രോൾ തീർന്നു എന്ന് പറഞ്ഞ് ഡ്രൈവർ കാർ നിർത്തി. ഒറ്റപ്പെട്ട ഇരുട്ട് മൂടിയ വഴിയിലാണ് അയാൾ കാർ നിർത്തിയത്. ടിവിയിലും പത്രത്തിലും, പേടിപ്പിക്കുന്ന നോവലുകളിലും അനന്യ കണ്ടും കേട്ടും വായിച്ചും അറിഞ്ഞ, ഏത് പെൺകുട്ടിയും ഭയപ്പെടുന്ന സന്ദർഭത്തിലാണ് താനും എത്തി നിൽക്കുന്നതെന്ന് അനന്യക്ക് മനസ്സിലായി.
ഭയപ്പാടിന്റെ 10 മിനിറ്റുകൾ….
ഈ സമയത്ത്, യൂബർ ഡ്രൈവർ ഫോണിൽ ആരോടോ പെട്രോൾ കൊണ്ടുവരാൻ ആവശ്യപ്പെടുന്നത് അനന്യ കേട്ടു. ഒപ്പം കാറിൽ ഒരു പെൺകുട്ടിയാണ് എന്നത് ഡ്രൈവർ പ്രത്യേകം എടുത്ത് പറയുന്നതായും അനന്യുടെ ശ്രദ്ധയിൽ പെട്ടു. ചേർന്ന് പോയ ധൈര്യം വീണ്ടെടുത്ത അനന്യ ഉടനെ സുഹൃത്തിനെ ഫോണിൽ വിളിക്കുകയും, കൂട്ടിക്കൊണ്ടുപോകാൻ ആവശ്യപ്പെടുകയും ചെയ്തു. തൽക്ഷണം സുഹൃത്ത് പുറപ്പെട്ടു.
അനന്യയുടെ ഫോൺ സംഭാഷണം ശ്രദ്ധിച്ച ഡ്രൈവർ അനന്യയെ കൂട്ടിക്കൊണ്ടുപോകാൻ ആരെങ്കിലും വരുന്നുണ്ടോ എന്ന് ചോദിച്ചു. ഉള്ളിൽ ഭയന്ന് വിറച്ചിരിക്കുകയായിരുന്നു എങ്കിലും മുഖത്ത് ഭാവ വ്യത്യാസം ഒന്നുമില്ലാതെ തന്നെ അനന്യ പറഞ്ഞു ‘അതെ’.
വണ്ടിക്കാരൻ ആരെയൊക്കെയോ വിളിക്കുന്നത് അനന്യ ശ്രദ്ധിച്ചു. അനന്യയുടെ ഭയം ഇരട്ടിച്ചു…ഫോണിൽ വിളിച്ചവർ ഏതു നിമിഷവും എത്തിയേക്കാം…തന്നെ കടന്ന് പിടിക്കാം…എവിടേക്കെങ്കിലും കൊണ്ടു പോകാം… എന്തും സംഭവിക്കാവുന്ന നിമിഷങ്ങൾ…
ഭാഗ്യം അനന്യയ്ക്കൊപ്പം….
അനന്യ പേടിച്ചത് പോലെ ഒന്നും തന്നെ സംഭവിച്ചില്ല. അനന്യയുടെ സുഹൃത്ത് സ്ഥലത്ത് എത്തിച്ചേർന്നു. അനന്യ വണ്ടിയിൽ നിന്നും ഇറങ്ങി വണ്ടിക്കാരനോട് ട്രിപ് ‘എൻഡ്’ ചെയ്യാൻ പറഞ്ഞു. എന്നാൽ അയാൾ ഇതിന് തയ്യാറായില്ല. പക്ഷേ അനന്യ തന്റെ ഫോണിൽ ട്രിപ് കാൻസൽ ചെയ്തു.
ആ സമയത്ത് ഉത്തർ പ്രദേശ് പോലീസ് അതുവഴി പോയി. ഒരു വണ്ടി അസാധാരണമായി നടു റോഡിൽ അതും അസമയത്ത് നിർത്തിയിട്ടിരിക്കുന്നത് കണ്ടിട്ടും പോലീസ് പട്രോൾ ജീപ് ഒന്ന് നിർത്തിയത് പോലും ഇല്ല. നോയിഡയും, ഗ്രേറ്റർ നോയിഡയും തമ്മിൽ ബന്ധിപ്പിക്കുന്ന എക്സ്പ്രസ് വേ ആയിട്ട് പോലും ഒരു പോലീസോ, ഒരു പോലീസ് വണ്ടിയോ അതുവഴി പോയില്ലെന്ന് അനന്യ പറയുന്നു.
ശേഷം HR(XX)4494 എന്ന വണ്ടി നമ്പറടക്കം നൽകി യൂബറിൽ പരാതിപ്പെട്ടെങ്കിലും ആ ഡ്രൈവറെ യൂബറിൽ നിന്നും പുറത്താക്കിയെന്ന് മാത്രമാണ് അനന്യയ്ക്ക് ലഭിച്ച മറുപടി. സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടെങ്കിലും ഇപ്പോഴും ആ നടുക്കം അനന്യയെ വിട്ടുമാറിയിട്ടില്ല….
എന്തിന് അസമയത്ത് അനന്യ പുറത്ത് പോയി…അതും ഒറ്റയ്ക്ക്…അവൽ ‘അൽപ്പ’ വസ്ത്രധാരിയായിരുന്നിരിക്കും, അതാണ് വണ്ടിക്കാരനെ ‘പ്രകോപിപ്പിച്ചത്’, തുടങ്ങി നിരവധി വിമർശനങ്ങൾ അനന്യ നേരിട്ടിരിക്കാം..പക്ഷേ ഒറ്റയ്ക്ക് സഞ്ചരിക്കുന്നതോ, ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതും ഒന്നും സ്ത്രീയെ അക്രമിക്കുന്നതിന് ഒരു കാരണമല്ല എന്ന് എന്നാണ് നമ്മുടെ ജനത പഠിക്കുക ?
ananya story traveling uber alone
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here