സൂര്യനെല്ലിയിൽ അച്ചൻ മകനെ വെടിവച്ച് കൊന്നു

ഇടുക്കി സൂര്യനെല്ലിയിൽ പിതാവ് മകനെ വെടിവച്ച് കൊന്നു. വെടിയേറ്റ ബിനു (29) ഗുരുതരപരുക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. സൂര്യനെല്ലിയിൽ ടാക്‌സിഡ്രൈവറാണ് ബിനു. സംഭവവുമായി ബന്ധപ്പെട്ട് ബിനുവിന്റെ പിതാവ് അച്ചൻകുഞ്ഞ് (55) നെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. കുടുംബ വഴക്കിനിടെയാണ് അച്ചൻകുഞ്ഞ് ബിനുവിനെ വെടിവച്ചത്.
ബിനുവിന്റെ അനുജൻ അനു ഏതാനും മാസം മുമ്പ് പ്രണയവിവാഹം ചെയ്തിരുന്നു. ഈ പെൺകുട്ടിയെ അച്ചൻകുഞ്ഞിന് ഇഷ്ടമില്ലായിരുന്നു. അതുകൊണ്ട് തന്നെ മിക്കവാറും ദിവസങ്ങളിൽ മദ്യപിച്ചെത്തിയ അച്ചൻകുഞ്ഞ് വീട്ടിൽ കലഹമുണ്ടാക്കിക്കൊണ്ടിരുന്നു. ശനിയാഴ്ച രാത്രിയിലും ഇയാൾ മദ്യപിച്ച് വീട്ടിലെത്തി ഭാര്യയോടും മരുമകളോടും വഴക്കിട്ടു.
അനു ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. വഴക്കിനെ എതിർത്ത ബിനുവിനെ അടുക്കളയിൽ നിന്നെടുത്ത കത്തിയുപയോഗിച്ച് അച്ചൻകുഞ്ഞ് അക്രമിക്കാൻ ശ്രമിച്ചു. ഭാര്യ കത്തി പിടിച്ചുവാങ്ങിയതോടെ അച്ചൻകുഞ്ഞ് അകത്തുചെന്ന് തോക്കെടുത്ത് ബിനുവിന് നേരെ നിറയൊഴിക്കുകയായിരുന്നു. വെടിയേറ്റ ബിനുവിനെ നാട്ടുകാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here