നടിയെ ആക്രമിച്ച കേസ്; മുഖ്യ ആസൂത്രകൻ ദിലീപ്, ജാമ്യം നൽകരുതെന്നും പ്രോസിക്യൂട്ടർ

നടിയെ അക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസിൽ 11ആം പ്രതി ദിലീപിന്റെ ജാമ്യഹർജിയിലുള്ള വാദം പൂർത്തിയായി. ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി. നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തിലെ സൂത്രധാരൻ ദിലീപെന്ന് പ്രോസിക്യുഷൻ കോടതിയിൽ പറഞ്ഞു.
കേസിലെ മുഖ്യ ആസൂത്രകൻ ദിലീപ് ആണെന്നും പ്രതികളും സാക്ഷികളും സിനിമാമേഖലയിൽ പെട്ടവരായതിനാൽ പുറത്തിറങ്ങിയാൽ സ്വാധീനിക്കാനുള്ള സാധ്യത പരിഗണിച്ച് ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്.
സുനിലും ദിലീപും തമ്മിൽ അടുത്ത ബന്ധം ഉണ്ട്. ഗൂഡാലോചന നടന്നതിനും ഇരുവരുടേയും സാന്നിധ്യത്തിന് തെളിവുണ്ട്. സുനിൽ ജയിലിൽ നിന്ന് എഴുതിയ കത്തിനെക്കുറിച്ച് ദിലീപിന് അറിവുണ്ട്. സുനി കത്ത് വാട്‌സാപ്പിൽ ദിലീപിന്റെ മാനേജർ അപ്പുണ്ണിക്ക് കത്ത് അയച്ചതിന് തെളിവുണ്ട്. കത്ത് വാട്‌സാപ്പിൽ ലഭിച്ച് നാലു ദിവസം കഴിഞ്ഞാണ് ദിലീപ് ഭീഷണി ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഡിജിപിയ്ക്ക് പരാതി നൽകിയതെന്നും പ്രോസിക്യൂട്ടർ പറഞ്ഞു.
കേസിലെ പ്രധാന തെളിവായ നടിയുടെ ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈൽ ഫോൺ ഇനിയും കണ്ടെത്താനാവാത്തതും ദിലീപിന് ഇപ്പോൾ ജാമ്യം അനുവദിക്കരുതെന്ന വാദത്തിന് കാരണമായി പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. മുദ്രവെച്ച കവറിൽ കേസ് ഡയറിയും ഹാജരാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here