ചിത്രയെ പുറത്താക്കിയ നടപടിയിൽ കേന്ദ്രം വിശദീകരണം നൽകണമെന്ന് ഹൈക്കോടതി

ലോക അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കാനുള്ള ടീമിൽനിന്ന് പുറത്താക്കപ്പെട്ട മലയാളി താരം പിയു ചിത്ര നൽകിയ ഹരജിയിൽ കേന്ദ്ര സർക്കാർ ഇന്ന് വിശദീകരണം നൽകണമെന്ന് ഹൈക്കോടതി. കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവെ ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷനോട് ഹൈക്കോടതി വിശദീകരണം തേടുകയും ഇ മെയിലിലൂടെയോ ഫാക്‌സ് മുഖേനയോ മറുപടി നൽകാൻ നിർദേശിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇന്നലെ ഹർജി പരിഗണനയ്‌ക്കെടുത്തപ്പോൾ ഫെഡറേഷൻ അധികൃതർ നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഹാജരായി വിശദീകരണം നൽകിയില്ല. ഇതിനെതുടർന്നാണ് ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് വിശദീകരണം നൽകാൻ ഉത്തരവിട്ടത്.
ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷനിൽ സർക്കാരിന്റെ പങ്കാളിത്തമെന്താണ്, ഫെഡറേഷന് ഫണ്ട് ലഭിക്കുന്നതെങ്ങനെയാണ്, മത്സരത്തിൽ പങ്കെടുക്കുന്ന കായിക താരങ്ങൾക്ക് സർക്കാർ ഫണ്ട് ചെലവഴിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ വിശദീകരിക്കാനാണ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. നോട്ടിസ് നൽകിയിട്ടും ഫെഡറേഷൻ ഹാജരാകാത്തതിന്റെ കാരണം അറിയിക്കാനും കേന്ദ്ര സർക്കാരിനോടു നിർദേശിച്ചിട്ടുണ്ട്. ഹരജി ഇന്ന് വീണ്ടും പരിഗണിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here