വ്യാജ രേഖകൾ നിർമ്മിച്ചു; സെൻകുമാറിനെതിരെ വിജിലൻസ് കേസ് എടുക്കും

സെൻകുമാറിന് നിയമക്കുരുക്കുകൾ മുറുകുന്നു. വ്യാജരേഖയുണ്ടാക്കി സാമ്പത്തിക നേട്ടമുണ്ടാക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സെൻകുമാറിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കാൻ ഒരുങ്ങി വിജിലൻസ്.
എട്ടുമാസം മെഡിക്കൽ അവധിയിലായിരുന്നുവെന്ന നിലയിൽ വ്യാജ രേഖയുണ്ടാക്കി എട്ട് ലക്ഷം രൂപ സർക്കാരിൽനിന്ന് തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നാണ് സെൻകുമാറിനെതിരെ ഉയർന്നിരിക്കുന്ന പരാതി.
വിജിലൻസ് പ്രാഥമിക പരിശോധനയിൽ വ്യാജ രേഖ ചമച്ചതായി കണ്ടെത്തിയതിനെ തുടർന്ന് നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറി നളിനി നെറ്റോ ശുപാർശ ചെയ്തിരുന്നു. തുടർനടപടിയ്ക്ക് മുഖ്യമന്ത്രി നിർദ്ദേശിക്കുകയും ചെയ്തു.
കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയ്ക്ക് നേരെ മോശം പരാമർശം നടത്തിയതിൽ വിമൻ കളക്ടീവ് ഇൻ സിനിമ നൽകിയ പരാതിയിൽ സെൻകുമാറിനെതിരെ അന്വേഷണം നടന്നുവരികയാണ്.
2016 ജൂണിൽ സെൻകുമാറിനെ പോലീസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. തുടർന്ന് അവധിയിൽ പോയ സെൻകുമാർ നിയമ പോരാട്ടത്തിലൂടെയാണ് പോലീസ് മേധാവിയായി തിരിച്ചെത്തിയത്.
പകുതി ശമ്പളത്തിൽ അവധി കഴിഞ്ഞ് മടങ്ങിയെത്തിയ സെൻകുമാർ മുഴുവൻ ശമ്പള മെഡിക്കൽ അവധി ആവശ്യപ്പെട്ട് രേഖകൾ സമർപ്പിക്കുകയായിരുന്നു. ഇതാണ് വ്യാജമെന്ന് കണ്ടെത്തിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here